ളർത്തുമൃഗങ്ങളുടെ കൂട്ടത്തിൽത്തന്നെ ഏറ്റവുമധികം ആരാധകരുള്ള ജീവികളാണ് പൂച്ചകൾ. ഓമനത്തം തുളുമ്പുന്ന മുഖവും പതുങ്ങിപ്പതുങ്ങിയുള്ള നടത്തവുമെല്ലാമാണ് ഇവരെ മനുഷ്യർക്ക് പ്രിയപ്പെട്ടവരാക്കുന്നത്. വേണമെങ്കിൽ പാട്ടുപാടാനും നൃത്തം ചെയ്യാനുമെല്ലാം ഒരു മടിയുമില്ല ഇക്കൂട്ടർക്ക്. അത് തെളിയിക്കുന്നൊരു വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പാട്ടിന്റെ താളത്തിനൊത്ത് ഒരാൾ തലയാട്ടുമ്പോൾ അത് കേട്ട് അടുത്ത പൂച്ചക്കുട്ടിയും ഓടിയെത്തുന്നത് വീഡിയോയിൽ കാണാം. പിന്നെ രണ്ടാളും കൂടിച്ചേർന്നുള്ള ചുവടുവെയ്പ്പായി. പാട്ടിനൊത്ത് തലയാട്ടി കാലിളക്കുന്ന പൂച്ചക്കുട്ടികളുടെ കാഴ്ച തന്നെ വളരെ സുന്ദരമാണ്.

വെൽകം ടു നേച്ചറെന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. 41,000-ലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. നൃത്തച്ചുവടുകളും താളവുമെല്ലാം കൊള്ളാമല്ലോയെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിലേറെയും.

Content Highlights: Video of cats dancing on the beat goes viral