നുഷ്യർ ചെയ്യുന്നതെന്തും അതേപടി അനുകരിക്കാൻ ശ്രമിക്കുന്നവരാണ് വളർത്തുമൃഗങ്ങൾ. അതിപ്പോൾ ബാത്ത്ടബ്ബിൽ കുളിക്കുന്നതാണെങ്കിലും പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണെങ്കിലും ഇവർക്കൊരു മടിയുമില്ല. പൂച്ചകളാണ് ഇക്കാര്യത്തിൽ മറ്റ് മൃഗങ്ങളെക്കാൾ മിടുക്കർ. അതുറപ്പിക്കുന്ന വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പാട്ടിലും ഡാൻസിലുമൊന്നുമല്ല 'ക്രാഫിറ്റി'ലാണ് ഇത്തവണ ആശാൻ കൈവച്ചിരിക്കുന്നത്.

ഒരു മൺപാത്രം നിർമിക്കുന്ന വ്യക്തിയ്ക്ക് മുന്നിൽ അത് നോക്കിയിരിക്കുന്ന പൂച്ചക്കുട്ടിയാണ് ഈ വീഡിയോയിലെ താരം. അൽപനേരം പാത്രം നിർമിക്കുന്ന രീതിയെല്ലാം നോക്കിയിരുന്നതിന്റെ അടുത്ത നിമിഷം മൺപാത്ര നിർമാണത്തിൽ ഒരുകൈ പരീക്ഷിക്കുകയാണ് പൂച്ച. കറങ്ങുന്ന ചക്രത്തിന് മുകളിലിരിക്കുന്ന കളിമൺ പാത്രത്തിൽ തന്റെ കുഞ്ഞൻ കൈ കൊണ്ട് ചെറുതായി തൊട്ട്, ഫിനിഷിങ് വരുത്തുകയാണ് പൂച്ചക്കുട്ടി. പൂച്ചക്കുട്ടിയുടെ ഈ പ്രവർത്തി കടയുടമയെ വല്ലാതെ അൽഭുതപ്പെടുത്തുന്നുണ്ടെന്നും വീഡിയോയിൽ കാണാം.

 

വെൽകം ടു നേച്ചറെന്ന ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ വീഡിയോ ഒരു ലക്ഷത്തിലധികം ആൾക്കാരാണ് കണ്ടുകഴിഞ്ഞത്. 'പോട്ടറി'യെന്ന (pawtery) അടിക്കുറിപ്പോടെയാണ് 19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പൂച്ചയുടെ കൈകളെന്ന് ഇംഗ്ലീഷിൽ അർഥം വരുന്ന 'പോ'യും മൺപാത്രനിർമാണമെന്ന് ഇംഗ്ലീഷ് അർഥം വരുന്ന 'പോട്ടറി'യും ചേർത്തുണ്ടാക്കിയ വാക്കാണിത്. ''നാളെ സ്വയം താഴെയിട്ട് പൊട്ടിക്കാൻ പോകുന്ന പാത്രം സ്നേഹത്തോടെ നിർമിക്കുന്ന പൂച്ച''യെന്നും ''എത്ര മനോഹരമാണിതെ''ന്നും തുടങ്ങി വളരെ രസകരമായ കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

Content Highlights: Video of cat doing pottery goes viral