കുടത്തിലെ വെള്ളത്തില്‍ കല്ലിട്ട് ദാഹം തീര്‍ത്ത ബുദ്ധിയുള്ള കാക്കയുടെ കഥ കൂട്ടുകാരെല്ലാം കേട്ടിട്ടുണ്ടാകുമല്ലോ? അന്ന് കൂട്ടുകാര്‍ കേട്ട കഥ ഇപ്പോഴിതാ യഥാര്‍ഥത്തില്‍ സംഭവിച്ചിരിക്കുകയാണ്. പക്ഷേ കാക്കയും കുടവും ഒന്നുമല്ല, വണ്ണാത്തിപ്പുള്ളും ഒരു കുപ്പി വെള്ളവുമാണ് ഇത്തവണ താരങ്ങള്‍. 

റോഡിന് നടുവിലിരിക്കുന്ന ഒരു കുപ്പി വെള്ളം കുടിച്ച് സ്വന്തം ദാഹം തീര്‍ക്കാന്‍ ശ്രമിക്കുകയാണ് വണ്ണാത്തിപ്പുള്ള്. പക്ഷേ തന്റെ കൊക്ക് കുപ്പിയിലെ വെള്ളത്തിനടുത്തേക്ക് എത്തില്ലെന്ന് ഉറപ്പായപ്പോള്‍ സമീപത്ത് നിന്ന് ഒരു കല്ലെടുത്ത് കുപ്പിക്കുള്ളിലിട്ട് ഭാഗ്യപരീക്ഷണം നടത്തുകയാണ് കുഞ്ഞിക്കിളി. ഓരോ തവണ കല്ലിടുമ്പോഴും ഉയര്‍ന്നു വരുന്ന വെള്ളം അപ്പോള്‍ത്തന്നെ കുടിക്കുന്നുമുണ്ട് ഈ പക്ഷി.

 'ആര്‍ക്കിമിഡീസ് തത്വം മനസ്സിലാക്കിയ പക്ഷി, വളരെ ബുദ്ധിയുള്ള മിടുക്കിയായ പക്ഷി'യെന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോ കണ്ട് പലരും അത്ഭുതപ്പെട്ടിരിക്കുകയാണ്. വളരെ അനായാസമായാണ് ഓരോ കല്ലുകളും കുപ്പിക്കുള്ളിലേക്ക് ഈ കുഞ്ഞു പക്ഷിയിടുന്നതെന്ന് 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. പക്ഷിയുടെ ബുദ്ധിയെ പുകഴ്ത്തുകയാണ് പലരും. 

ഇംഗ്ലീഷില്‍ ഓറിയന്റല്‍ മാഗ്‌പൈ റോബിനെന്ന പേരിലറിയപ്പെടുന്ന പക്ഷികളാണ് വണ്ണാത്തിപ്പുള്ളുകള്‍. പ്രധാനമായും ചെറുപുഴുക്കളേയും പ്രാണികളേയും ഭക്ഷണമാക്കുന്ന ഇവ പഴവര്‍ഗങ്ങളും അകത്താക്കാറുണ്ട്. ജനുവരി മുതല്‍ ജൂണ്‍ വരെയാണ് ഇവയുടെ പ്രജനന കാലം. കൃഷിയിടങ്ങളിലും പൂന്തോട്ടങ്ങളിലും മറ്റുമാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. 

Content Highlights: Video of a oriental magpie robin drinking water from a bottle goes viral