കോവിഡിനിടയിലും തിരഞ്ഞെടുപ്പ് ചൂടിലാണ് അമേരിക്ക. നവംബർ മൂന്നിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പ്രധാന സ്ഥാനാർഥികൾ തമ്മിൽ ആദ്യമായി നേർക്കുനേർ ഏറ്റുമുട്ടുന്ന സംവാദത്തിന്റെ (പ്രസിഡൻഷ്യൽ ഡിബേറ്റ്) ആദ്യഘട്ടം ഒഹായോയിലെ ക്ലീവ് ലാൻഡിൽ ചൊവ്വാഴ്ച നടന്നു. അമേരിക്കൻ തിരഞ്ഞെടുപ്പിനെക്കുറിച്ച് കൂടുതലറിയാം.

അമേരിക്കൻ തിരഞ്ഞെടുപ്പ് ഇങ്ങനെ

നാലു ഘട്ടങ്ങളാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ളത്. പ്രൈമറി/കോക്കസ്, ദേശീയ കൺവെൻഷൻ, പൊതുതിരഞ്ഞെടുപ്പ്, ഇലക്ടറൽ കോളേജ്.

1. പ്രൈമറി/കോക്കസ് (ഫെബ്രുവരി-ജൂൺ)

i) ഇരുപാർട്ടിയിൽനിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ താത്‌പര്യമുള്ളവർ മുന്നോട്ടുവരുന്നു. പാർട്ടി അംഗങ്ങൾക്കുമുന്നിൽ ഓരോരുത്തരും തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള പാർട്ടി അംഗങ്ങളുടെ പിന്തുണ നേടാനായി പ്രചാരണം നടത്തുന്നു. തങ്ങളുടെ ആശയങ്ങളെയും നയങ്ങളെയും പാർട്ടി മെമ്പർമാരെയും ജനങ്ങളെയും ബോധ്യപ്പെടുത്തുന്നു.

ii) കോക്കസ്-ചർച്ചയിലൂടെയും വോട്ടെടുപ്പിലൂടെയും പാർട്ടി അംഗങ്ങൾ തങ്ങൾ പിന്താങ്ങുന്ന സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നു.

ii) രഹസ്യ വോട്ടെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്ന രീതിയെ പ്രൈമറി എന്നു പറയുന്നു.

2. ദേശീയ കൺവെൻഷൻ (ഓഗസ്റ്റ്)

പ്രസിഡന്റ് സ്ഥാനാർഥിയെ അന്തിമമായി തീരുമാനിക്കാൻ ഓരോ പാർട്ടിയും ദേശീയ കൺവെൻഷൻ വിളിക്കുന്നു. കൺവെൻഷനുകളിൽവെച്ച് പ്രസിഡന്റ് സ്ഥാനാർഥി വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നു.

ii) സംവാദം (പ്രസിഡൻഷ്യൽ ഡിബേറ്റ്)

പാർട്ടികൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടം ഇവിടെ തുടങ്ങുന്നു. രണ്ടു സ്ഥാനാർഥികളും തങ്ങളുടെ ആശയങ്ങളും നയങ്ങളും സംവാദത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നു. ആരോപണങ്ങളും വീഴ്ചകളുമെല്ലാം സംവാദത്തിൽ ചർച്ചയാകും. സെപ്റ്റംബർ 29-നായിരുന്നു ആദ്യ സംവാദം. ഒക്ടോബർ 15, 22 തീയതികളിൽ രണ്ടു സംവാദങ്ങൾകൂടി നടക്കും.

3. പൊതുതിരഞ്ഞെടുപ്പ് (നവംബർ മൂന്ന്)

പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കാൻ ജനങ്ങൾ വോട്ടുചെയ്യുന്നു. എന്നാൽ, ഇവർക്ക് നേരിട്ടല്ല. അവരെ പ്രതിനിധാനംചെയ്യുന്ന ഇലക്ടർമാർക്കാണ് വോട്ടർമാർ വോട്ടുചെയ്യേണ്ടത്.

4. ഇലക്ടറൽ കോളേജ്

ഇലക്ടറൽ കോളേജിൽ അമേരിക്കയിലെ ഓരോ സംസ്ഥാനത്തെയും പ്രതിനിധാനം ചെയ്ത് നിശ്ചിത എണ്ണം (കോൺഗ്രസിലെ അവരുടെ എണ്ണം അനുസരിച്ച്) ഇലക്ടർമാരുണ്ടാകും. 50 സംസ്ഥാനത്തു നിന്നായി 538 ഇലക്ടർമാരാണ് ആകെയുള്ളത്. പൊതുതിരഞ്ഞെടുപ്പിനുശേഷം ഇലക്ടർമാർക്ക് വോട്ടുചെയ്യാം. 270 അല്ലെങ്കിൽ അതിൽക്കൂടുതൽ ഇലക്ടർ വോട്ടു നേടുന്നയാൾ അമേരിക്കൻ പ്രസിഡന്റാവുന്നു.

i) സത്യപ്രതിജ്ഞ-പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും ജനുവരിയിൽ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും.

ആർക്കൊക്കെ മത്സരിക്കാം

മൂന്ന് യോഗ്യതയുള്ളവർക്ക് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള അപേക്ഷ നൽകാം.

1) 35 വയസ്സ് പൂർത്തിയായിരിക്കണം,

2) മാതാപിതാക്കളിലൊരാൾക്കെങ്കിലും അമേരിക്കൻ പൗരത്വം

3) 14 വർഷമെങ്കിലും അമേരിക്കയിൽ സ്ഥിരതാമസം

ഒരാൾക്ക് രണ്ടുതവണമാത്രമേ പ്രസിഡന്റാവാൻ അമേരിക്കൻ നിയമം അനുമതി നൽകുന്നുള്ളൂ.

ഇത്തവണ പോരാട്ടം ആരുതമ്മിൽ

പ്രധാനമായും രണ്ടു പാർട്ടികളാണ് അമേരിക്കയിലുള്ളത് റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും. നിലവിലെ പ്രസിഡന്റായ ഡൊണാൾഡ് ട്രംപാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി. മുൻ വൈസ് പ്രസിഡന്റ് കൂടിയായ ജോ ബൈഡനാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി.

റിപ്പബ്ലിക്കൻ പാർട്ടി

ഡൊണാൾഡ് ട്രംപ് (74) - പ്രസിഡന്റ് സ്ഥാനാർഥി

അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റ്. 2016-ൽ ഹില്ലരി ക്ലിന്റണെ പരാജയപ്പെടുത്തി 288 ഇലക്ടറൽ വോട്ടോടെ അധികാരത്തിലെത്തി. ടെലിവിഷൻ അവതാരകനും വൻ വ്യവസായിയുമായിരുന്നു.

മൈക്ക് പെൻസ് (61)- വൈസ് പ്രസിഡന്റ് സ്ഥാനാർഥി

48-ാമത്തെ വൈസ് പ്രസിഡന്റ്. മുഴുവൻ പേര് മൈക്കൽ റിച്ചാർഡ് പെൻസ്. ജനപ്രതിനിധിസഭയിലെ മുൻ അംഗവും ഇന്ത്യാന സംസ്ഥാനത്തെ ഗവർണറുമായിരുന്നു.

ഡെമോക്രാറ്റിക് പാർട്ടി

ജോ ബൈഡൻ (77) പ്രസിഡന്റ് സ്ഥാനാർഥി

ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന അംഗവും 2009-2017 വർഷങ്ങളിൽ വൈസ് പ്രസിഡന്റും. 1973 മുതൽ 2017 വരെ ഡെലാവെയർ സംസ്ഥാനത്തുനിന്നുള്ള സെനറ്റംഗം.

കമലാ ഹാരിസ് (55)- വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഇന്ത്യൻ വംശജയായ കമലാ ദേവി ഹാരിസ്. അമ്മ തമിഴ്നാട്ടുകാരിയായ ശ്യാമള ഗോപാലൻ, അച്ഛൻ ജമൈക്കൻ പൗരൻ ഡൊണാൾഡ് ഹാരിസ്. അഭിഭാഷക. 2017 മുതൽ കാലിഫോർണിയയിൽനിന്നുള്ള സെനറ്റംഗം.

Content Highlights: US presidential election stages, Major parties and candidates in US election