ഞങ്ങളുടെ പിന്നിൽനിന്ന് കേട്ട ശബ്ദങ്ങളിൽനിന്ന് എനിക്കാളെ പിടികിട്ടി : കരടി! കരടിയാണ് വരുന്നത്. ഞങ്ങൾ രണ്ടുപേരും വേഗത്തിൽ അവിടെനിന്നും മയിലുകൾ നിന്നിരുന്ന ഭാഗത്തേക്ക് നടന്നു. അവിടെ വളർന്നു നിന്നിരുന്ന ചെറുമരങ്ങളുടെ ഇടയിലുള്ള കാട്ടുപൊന്തയിൽ മറഞ്ഞിരുന്നു. പിന്നെ ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി.
ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു വലിയ കരടി പുറത്തുവന്നു. അത് അവിടെ നിന്നുകൊണ്ട് നാലുപാടും മണംപിടിച്ചു. കരടികളുടെ മണംപിടിക്കാനുള്ള കഴിവ് അപാരമാണ്. എന്നാൽ കാഴ്ചശക്തി അത്ര നന്നല്ല. ഞങ്ങളുടെ ഗന്ധം കരടിക്ക് കിട്ടിക്കാണുമോ ? കരടി നിന്ന സ്ഥലത്തുനിന്ന് കുറച്ചു മുന്നോട്ട് വന്നു. അവിടെ കിടന്നിരുന്ന പാറകൾ രണ്ട് കൈകളും ഉപയോഗിച്ച് മറിച്ചിട്ടു. അതിനിടയിലെ വണ്ടുകളെയും മറ്റ് കീടങ്ങളെയും തിന്നു. അതിനുശേഷം അടുത്ത പാറക്കല്ലിനരികിലേക്ക് നീങ്ങി. പിന്നീട് അതിനടുത്ത കല്ലിലേക്ക്. അതങ്ങനെ തുടർന്നു. ഇത്തരം കാഴ്ച ഞാൻ പറമ്പിക്കുളം കടുവസങ്കേതത്തിൽ ഒരു കാട്ടുയാത്രയിൽ കണ്ടിട്ടുണ്ട്.
അന്നവിടെ വലിയ കരടിക്കൊപ്പം ഒരു കുട്ടിക്കരടിയും ഉണ്ടായിരുന്നു. അമ്മക്കരടി കല്ലുകൾ മറിച്ചിടുമ്പോൾ കരടിക്കുഞ്ഞ് വേഗത്തിൽ അതിനടിയിൽ കാണപ്പെടുന്ന കീടങ്ങളെ ഭക്ഷിച്ചുകൊണ്ടിരുന്നു. കരടിയുടെ ആഹാരത്തിൽ പഴങ്ങൾ, കായ്കൾ, വണ്ടുകൾ, ചിതൽ, ഉറുമ്പ്, തേൻ എന്നിവയൊക്കെപ്പെടും. കാട്ടിൽ ഓരോ കാലാവസ്ഥയിലും കിട്ടുന്നവയൊക്കെ കരടികൾ ഭക്ഷിക്കും. കണിക്കൊന്നയുടെ കായ നല്ല മൂപ്പെത്തി ഉണങ്ങിയാൽ വലിയ ഇഷ്ടമാണ്.
ഇപ്പോൾ ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന കരടി, ഒരു കല്ല് മറിച്ചിട്ട് അതിനിടയിൽ മാന്തിപ്പൊളിക്കുന്ന ശബ്ദങ്ങൾ കേട്ടു. മണ്ണും ചെടിയും അവിടെ തെറിച്ചുവീഴുന്നതിനിടയിൽ ഒരു കാട്ടുകോഴിയും ഏതാനും പക്ഷികളും അവിടെയെത്തി. കരടിയുടെ പിന്നിലേക്ക് തെറിച്ചുവീഴുന്ന മണ്ണിൽനിന്ന് അവ ചിതലിനെയോ മറ്റോ ആഹാരമാക്കുന്നത് കണ്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ കരടി തലയുയർത്തി ചുറ്റിനും ഒന്ന് നോക്കിയതിനുശേഷം മുന്നിലെ മുൾക്കാടിനടിയിലൂടെ നടന്ന് മറഞ്ഞു. അതോടൊപ്പം കാട്ടുകോഴിയും പക്ഷികളും സ്ഥലം വിട്ടു.
ഞങ്ങൾ മറവിൽനിന്ന് എഴുന്നേറ്റ് വീണ്ടും നടന്നുതുടങ്ങി. ഇപ്പോൾ വലിയ വലിയ മരങ്ങൾ കണ്ടുതുടങ്ങി. കൂടാതെ ആനപ്പിണ്ടങ്ങളും. ആന ആ സ്ഥലത്തെവിടെയോ ഉണ്ടെന്നാണ് അതിനർഥം. ആനയുടെ എതിർഭാഗത്തുനിന്നാണ് കാറ്റ് വീശുന്നത്. ഞങ്ങളുടെ ഗന്ധം ആനയ്ക്ക് കിട്ടുവാൻ സാധ്യതയില്ല. നാലുപാടും സൂക്ഷിച്ചുനോക്കിയിട്ടായിരുന്നു ഞങ്ങൾ സഞ്ചരിച്ചത്. അതിനിടയിൽ ഒരുകൂട്ടം പുള്ളിമാനുകൾ മൂന്നിലൂടെ ഓടിമറയുന്നത് കണ്ടു. അവ ഞങ്ങളെ കണ്ടുകാണില്ല.
തൊട്ടടുത്ത മരച്ചില്ലയിലിരുന്ന് ഒരു ഓന്ത് ഗൗരവത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അതിനിടയ്ക്ക് തല വശങ്ങളിലേക്ക് വെട്ടിക്കുന്നതും മുൻകരങ്ങൾ ചില്ലയിൽ അമർത്തിപ്പിടിച്ച് ഉയരുവാൻ ശ്രമിക്കുന്നതും കണ്ടു. വെയിൽ കായലും പ്രാണികളെ പിടിക്കലുമൊക്കെയാണ് അതിന്റെ പണി. കുറച്ചുകൂടി ചെന്നപ്പോൾ നല്ലൊരു കാട്ടുപൂവൻകോഴി ഉണങ്ങിയ ആനപ്പിണ്ടം ചിക്കിത്തിരയുന്നു. ആ പിണ്ടങ്ങളിലെ പുഴുക്കളെയും വണ്ടിനെയുമൊക്കെ ഇതുപോലെ കരടികൾക്കും ഇഷ്ടമാണ്. ഈ പൂവൻകോഴിക്ക് നല്ല അങ്കവാലും മുത്തുകൾ തൂക്കിയിട്ടപോലെയുള്ള തൂവലുകളുമുണ്ട്. ഞങ്ങളെ കണ്ടതും അത് ഉറക്കെ ശബ്ദിച്ചുകൊണ്ട് പറന്നുപോയി. അതിനെത്തുടർന്ന് ഒരു മലയണ്ണാൻ എവിടെയോ ഇരുന്ന് കാട്ടിലെ കൂട്ടുകാർക്കെല്ലാം 'അപകടം വരുന്നേ' എന്നപോലെ ഉറക്കെ ശബ്ദിക്കാനാരംഭിച്ചു.
ഞങ്ങൾ കുറേനേരം അതിന്റെ ശബ്ദം നിലയ്ക്കുവാനായി കാത്തുനിന്നതിനുശേഷമാണ് വീണ്ടും നടന്നുതുടങ്ങിയത്. ഇപ്പോൾ നല്ല നിഴലുകൾ വീഴ്ത്തുന്ന വലിയ മരങ്ങൾ തലയുയർത്തി നിൽക്കുന്നത് കാണാം. ഇത്തരം മരത്തണലുകളിൽ ആനക്കൂട്ടങ്ങൾ വിശ്രമിക്കുന്നത് കാണാം. ചിലപ്പോൾ അവ കിടന്നുറങ്ങാറുമുണ്ട്. ഞങ്ങൾ ആ ഭാഗത്തുകൂടി സഞ്ചരിച്ചത് കരുതലോടെയായിരുന്നു. കാട്ടിലെ ജീവികളുടെ സ്വെെര ജീവിതത്തിന് നമ്മൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കരുതല്ലോ. അവയൊക്കെ അവയുടെ കാടെന്ന വീട്ടിൽ സർവസ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെ.
എവിടെയോ ഒരു ആനയുടെ അലർച്ച കേട്ടു. അടുത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ നോക്കിനിന്ന് അവയെ പഠിക്കുന്നത് എനിക്കിഷ്ടമാണ്. ഓരോ തവണയും അവയുടെ സ്വഭാവത്തിൽനിന്ന് പുതിയതെന്തെങ്കിലും കണ്ടെത്താനാവും. ഓരോ കാട്ടുജീവികളും നമ്മെ ഓരോ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. വലിയ മരങ്ങൾ നിറഞ്ഞ അവിടമാകെ മായികമായ എന്തൊക്കെയോ ഉണ്ടെന്ന ഒരു തോന്നൽ മനസ്സിലുണ്ട്. ചിലപ്പോൾ വലിയ മരശാഖകളിൽ പുള്ളിപ്പുലികൾ മയങ്ങുന്നുണ്ടാവും. കഴുകന്മാർ നിശ്ചലമായി ഇരിക്കുന്നത് കാണാം. ഉണങ്ങിയ ഇലകളുടെ ശബ്ദത്തിനൊപ്പം ഒരു കരടി ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. വീണ്ടും കരടി! ഞങ്ങൾ അതിനുമുന്നിൽ നിശ്ചലരായി നിന്നു.
ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചത്
Content highlights :uncle in jungle coloumn by n a naseer about wildlife experiences