മ്മുടെ വീടിന്റെ ചുറ്റുവട്ടത്തുള്ള മരങ്ങളിലെല്ലാം കാണാറുള്ള ഒരു ജീവിയാണ് അണ്ണാൻ. ചെറുതാണെങ്കിലും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ അസാമാന്യ കഴിവാണ് ഇവയ്ക്ക്. അതുപോലെ കാണാൻ നല്ല ഭംഗിയുമാണ്. അണ്ണാന്മാരിൽ തന്നെ പലതരക്കാരുണ്ട്. അതിലൊന്നാണ് പറക്കും അണ്ണാനുകൾ (Flying squirrel). അവരിലെത്തന്നെ മറ്റൊരു ഇനമാണ് കമ്പിളിരോമക്കാരായ പറക്കും അണ്ണാനുകൾ (Woolly flying squirrel). വളരെ അപൂർവമായേ ഇക്കൂട്ടരെ കാണുകയുള്ളൂ. അടുത്തിടെ ഹിമാലയഭാഗങ്ങളിൽ നിന്ന് ഗവേഷകർ രണ്ട് പുതിയ ഇനം കമ്പിളിരോമ അണ്ണാന്മാരെ കണ്ടെത്തിയിരുന്നു. ഹിമാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിലാണ് ഇവയുള്ളതെന്ന് ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തി.

കണ്ടെത്തിയ പുതിയ ഇനങ്ങളെ വേർതിരിച്ച് മനസിലാക്കാൻ മോർഫോളജിക്കൽ പരിശോധനകളും മോളിക്യുലാർ ഫൈലോജനെറ്റിക് വിശകലനങ്ങളും നടത്തി. പുതിയ കണ്ടെത്തൽ ലിനിയൻ സൊസൈറ്റിയുടെ സുവോളജിക്കൽ ജേണലിൽ ആണ് പ്രസിദ്ധീകരിച്ചത്. കണ്ടെത്തിയ രണ്ട് പുതിയ ഇനങ്ങളുടെയും പേര്: ടിബറ്റൻ വൂളി ഫ്ളൈയിംഗ് സ്ക്വീരൽ, യുനാൻ വൂളി ഫ്ളൈയിംഗ് സ്ക്വീരൽ എന്നിങ്ങനെയാണ്. ഇതിൽ ടിബറ്റൻ പറക്കും അണ്ണാൻ ഇന്ത്യ, ഭൂട്ടാൻ, ടിബറ്റ് എന്നിവയുമായി വിഭജിക്കുന്ന ഹിമാലയൻ പ്രദേശങ്ങളിലാണ് വസിക്കുന്നത്. യുനാൻ പറക്കും അണ്ണാൻ തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുമാണുള്ളത്.

16,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിമാലയൻ ആവാസവ്യവസ്ഥയിലാണ് കമ്പിളിരോമ അണ്ണാനുകളെ സാധാരണയായി കാണാറുള്ളത്. മനുഷ്യന് എത്തിപ്പെടാൻ പ്രയാസമുള്ളതും ഏകാന്തവുമായ പ്രദേശമായതുകൊണ്ട് മറ്റു ഭീഷണികൾ ഇവയ്ക്കുണ്ടാകുന്നില്ല. രാത്രികാലങ്ങളിലാണ് ഇവ സജീവമാകുന്നത്. അതുപോലെ ചാരനിറത്തിലുമായതുകൊണ്ട് കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. 1888ൽ സുവോളജിസ്റ്റായ ഓൾഡ്ഫീൽഡ് തോമസ് കമ്പിളിരോമ അണ്ണാനെ ആദ്യമായി തിരിച്ചറിഞ്ഞു. 1994ൽ വീണ്ടും കണ്ടെത്തുന്നതുവരെ പറക്കുന്ന അണ്ണാനുകൾക്ക് വംശനാശം സംഭവിച്ചതായി കണക്കാക്കിയിരുന്നു. 1996ൽ ഇവയ്ക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്ന സ്ഥിരീകരണം ഉണ്ടായി.

Content highlights :two new species woolly flying squirrel found in the top of himalayas