കൊയിലാണ്ടി : നിയമസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 140 എം.എൽ.എ.മാരുടെയും അവരുടെ മണ്ഡലങ്ങളുടെയും പേരുകൾ ആയിഷ റിസയ്ക്കും, ആമിന ഐറിനും കാണാപാഠം. മഞ്ചേശ്വരംമുതൽ കോവളംവരെയുള്ള എല്ലാ എം.എൽ.എ.മാരെയും ഇരുവരും ക്രമംതെറ്റാതെ പറയും. ഇതിനിടയിൽ പുനലൂരിലോ, ചാത്തന്നൂരോ, കയ്പമംഗലത്തോ, കോഴിക്കോട് സൗത്തിലോ ആരാണ് ജയിച്ചതെന്ന് ചോദിച്ചാലും ഉത്തരം ഞൊടിയിടയിൽ ലഭിക്കും.

പ്രമുഖ കരിയർ ഗൈഡൻസ് പരിശീലകൻ ബെക്കർ കൊയിലാണ്ടിയുടെയും സാബിറയുടെയും മക്കളാണ് ഇരുവരും. കൊയിലാണ്ടി കോതമംഗലം ജി.എൽ.പി. സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാഥിയാണ് എട്ടുവയസ്സുളള ആയിഷ റിസ. ആറുവയസ്സുള്ള അനുജത്തി ആമിന ഐറിനും ഇതേ സ്കൂളിൽ യു.കെ.ജി. വിദ്യാർഥിയാണ്.

ആയിഷ റിസയും കുഞ്ഞനുജത്തി ആമിന ഐറിനും പിതാവ് ബെക്കർ കൊയിലാണ്ടിക്കും ഉമ്മ സാബിറയ്ക്കുമൊപ്പം

മഞ്ചേശ്വരം മണ്ഡലത്തിൽനിന്ന് വിജയിച്ച എ.കെ.എം. അഷറഫ് മുതൽ കോവളത്ത് നിന്നുള്ള എം. വിൻസെന്റുവരെയുള്ള പേരുകൾ തെറ്റാതെ ഇവർ പറയും. മഞ്ചേശ്വരം, കാസർകോട്, ഉദുമ എന്നിങ്ങനെ മണ്ഡലങ്ങളുടെ പേരുകൾ അനുജത്തി ആമിന ഐറിൻ പറയുമ്പോഴേക്കും അവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ ഇനീഷ്യൽസഹിതം ആയിഷ റിസ പറഞ്ഞുകഴിഞ്ഞിരിക്കും.

മെമ്മറി ടെക്നിക് മെത്തേഡിലൂടെയാണ് മക്കൾക്ക് പൊതു വിജ്ഞാനം പകർന്ന് നൽകുന്നതെന്ന് ബെക്കർ പറഞ്ഞു. ലോക രാജ്യങ്ങൾ, അവയുടെ തലസ്ഥാനങ്ങൾ, അമേരിക്കൻ പ്രസിഡന്റുമാർ, ലോകനേതാക്കൾ, വിവിധ ഭാഷകൾ, നാണയങ്ങളുടെ പേര്, മൂലകങ്ങൾ, അവയുടെ അറ്റോമിക് നമ്പറുകൾ, നദികൾ, ദേശീയപ്രസ്ഥാനം എന്നിവയിലെല്ലാം ആയിഷ റിസയുടെയും ആമിന ഐറിന്റെയും ജ്ഞാനം അപാരം.

ചോദ്യങ്ങൾ എന്തുമാകട്ടെ, ഞൊടിയിടയിൽ ഉത്തരങ്ങൾ പറയും. പുതിയ അറിവുകൾ ഒറ്റപ്രാവശ്യം കേട്ടാലോ വായിച്ചാലോ മതി ,അവരത് മനസ്സിൽ കോറിയിടും. ഒട്ടനവധി വേദികളിൽ ഈ മിടുക്കികൾ സദസ്സിൽനിന്നുയരുന്ന ചോദ്യശരങ്ങളെ പതറാതെ നേരിട്ടുണ്ട്.

തൊഴിലന്വേഷകർക്ക് പൊതുവിജ്ഞാനത്തിൽ അറിവ് പകർന്ന് നൽകുന്ന ബെക്കർ കൊയിലാണ്ടി ഒഴിവുവേളകളിലാണ് മക്കൾക്ക് ലോകവിവരങ്ങളും ചരിത്രവും സയൻസും ഗണിതവുമെല്ലാം പറഞ്ഞുകൊടുക്കുന്നത്.

Content highlights :two little girls says by heart 140 constituency and mla names video viral