പാട്ടുകേട്ടാൽ അതിനൊപ്പം ചുവടുവെയ്ക്കാത്തതായി ആരാണുള്ളത്? ഒരു സംഗീത ബാൻഡാണ് കൺമുന്നിൽ നിൽക്കുന്നതെങ്കിൽപ്പിന്നെ നമ്മൾ മുതിർന്നവർ പോലുമൊന്ന് ചുവടുവെച്ചെന്ന് വരും. അപ്പോൾപ്പിന്നെ കുട്ടികളുടെ കാര്യം പറയണോ? അങ്ങനെ സംഗീത ബാൻഡിനൊപ്പം കൂടിയ ഒരു കുരുന്നിന്റെ വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

പലതരം സംഗീതോപകരണങ്ങളുമായി സ്ട്രീറ്റ് കൺസേർട്ട് നടത്തുന്ന സംഗീതബാൻഡിനൊപ്പം കൂടുന്ന കുരുന്നിനെ വീഡിയോയിൽ കാണാം. അവർക്കൊപ്പം നൃത്തം ചെയ്യുകയും ചെറു ട്രംഫറ്റ് ഊതുകയുമെല്ലാം ചെയ്യുന്നുണ്ട് കുരുന്ന്. അവന്റെ ഈ പ്രവർത്തി ബാൻഡംഗങ്ങളും കാഴ്ചക്കാരും പ്രോൽസാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോയുടെ അവസാനം കുഞ്ഞുബാലനെ ഒരു സ്ത്രീ ബാൻഡംഗങ്ങൾക്കിടയിൽ നിന്ന് തിരികെ വിളിച്ചു കൊണ്ട് വരുമ്പോഴും ട്രംഫറ്റ് വായന തുടരുകയാണ് ഈ കുരുന്ന്. സെമൺ ബി.ആർ.എഫ്.സി ഹോപ്കിൻസെന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് 53 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളറിയിച്ചത്.

Content Highlights: Toddler joins musicians during street concert video goes viral