ഭീമാകാരമായ ശരീരവും നീണ്ട വാലുമുള്ള വമ്പൻ ജീവികൾ, ദിനോസറുകൾ എന്ന് കേൾക്കുമ്പോൾത്തന്നെ നമ്മളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന രൂപമാണിത്. ജുറാസിക് പാർക്ക് സിനിമകളിലൂടെ നമ്മുടെ മനസ്സിൽകയറിപ്പറ്റിയ, ഒരുകാലത്ത് ഭൂമിയെ മുഴവൻ അടക്കിവാണ ഈക്കൂട്ടരുടെ ഉൽഭവത്തെക്കുറിച്ച് കൗതുകകരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു സ്മാർട്ട്ഫോണിന്റെയത്ര വലിപ്പമുള്ള 'കോങ്കോനാഫോൻ കെലി' (ചെറുപ്രാണികളെ ഭക്ഷിക്കുന്നത് എന്നർഥം) എന്ന ജീവിയാണ് ദിനോസർ, ടെറോസർ ജീവികളുടെ പൂർവികരെന്നാണ് പുതിയ കണ്ടെത്തൽ.
ആഫ്രിക്കൻ ദ്വീപായ മഡഗാസ്കറിൽ നിന്ന് കണ്ടെടുത്ത ഫോസിൽ പഠനത്തിലൂടെയാണ് ഇക്കാര്യം ശാസ്ത്രജ്ഞന്മാർ ഉറപ്പിക്കുന്നത്. 23.7 കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ഇവ ദിനോസർ, ടെറോസർ വർഗങ്ങൾ ഉൾപ്പെടുന്ന ഓർണിത്തോഡിറ വിഭാഗത്തിൽപ്പെടുന്നു. കാഴ്ചയിൽ ദിനോസറുകളുടെ രൂപത്തോട് അടുത്തു നിൽക്കുന്നുമുണ്ട്. 10 സെന്റിമീറ്ററാണ് ഇവയുടെ കാലിന്റെ നീളം. 40 സെന്റിമീറ്റർ നീളമുള്ള വാലുകളാണ് മറ്റൊരു പ്രത്യേകത. ചെറുപ്രാണികളെ ഭക്ഷണമാക്കിയ ഇവ മറ്റ് ജീവികളുമായി പോരാട്ടം നടത്താത്തിരുന്നത് കൊണ്ടാകാം ഏറെക്കാലം ഭൂമിയിൽ ജീവിച്ചതെന്ന് ഫോസിൽ വിദഗ്ധർ കരുതുന്നു.
ദിനോസറുകളും ടെറോസറുകളും പൊതുവെ വലിയ ജീവികളാണ്. എങ്കിലും അവയും ഈ ജീവിയും തമ്മിലുള്ള സാമ്യങ്ങൾ ഏറെയാണ്. വിട്ടുപോയ പരിണാമത്തിന്റെ കണ്ണികൾ കൂട്ടിയിണക്കാൻ കൂടുതൽ പഠനങ്ങൾ സഹായിക്കുമെന്നുമാണ് ഫോസിൽ ഗവേഷകരുടെ അനുമാനം. അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി മാമൽസ് ഫോസിൽ ക്യുറേറ്ററായ ജോൺ ഫ്ളന്നിന്റെ നേതൃത്വത്തിൽ 1998-ൽ മഡഗാസ്കറിൽ നടത്തിയ പഠനത്തിലാണ് ഈ ഫോസിൽ കണ്ടെത്തിയത്. ഇത് സംബന്ധിക്കുന്ന പഠനങ്ങൾ നാഷണൽ അക്കാദമി ഓഫ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: Tiny dinosaur ancestor the size of a mobile phone found in Madagascar, Kongonaphon kely