പുതുവർഷം പിറന്നതോടെ ചൊവ്വ വീണ്ടും വാർത്തകളിൽ സ്ഥാനംപിടിച്ചിരിക്കുകയാണ്. ഇത്തവണ ഫെബ്രുവരിയിൽത്തന്നെ മൂന്ന് ബഹിരാകാശ പേടകങ്ങളാണ് ചൊവ്വയെ തേടി എത്തിയിരിക്കുന്നത്. ചൈനയുടെ തായ് വെൻ 1, യു.എ.ഇ.യുടെ ഹോപ്പ്, അമേരിക്കയുടെ പെഴ്സിവറൻസ്. ഇതിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഹോപ്പ് പ്രോബിന് ചൊവ്വയിലിറങ്ങാനുള്ള സംവിധാനമില്ല. കാര്യങ്ങൾ ഭംഗിയായി നടന്നാൽ ചൊവ്വാപഠനത്തിലെ പുതിയ കാൽവെപ്പുകൾ നമുക്ക് പ്രതീക്ഷിക്കാം. ഭാരതത്തിന്റെ മംഗൾയാൻ അടക്കം ആറോളം പേടകങ്ങൾ മുകളിൽനിന്നും ഏതാനും റോവറുകൾ ചൊവ്വോപരിതലത്തിൽനിന്നും ചൊവ്വാപഠനത്തെ സഹായിക്കും. അങ്ങനെ ചൊവ്വയുടെ നിഗൂഢതകൾ അനാവരണം ചെയ്യാനുള്ള മനുഷ്യന്റെ ശ്രമങ്ങൾക്ക് ഒന്നുകൂടി ആക്കം കൂടും.

ആട്ടെ, എന്തിനാണ് മനുഷ്യനിങ്ങനെ ചൊവ്വയെ ഇത്രമാത്രം അറിയാൻ ശ്രമിക്കുന്നത്. പുഷ്യരാഗക്കല്ലുപോലെയുള്ള അതിന്റെ നിറവും ഒളിഞ്ഞും തെളിഞ്ഞുമുള്ള അതിന്റെ വരവും പ്രാചീനകാലം മുതൽ മനുഷ്യന്റെ ശ്രദ്ധയാകർഷിച്ചിരുന്നു. ചൊവ്വ പ്രാചീന ഈജിപ്തുകാർക്ക് യുദ്ധദേവനായിരുന്നു. ഭാരതീയ ജ്യോതിഷികൾക്ക് പാപഗ്രഹവും. പക്ഷേ, വാനശാസ്ത്രകുതുകികൾക്കെന്നും ചൊവ്വ പ്രിയപ്പെട്ട ആകാശഗോളമായിരുന്നു. ഇതേവരെ ഏറ്റവും കൂടുതൽ ബഹിരാകാശ പേടകങ്ങൾ പഠനം നടത്തിയ ഗ്രഹം ചൊവ്വയാണ്. അവയിൽത്തന്നെ കൂടുതലും അമേരിക്കയുടേത്. അടുത്ത ദശകത്തിൽ മനുഷ്യനെ ചൊവ്വയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. അങ്ങനെയെങ്കിൽ 2050നുള്ളിൽ നമുക്കൊരു ചൊവ്വാകോളനി പ്രതീക്ഷിക്കാം.

mars

സൗരയൂഥത്തിൽ ബുധൻ കഴിഞ്ഞാൽ ഏറ്റവും ചെറിയ ഗ്രഹമാണ് ചൊവ്വ. ചുവപ്പുനിറത്തിൽ കാണാൻ കാരണം അയൺ ഓക്സൈഡിന്റെ സാന്നിധ്യമാണ്. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതം ചൊവ്വയിലാണ്. അഗാധഗർത്തങ്ങളും ധ്രുവങ്ങളിൽ ഹിമത്തൊപ്പികളുമുണ്ട്. ചൊവ്വയിൽ ഒരിക്കൽ പ്രളയജലം ഒഴുകിയതിനുള്ള തെളിവുകൾ നമുക്ക് ലഭ്യമായിട്ടുണ്ട്. നേർത്ത ഒരന്തരീക്ഷവും ചൊവ്വയ്ക്കുണ്ട്. പൊടിക്കാറ്റുകളിൽനിന്ന് രക്ഷനേടാൻ ഒരു സംവിധാനം കൂടിയുണ്ടെങ്കിൽ ഒരു ചൊവ്വാകോളനി വിദൂരസ്വപ്നമല്ല.

(ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചത്)

Content highlights :The reason of a man trying to know Mars