ലോകത്തെ 195 രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും കറൻസികളും മനഃപ്പാഠമാക്കി ലോക റെക്കോർഡ് നേടിയിരിക്കുകയാണ് പത്തു വയസുകാരി സാറ ചിപ. രാജാസ്ഥാനിലെ ബിൽവാര സ്വദേശിയായ സാറ കുടുംബവുമൊത്ത് ദുബായിലാണ് ഇപ്പോൾ താമസം. രാജ്യങ്ങളും തലസ്ഥാനങ്ങളും മാത്രം കാണാപ്പാഠമാക്കിയായിരുന്നു ആദ്യം റെക്കോർഡ് സൃഷ്ടിച്ചത്. പിന്നീട് കറൻസികളെക്കൂടി തന്റെ ഓർമയിലേക്ക് കൂട്ടിച്ചേർത്തു ഈ മിടുക്കി. ഈ വിഭാഗത്തിൽ ലോക റെക്കോഡ് സൃഷ്ടിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി കൂടിയാണ് സാറ.

സിംഗപ്പൂരിലെ ബ്രെയിൻ റൈം കൊഗ്നിറ്റീവ് സൊല്യൂഷൻസ് സ്ഥാപകനും മെന്ററുമായ സുശാന്ത് മൈസോറേക്കറിന്റെ സഹായത്തോടെയാണ് സാറ റെക്കോർഡിന്റെ വഴിയിലേക്കെത്തുന്നത്. മെമ്മറി, ക്രിയേറ്റീവ് സ്കിൽസ്, ഇന്റലിജൻസ് ടെക്നിക്കുകൾ എല്ലാം സാറയെ പരിശീലിപ്പിച്ചത് സുശാന്ത് ആയിരുന്നു. ലോക്ഡൗൺ സമയത്ത് സാറാ മെമ്മറി സ്കിൽ ക്ലാസുകളിൽ ചേരുകയായിരുന്നു. എന്നാൽ റെക്കോർഡിനുവേണ്ടി മുൻകൂട്ടി ആസൂത്രണങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് പറയുന്നു സാറയുടെ അച്ഛൻ സുനിൽ.

family of sara chhipa

തലസ്ഥാനങ്ങളുടെ പേരുകളും കറൻസികളും മനഃപ്പാഠമാക്കാനായിരുന്നു ബുദ്ധിമുട്ട് നേരിട്ടതെന്ന് പറയുന്നു സാറ. ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനിടയിൽ റെക്കോർഡ് സൃഷ്ടിക്കാനായി സമയം കണ്ടെത്തുകയും നന്നായി ഒരുങ്ങുകയും ചെയ്തുവെന്ന് അവൾ കൂട്ടിച്ചേർക്കുന്നു. ഈ താല്പര്യങ്ങൾക്കുപുറമേ ക്രിക്കറ്റിനോടും ഇഷ്ടമുണ്ട് സാറയ്ക്ക്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോനിയേയും വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിനെയും കണ്ടുമുട്ടിയ സാറയ്ക്ക് ക്രിക്കറ്റ് താരമാകണമെന്ന ആഗ്രഹം കൂടിയുണ്ട്.

Content highlights :ten year old indian girl sara chhipa create world record remebering world countries and their capitals currencies