തൃശ്ശൂർ: 29 അന്താരാഷ്ട്ര വെബിനാറുകൾ, ലോകത്തെ പ്രശസ്ത സർവകലാശാലകളിലെ ശാസ്ത്രജ്ഞന്മാരുമായുള്ള ആശയസംവാദം, ഡിജിറ്റൽ മാസികയൊരുക്കൽ... ശാസ്ത്രത്തെ സ്നേഹിക്കുന്ന ഒരുകൂട്ടം വിദ്യാർഥികൾ ഈ പ്രതിസന്ധികാലത്തെ തരണംചെയ്യുന്നത് ഇങ്ങനെയൊക്കെയാണ്. സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ 121 ശാസ്ത്രവിദ്യാർഥികൾക്കാണ് പാഠപുസ്തകങ്ങൾക്കപ്പുറം ശാസ്ത്രത്തെ അടുത്തുപരിചയപ്പെടാൻ അവസരം ലഭിച്ചിരിക്കുന്നത്.

തൃശ്ശൂർ ആസ്ഥാനമായ 'പൂർവവിദ്യാർഥി കൂട്ടായ്മ'യുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച ടെലി സയൻസ് സ്കോളർ പദ്ധതിയാണ് ഈ കുട്ടികൾക്ക് ശാസ്ത്രത്തിന്റെ വ്യത്യസ്തലോകങ്ങൾ തുറന്നുകൊടുക്കുന്നത്. ശാസ്ത്രമേഖലയിൽ തുടർപഠനം ആഗ്രഹിക്കുന്ന പ്ലസ്ടു വിദ്യാർഥികളാണ് പദ്ധതിയിൽ പങ്കാളികളാകുന്നത്.

ഓൺലൈൻ ക്ലാസുകൾക്ക് തടസ്സം വരാത്തവിധം ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്ന വെബിനാറുകളുടെ ദൈർഘ്യം ഒരുമണിക്കൂറാണ്. കേരളത്തിൽ ഉന്നതപഠനം പൂർത്തിയാക്കി ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രശസ്ത സർവകലാശാലകളിൽ ഗവേഷണം നടത്തുന്ന മലയാളി ഗവേഷകരാണ് കുട്ടികളുമായി സംവദിക്കുന്നത്. മേയ് 15-നാരംഭിച്ച വെബിനാർ പരമ്പര മെക്സിക്കോയിലെ നുയേവോ ലിയോൺ സർവകലാശാലയിലെ ഡോ. സദാശിവൻ ഷാജിയാണ് ഉദ്ഘാടനം ചെയ്തത്. ശാസ്ത്രവിഷയങ്ങളിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ വിദ്യാർഥികളാണ് ഓരോ സെഷനിലും മോഡറേറ്റർമാരാകുന്നത്.

ഓൺലൈൻ സംവാദങ്ങൾ കൂടുതൽ വിദ്യാർഥികളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഡിജിറ്റൽ മാസികയും ഇവർ ആരംഭിച്ചിട്ടുണ്ട്. സയൻസ് വിഷൻ-ടെലി സയൻസ് സ്കോളർ എന്നു പേരിട്ടിരിക്കുന്ന ഇ-മാഗസിനിൽ വിദേശത്തെ ശാസ്ത്രപ്രതിഭകളുടെ ലേഖനങ്ങൾ, വിദ്യാർഥികളുടെ ശാസ്ത്രലേഖനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. വിദ്യാർഥിയായ ആനന്ദ് വി. സുനിൽ ആണ് ഇ-മാഗസിന്റെ കവർ രൂപകല്പന ചെയ്തിരിക്കുന്നത്.

മന്ത്രി സി. രവീന്ദ്രനാഥ് മാഗസിന്റെ പ്രകാശനം നിർവഹിച്ചു. വിദ്യാർഥികളുടെ ഗവേഷണതാത്‌പര്യം വർധിപ്പിക്കുകയും അവരുടെ അറിവുകളുടെ തലം അന്താരാഷ്ട്രതലത്തിലേക്ക് വളർത്തുകയുമാണ് ടെലി സയൻസ് സ്കോളർ പദ്ധതിയുടെ ലക്ഷ്യമെന്ന് കോ-ഓർഡിനേറ്റർ ഡോ. ടി.വി. വിമൽകുമാർ അഭിപ്രായപ്പെട്ടു. ഇ-മാഗസിന്റെ ലിങ്ക്: https://online.fliphtml5.com/molqf/prqp/.

Content Highlights: Tele science Scholar program for school students