പ്രതിസന്ധിഘട്ടം വരുമ്പോൾ കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്നവരാണ് യഥാർഥ സുഹൃത്തുക്കൾ. നമ്മുടെ പോരായ്മകളെപ്പോലും മറികടക്കാൻ ഇത്തരം സൗഹൃദങ്ങൾ നമ്മെ സഹായിക്കാറുണ്ട്. അങ്ങനെ സ്വന്തം നേട്ടം നോക്കാതെ സുഹൃത്തിനെ സഹായിക്കുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലിപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്.
സ്കൂൾ തല ബാസ്കറ്റ്ബോൾ കളിക്കിടെയാണ് സംഭവം. ടീമിലെ ഏറ്റവും ചെറിയ കളിക്കാരനായ കുട്ടിക്ക് സ്കോർ ചെയ്യാൻ അവസരമൊരുക്കിയ ബാലനാണ് വീഡിയോയിലെ താരം. അമ്പതാം നമ്പർ ജഴ്സി ധരിച്ചിരുന്ന ബാലൻ തനിക്ക് സ്കോർ ചെയ്യാനുള്ള അവസരം ടീമിലെ ചെറിയ കുട്ടിക്ക് കൊടുക്കുന്നത് വീഡിയോയിൽ കാണാം.
ഒന്നിച്ച് ബോൾ ബാസ്കറ്റിലേക്ക് ഇടാൻ ശ്രമിച്ചെങ്കിലും ആദ്യശ്രമത്തിൽ പരാജയമായിരുന്നു ഫലം. എന്നാൽ രണ്ടാമതും സ്കോർ ചെയ്യാനുള്ള തന്റെ അവസരം ആ കുട്ടിക്ക് ഈ ബാലൻ കൈമാറുന്നുണ്ട്. രണ്ടാമത്തെ ശ്രമത്തിൽ രണ്ടാളും ചേർന്ന് ബോൾ ബാസ്കറ്റിൽ എത്തിക്കുന്നുമുണ്ട്. ആദ്യമായി സ്കോർ നേടിയതിന്റെ സന്തോഷത്തിൽ തുള്ളിച്ചാടുന്ന ചെറിയ കുട്ടിയെ വീഡിയോയിൽ കാണാം.
മുൻ അമേരിക്കൻ ബാസ്കറ്റ്ബോൾ താരമായ റെക്സ് ചാപ്മാനാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ആ കുട്ടിയെപ്പോലെ ആരുടെയെങ്കിലും ജീവിതത്തിലെ 50-ാം നമ്പറാകാൻ കഴിയണമെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. 45 ലക്ഷത്തിലേറെപ്പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. മറ്റൊരാളുടെ സന്തോഷത്തിനു വേണ്ടി സ്വന്തം അവസരം വിട്ടുകൊടുത്ത ബാലനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തുവന്നിരിക്കുന്നത്.
Content Highlights: Teenager helps little boy score a basket video goes viral