കഞ്ഞിക്കുഴി: അധ്യാപകർ മുന്നിട്ടിറങ്ങിയപ്പോൾ വിദ്യാർഥിനികൾക്ക് ഓൺലൈൻ പഠനം സാധ്യമായി. കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ അധ്യാപകരും മാനേജ്മെന്റും ചേർന്ന് 10 കുട്ടികൾക്ക് ടി.വി. വാങ്ങി നൽകി.

ഇതോടൊപ്പം സഹകരിക്കാൻ എസ്.ബി.ഐ. കഞ്ഞിക്കുഴി ശാഖയും സൗത്ത് ഇന്ത്യൻ ബാങ്കും എത്തിയതോടെ ആറുപേർക്കുകൂടി ടി.വി. നൽകാനായി. ഇവർ മൂന്ന് ടി.വി.വീതമാണ് നൽകിയത്.

സ്കൂളിലെ ഓരോ ക്ലാസിനും വാട്സാപ്പ് ഗ്രൂപ്പുണ്ട്. ഇതിലൂടെയാണ് ഗൃഹപാഠവും മറ്റു നോട്ടുകളും നൽകുന്നത്. വാട്സാപ്പ് ഗ്രൂപ്പിൽ വരാൻ കഴിയാത്ത കുട്ടികളെ തിരിച്ചറിഞ്ഞ ക്ലാസ് ചുമതലയുള്ള അധ്യാപകർ ഇവരുടെ പട്ടിക തയ്യാറാക്കി. പിന്നീട് അധ്യാപകസംഘം കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അർഹരായവരെ കണ്ടെത്തുകയായിരുന്നു.

സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ധന്യ, പ്രഥമാധ്യാപിക സിസ്റ്റർ ജെയ്ൻ, എസ്.ബി.ഐ. കഞ്ഞിക്കുഴി ശാഖാ മാനേജർ കെ.എസ്.കൃഷ്ണനുണ്ണി, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ലിന്റോ കെ.ആന്റണി, പി.ടി.എ. പ്രസിഡന്റ് വിനോദ് കുര്യൻ, രക്ഷാകർത്താക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Teachers provided televisions to students for online class