വടകര: 'തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തിൽ, ഞാൻ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരിൽ ഒരാളെയും വിളിക്കാതെ...'- മടപ്പള്ളി ജി.വി.എച്ച്.എസ്.എസ്. പ്രധാനാധ്യാപകൻ പ്രഭാകരൻ കുറിച്ച വാക്കുകൾ.

മണിയൂർ ഹൈസ്കൂൾ അധ്യാപകൻ ബ്രിജേഷിന്റെ പോസ്റ്റ് ഇങ്ങനെ: ' 207 പേരിൽ ഒരാൾ മാത്രം തോറ്റുപോയി... ഞങ്ങൾ അവന്റെ വീട്ടിലെത്തി... വിജയിച്ച പലരും നേടിയ ഗ്രേഡുകളേക്കാൾ ഉയർന്ന ഗ്രേഡാണ് മറ്റുവിഷയങ്ങളിൽ നീ നേടിയതെന്ന് ബോധ്യപ്പെടുത്തിയപ്പോൾ കണ്ണുകളിൽ ചെറിയ തിളക്കം... മധുരം നൽകി തിരിച്ചുവരുമ്പോൾ അവൻ ഞങ്ങൾക്കും മിഠായി തന്നു... ഒരുപക്ഷെ വിജയിച്ചാൽ വിതരണം ചെയ്യാൻ വാങ്ങിവെച്ചതായിരിക്കണം... തോറ്റുപോയവനല്ലെന്നും താനും വിജയിച്ചവനാണെന്നും ഇപ്പോൾ അവനും തോന്നിയതായിരിക്കാം...'

എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ചവരുടെയും എ പ്ലസ് നേടിയവരുടെയും ആഹ്ലാദാരവങ്ങൾക്കിടയിൽ മുങ്ങിപ്പോകുന്ന തോറ്റവരുടെ നൊമ്പരത്തെ നെഞ്ചോടു ചേർക്കുന്നതാണ് ഈ കുറിപ്പുകൾ. ജയിച്ചവരെ കാണുമ്പോൾ തോറ്റവരെവിടെ എന്ന അന്വേഷണം പ്രസക്തമാകണമെന്ന പ്രൊഫ. എം.എൻ. വിജയന്റെ വാക്കുകളുടെ ഓർമപ്പെടുത്തൽ...

നൂറുശതമാനം വിജയമെന്ന നേട്ടം ചില സ്കൂളുകൾക്ക് നഷ്ടമായത് ഒന്നോ രണ്ടോപേരുടെ തോൽവികൊണ്ടാണ്. മുമ്പൊക്കെ ഒരു സ്കൂളിൽ തോൽക്കുന്നവർ ഒട്ടേറെ പേരുണ്ടാകും. വിജയശതമാനം കൂടിയതോടെ പരാജിതർ കുറഞ്ഞു. ഇതോടെ തോൽക്കുന്നവർക്കൊരു വില്ലൻ പരിവേഷമുണ്ടായി-സ്കൂളിന്റെ നൂറുശതമാനം നഷ്ടപ്പെടുത്തിയവരെന്ന ദുഷ്പേര്. അത്തരമൊരു മനോഭാവം മാറിയെന്ന സൂചനകളാണ് സ്കൂളുകളിൽ നിന്നുള്ള വാർത്തകൾ. ആരും അവരെ മാറ്റിനിർത്തുന്നില്ല, പകരം ചേർത്തുപിടിക്കുന്നു.

Content Highlights: Teachers encouraging notes to students who failed in Exams, SSLC Results