തിരുവനന്തപുരം: കോവിഡ്കാലത്ത് മാർച്ച് 25 മുതൽ സംസ്ഥാനത്ത് ആത്മഹത്യചെയ്തത് 66 കുട്ടികൾ. പലകാരണങ്ങളാൽ ജീവനുപേക്ഷിച്ച 18 വയസ്സിൽ താഴെയുള്ളവരുടെ ഞെട്ടിപ്പിക്കുന്ന കണക്കാണിത്. കുട്ടികൾക്കിടയിൽ വർധിക്കുന്ന ആത്മഹത്യാപ്രവണത ഗുരുതരമായ സാമൂഹികപ്രശ്നമായി വളരുകയാണെന്ന് കണക്ക് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കോവിഡ് കാലത്ത് കുട്ടികളുടെ ആത്മഹത്യയ്ക്കു പ്രേരകമായത് വീട്ടിൽത്തന്നെയുള്ള ഇടപെടലുകളാണെന്നാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അമ്മയോ അച്ഛനോ വേണ്ടപ്പെട്ടവരോ കുട്ടികളുടെ നന്മ ആഗ്രഹിച്ചാണ് ഇടപെടുന്നത്. പക്ഷേ, കുട്ടികളുടെ മാനസികാവസ്ഥകൂടി ഉൾക്കൊള്ളണം.

അമ്മ വഴക്കുപറഞ്ഞു, ഗെയിം കളിക്കാൻ അനുവദിച്ചില്ല, ഫോണിൽ അശ്ലീലചിത്രം നോക്കിയതിന് വഴക്കുപറഞ്ഞു. ഇതൊക്കെ ചെറിയചെറിയ കാര്യങ്ങളായി തോന്നാം. തിരുത്തേണ്ടതുമാണ്. പക്ഷേ, ഇടപെടേണ്ടത് കുട്ടിയുടെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചുകൊണ്ടു വേണ്ടാ. ആത്മഹത്യചെയ്ത പലകേസും ഈ ഗണത്തിൽ വരുന്നു. കുട്ടികളുടെ മാനസികാവസ്ഥ ഉൾക്കൊണ്ടുള്ള തിരുത്തലാണു വേണ്ടത്. താളംതെറ്റിയ കുടുംബജീവിതം, സ്ഥിരം വഴക്ക് അങ്ങനെ ജീവനൊടുക്കിയവരുണ്ട്. സമൂഹത്തിനുമുന്നിൽ താനൊരു അവഹേളനാ പാത്രമാകുന്നു എന്ന് കുട്ടിക്ക് തോന്നുന്നു. ആ കുട്ടി ആത്മഹത്യ ചെയ്യുന്നു. കോവിഡ് കാലത്ത് സ്കൂളുകൾ അടച്ചിട്ടതോടെ കൂട്ടുകാരുമായി ഇടപഴകാനാകുന്നില്ല. ഇത് സമ്മർദമുണ്ടാക്കും.

പഠിക്കാൻ സമിതി, ഒപ്പം 'ചിരി'യും

കുട്ടികളിലെ ആത്മഹത്യയെപ്പറ്റി പഠിക്കാൻ അഗ്നിരക്ഷാസേനാ മേധാവി ഡി.ജി.പി. ആർ. ശ്രീലേഖ അധ്യക്ഷയായി സമിതിയെ നിയോഗിച്ചു. കൂടാതെ, മാനസികസംഘർഷമുള്ളവർക്ക് ആശ്വാസം പകരാൻ എസ്.പി.സി.യുടെ സഹായത്തോടെ ഫോൺ വഴി കൗൺസലിങ് നൽകുന്ന 'ചിരി' എന്ന പദ്ധതിയുമുണ്ട്.

വിട്ടുവീഴ്ച അരുത്

വിദ്യാഭ്യാസം മത്സരത്തിനല്ല, അറിവുനേടാനുള്ള ഉപാധിയാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത രക്ഷിതാക്കൾക്കും അധ്യാപകർക്കുമുണ്ട്. സമൂഹത്തിന്റെ ഭാവി കുട്ടികളുടെ കൈളിലാണ്. നാളത്തെ പൗരന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുരക്ഷിക്കേണ്ടത് സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണ്.

-മുഖ്യമന്ത്രി പിണറായി വിജയൻ

കൂടുതൽ കരുതൽവേണം

66 എന്ന കണക്ക് വലിയ ആശങ്കയുണ്ടാക്കുന്നു. വീടുകളിലെ സാഹചര്യങ്ങളും അടച്ചുപൂട്ടലുണ്ടാക്കിയ ഒറ്റപ്പെടലുമൊക്കെ കാരണങ്ങളായിരിക്കാം. കുട്ടികളുടെ കലണ്ടറിൽനിന്ന് പഠനവും പരീക്ഷയും കഴിഞ്ഞുള്ള അവധിക്കാലം നഷ്ടമായി. കൂട്ടുകാരുമായി അവർക്ക് ഇടപെടാനായില്ല. സന്തോഷവും നിരാശയുമൊന്നും സമപ്രായക്കാരുമായി പങ്കിടാനുമായില്ല. വീട്ടിൽത്തന്നെ കഴിയുന്നതിലെ ആദ്യത്തെ സന്തോഷം പിന്നീട് മടുപ്പുണ്ടാക്കിയിട്ടുണ്ടാകും. വിദ്യാലയങ്ങൾ തുറന്നാൽ എന്താകുമെന്ന ആശങ്ക, ഉത്‌കണ്ഠ എന്നിവയൊക്കെ അവരെ അസ്വസ്ഥരാക്കിയിരിക്കുമെന്നാണ് പ്രാഥമിക നിഗമനം.

-ഡോ. കെ.എ. കുമാർ, മുതിർന്ന സൈക്യാട്രിസ്റ്റ്

Content Highlights: Suicide rate among children are increasing day by day, Covid-19, lockdown