സൗത്ത് ആഫ്രിക്കയിൽ 1905 ജനുവരി 26-ന് കള്ളിനൻ (Cullinan) ഖനിയിൽ നിന്നും കണ്ടുപിടിച്ച വജ്രമാണ് ലോകത്തിലെ ഏറ്റവും വലിയ വജ്രം. ഖനിയുടെ ചെയർമാൻ ആയിരുന്ന തോമസ് കള്ളിനന്റെ സ്മരണയ്ക്കായി ഇതിന് കള്ളിനൻ വജ്രം എന്ന് പേര് കൊടുത്തു. ഈ വജ്രം ഖനനത്തിലൂടെ കിട്ടിയപ്പോൾ ഏകദേശം 10 സെന്റിമീറ്റർ നീളവും ആറ് സെന്റിമീറ്റർ വീതിയും ആറ് സെന്റിമീറ്റർ വ്യാപ്തിയുമുണ്ടായിരുന്നു. ഭാരം 3106.75 കാരറ്റ് (621 .35 ഗ്രാം).

ഖനിയിലെ ജീവക്കാരനായ ഫ്രെഡറിക് വെൽസക് ഒരു ദിവസം, മണ്ണിനടിയിൽ ഏകദേശം 18 അടിയിൽനിന്നും മിന്നൽപോലെ വെളിച്ചം കാണുകയും അത് ഖനിയുടെ ചെയർമാനെ അറിയിക്കുകയും ചെയ്തു. ഉടനെ അവിടത്തെ മണ്ണ് മാറ്റി വജ്രം കുഴിച്ചെടുത്തു. വജ്രം മുറിക്കുന്നതിൽ (ഡയമണ്ട് കട്ടിങ്) വിദഗ്ധനായ ജോസഫ് ആഷർ ഇത് മുറിച്ചു രൂപഭംഗി വരുത്തി.

ഒമ്പത് വലിയ കല്ലുകളും 100 ചെറിയ കല്ലുകളുമായും ഇത് മുറിക്കപ്പെട്ടു. തോമസ് കള്ളിനൻ ഇവയെ ദക്ഷിണാഫ്രിക്കയിലെ സർക്കാരിന് വിൽക്കുകയും പിന്നീട് സർക്കാർ ഇതിലെ വലിയ കല്ലുകൾ ബ്രിട്ടീഷ് രാജ്ഞിക്കു സമ്മാനമായി നൽകുകയും ചെയ്തു. ഇതിലെ ഏറ്റവും വലിയ കല്ല് സ്റ്റാർ ഓഫ് ആഫ്രിക്ക-1 എന്ന പേരിലും രണ്ടാമത്തെ വലിയ കല്ല് സ്റ്റാർ ഓഫ് ആഫ്രിക്ക-2 എന്ന പേരിലും അറിയപ്പെടുന്നു. ഈ വലിയ രണ്ടു വജ്രക്കല്ലുകൾ ഇപ്പോൾ ലണ്ടൻ ടവറിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്.

Content Highlights: Story about Cullinan diamond,vidya