മുട്ടിലിഴയുന്നതിന് മുൻപ് വാട്ടർ സ്കീയിങ് നടത്തി ലോക റെക്കോഡിട്ടിരിക്കുകയാണ് റിച്ച് ഹംഫ്രിസെന്ന കുരുന്ന്. വാട്ടർ സ്കീയിങ് നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ലോകറെക്കോഡാണ് അമേരിക്കയിലെ യുട്ടോ സ്വദേശിയായ ഈ കുരുന്ന് നേടിയത്. അമേരിക്കൻ തടാകമായ പവലിലാണ് ആറുമാസവും നാലുദിവസവും പ്രായമായ റിച്ച് വാട്ടർ സ്കീയിങ് ചെയ്തത്. കുട്ടിയുടെ പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ റിച്ചിന്റെ മാതാപിതാക്കളായ കേസിയും മിൻഡിയുമാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.

കൈകാലുകൾ ഉറയ്ക്കാത്തതിനാൽ കാലുകൾ കെട്ടിയ നിലയിലാണ് കുട്ടി സ്കീയിങ് ബോർഡിൽ നിൽക്കുന്നതെന്ന് വീഡിയോയിൽ കാണാം. മറ്റൊരു ബോട്ടിൽ പിതാവ് കുട്ടിയെ പിന്തുടരുന്നുമുണ്ട്. നിമിഷങ്ങൾക്കകമാണ് ഈ വീഡിയോയും ചിത്രങ്ങളും വൈറലായത്. എന്നാൽ വൈറലായ ഈ വീഡിയോയെ വിമർശിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. പേരിനും പ്രശസ്തിക്കും വേണ്ടി ചെറിയപ്രായത്തിൽത്തന്നെ കുരുന്നിന്റെ ജീവൻ അപകടത്തിലാക്കുന്ന പ്രവർത്തികൾ ചെയ്യാൻ പാടുണ്ടോയെന്നാണ് പലരും ചോദിക്കുന്നത്.

സ്കീയിങ് ചെയ്യുമ്പോൾ വേഗത്തിലുള്ള ചലനത്തിൽ കുട്ടിക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കുട്ടിയെ അപകടത്തിലാക്കാൻ ശ്രമിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസെടുക്കണമെന്നുമെല്ലാം പോകുന്നു പ്രതികരണങ്ങൾ. എന്നാൽ വീഡിയോയെ പ്രകീർത്തിച്ചും നിരവധിപ്പേർ കമെന്റുകളെഴുതിയിട്ടുണ്ട്. ആറുമാസം പത്തുദിവസം പ്രായമുണ്ടായിരുന്ന ഓബൺ അബ്ഷിറെന്ന കുട്ടിയായിരുന്നു ഇതിന് മുൻപ് വരെ ഈ റെക്കോഡിനുടമ.

Content Highlights: Six month old boy becomes the youngest person to go water skiing goes viral video