ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിനും ഭാര്യ മിറ രാജ്പുതിനും രണ്ട് മക്കളാണ്, മിഷയും സെയ്‌നും. എവിടെയും പോകാന്‍ കഴിയാതെ വീട്ടിലിരിക്കുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘട്ടനങ്ങളെക്കുറിച്ച് എഴുതിയിരിക്കുകയാണ് മിറ. ഈ ലോക്ക്ഡൗണില്‍ അടച്ചിരിക്കുന്നതിന്റെ വിഷമം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് നമ്മുടെ കുട്ടികളാണെന്നാണ് മിറ പറയുന്നത്.

വലിയൊരു കുറിപ്പ് എഴുതി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് അവര്‍. ഈ സമയത്ത് അവര്‍ വേണ്ട കരുതലുകളും സ്‌നേഹവും സാധാരണയുള്ളതിലും കുറച്ചു കൂടുതല്‍ വേണമെന്നും അവര്‍ പറയുന്നു. കുട്ടികള്‍ക്ക് വേണ്ടി എന്ന പറഞ്ഞുകൊണ്ടാണ് മിറ കുറിപ്പ് തുടങ്ങുന്നത്.

'കുട്ടികളെ ഒഴികെ മറ്റെല്ലാവരെയും എല്ലാവരും പ്രശംസിക്കുന്നത് കാണുന്നുണ്ട്. അവര്‍ ഇതുവരെ ഇങ്ങനെ അകത്ത് ഇരുന്നിട്ടുണ്ടാവില്ല, കുഞ്ഞുഹീറോസാണവര്‍. അവരുടെ ലോകം ഒന്നാകെ തലകീഴായി മറിഞ്ഞു. അവര്‍ മുന്‍പരിചയമില്ലാത്ത നിയമങ്ങള്‍. ചിന്തിച്ചിട്ടുപോലുമില്ലാത്ത ജീവിതം. കളികള്‍, കൂട്ടുകാര്‍, സ്‌കൂള്‍ പിന്നെ അവര്‍ കുട്ടികളായി ചെയ്യുന്നതെല്ലാം അവരില്‍ നിന്നും പിടിച്ചുമാറ്റപ്പെട്ടു. ആളുകള്‍ക്ക് അസുഖം വരുന്നതും മരണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളുമെല്ലാമാണ് അവര്‍ കേള്‍ക്കുന്നത്. നമ്മുടെ പാവം കുട്ടികളുടെ മനസ് ഇപ്പോള്‍ ആകെ അമ്പരിപ്പിലായിരിക്കും. എന്നും ഉറക്കത്തില്‍ നിന്നും എണീക്കുന്നു, ഇതുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നു, സംഭവിക്കുന്നതിനെ ഒന്നും ഗൗനിക്കാതെ. അതുകൊണ്ട് ഇത് ആ കുഞ്ഞു ഹീറോസിന് വേണ്ടിയാണ്, ഇന്നും നാളെയും ഇനി എന്നും അവരും ഹീറോസാണ്.' എന്നാണ് മിറ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

ഇതുകൂടാതെ കുറിപ്പിനൊപ്പം ചെറിയൊരു അടിക്കുറിപ്പും മിറ ചേര്‍ത്തിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്കായി മുതിര്‍ന്നവര്‍ക്ക് ചെയ്യാനുള്ള കാര്യങ്ങളുടെ ചെറിയൊരു ലിസ്റ്റ് പോലെയാണ് എഴുതിയിരിക്കുന്നത്. 

'അവരെ സ്‌നേഹിക്കാം. ആലിംഗനം ചെയ്യാം. അവര്‍ക്ക് എങ്ങനെയുണ്ടെന്ന് ചോദിക്കാം, വിഷമങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ കരയട്ടെ. ഉമ്മ കൊടുക്കാം. അവരോടൊപ്പം ചേര്‍ന്ന് പടങ്ങള്‍ വരയ്ക്കാം, ഭിത്തികളും അവരുടെ കുഞ്ഞു ഉടുപ്പുകളും വൃത്തിക്കേടാവട്ടെ. അവര്‍ക്ക് ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ ഒപ്പം ഇരുന്ന് കാണാം. ഇനി കുറച്ചധികം കെച്ചപ്പ് അവര്‍ ചോദിച്ചാലും കൊടുക്കാം. ഇനി വീട്ടിലെ പാത്രങ്ങള്‍ കഴുകിയും ഭക്ഷണം ഉണ്ടാക്കിയും നിങ്ങള്‍ തളര്‍ന്ന് വരുമ്പോള്‍, അമ്മേ എന്റെ കൂടെ കളിക്കുമോ എന്ന് അവര്‍ ചോദിച്ചാല്‍. ഇത്രയും ഓര്‍ക്കുക, ഇത് ശാശ്വതമല്ല. കുഞ്ഞ് കൈകളുടെ വലിയ മനസ് കാണാതെ പോകരുത്. അവര്‍ ആ സ്‌നേഹം അര്‍ഹിക്കുന്നു.'

Content Highlights: Shahid Kapoor's wife Mira rajput kapoor writes about kids during lockdown