ന്ത്യൻ കായിക പ്രേമികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ് ടെന്നീസ് താരം സാനിയ മിർസ. ഇടയ്ക്ക് ടെന്നീസിൽ നിന്ന് ഒരിടവേളയെടുത്തെങ്കിലും അമ്മയായതിന് ശേഷം കളിക്കളത്തിലേക്ക് ശക്തമായ തിരച്ചുവരവാണ് താരം നടത്തിയത്. അമ്മ സാനിയയ്ക്കും അച്ഛൻ ഷുഐബിനും പുറമേ ഇവരുടെ മകനായ ഇസാൻ മിർസാ മാലിക്കിനും ഏറെ ആരാധകരുണ്ട്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഇസാന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സാനിയ പങ്കുവെക്കാറുമുണ്ട്.

ഒരു ബോർഡിൽ ചിത്രം വരയ്ക്കുന്ന ഇസാന്റെ വീഡിയോയാണിപ്പോൾ സാനിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറേ ചോക്കുകളുമായി ഒരു ബോർഡിന്റെ മുന്നിൽ നിൽക്കുന്ന മകനെ 'എന്റെ കൊച്ചു കലാകാരൻ' എന്നാണ് സാനിയ വിളിക്കുന്നത്. ഒരു നീരാളിയെ വരയ്ക്കുമോ എന്ന സാനിയയുടെ ചോദ്യത്തിന് ഇല്ലെന്നാണ് ഇസാന്റെ മറുപടി. നീരാളിയെന്നു പറയാൻ പോലും കുരുന്ന് തയ്യാറല്ല, പക്ഷേ ദിനോസറിന്റെ പേരു പറയാനും ബോളിന്റെ ചിത്രം വരയ്ക്കാനുമൊക്കെ കുഞ്ഞു താരത്തിന് നല്ല ആവേശമാണെന്ന് വീഡിയോയിൽ കാണാം. വീഡിയോയ്ക്കൊപ്പം മനോഹരമായൊരു കുറിപ്പും അവർ പങ്കുവെച്ചിട്ടുണ്ട്.

'ടെറിബിൾ 2 എന്നാണ് പറയപ്പെടുന്നത്, എന്നാൽ അവനിതുവരെ രണ്ടുവയസു പോലുമായിട്ടില്ല. എന്നിട്ടും എല്ലാം തുടങ്ങുന്നത് 'ഇല്ല'യിൽ നിന്നാണ്. ഈ കുഞ്ഞുമനസ്സിൽ എന്താണുള്ളതെന്നത് അതിശയകരമാണ്, ഇസാൻ ചിത്രരചനയും നൃത്തവും ഇഷ്ടപ്പെടുന്നു, ഒപ്പം നല്ല ഭാവനയുമുണ്ട്, അതിനെ പ്രോൽസാഹിപ്പിക്കുകയും അവരുടെ ചിന്തയിലും പ്രവർത്തിയിലും സ്വതന്ത്രരായിരിക്കാൻ അനുവദിക്കുകയുമാണ് മാതാപിതാക്കളെന്ന നിലയിൽ ഞങ്ങൾ ചെയ്യേണ്ടത്. ഇപ്പോൾ ഒരു തത്തയെപ്പോലെയാണ് അവൻ, ഞങ്ങൾ എന്തുപറയുന്നുവോ അത് ആവർത്തിക്കുന്നു, പക്ഷേ അവനെന്താണ് പറയുന്നതെന്ന് അറിയാനും മനസ്സിലാക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്. പക്ഷേ സത്യം പറഞ്ഞാൽ അവൻ എന്നിൽ നിന്ന് പഠിക്കുന്നതിനേക്കാളേറെ ഓരോ ദിവസവും ഞാൻ അവനിൽ നിന്ന് പഠിക്കുന്നുണ്ട്. സത്യസന്ധതയും നിരുപാധിക സ്നേഹവുമെല്ലാം ആ പട്ടികയിൽ ഒന്നാമതുണ്ട്.''

2010 ഏപ്രിൽ മാസമാണ് സാനിയയും പാക് ക്രിക്കറ്റ് താരമായ ഷുഐബ് മാലിക്കും വിവാഹിതരായത്. 2018 ഒക്ടോബറിലാണ് ഇസാൻ ജനിച്ചത്.

Content Highlights: Sania mirza shares a cute video of her son izhaan mirza malik