ഭൂമുഖത്തെ ഏറ്റവും വലിയ ഉപ്പുസമതലമാണ് 'സലാർ ഡി യുയുനി'. ആയിരക്കണക്കിന് വർഷങ്ങൾ നീണ്ട ഭൗമ പ്രതിഭാസത്തിന്റെ ഫലമായി രൂപംകൊണ്ട സവിശേഷമായൊരു പ്രദേശം. സലാർ ഡി യുയുനിയുടെ വിശേഷങ്ങളിലേക്ക്...

വയസ്സ് 42,000

ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയുടെ തെക്കുപടിഞ്ഞാറുള്ള ഡാനിയേൽ കാബോസ് പ്രവിശ്യയുടെ ഭാഗമാണ് ലോകോത്തര പ്രകൃത്യദ്ഭുതമായ സലാർ ഡി യുയുനി. 10,852 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഉപ്പുസമതലം. 42,000 വർഷമാണ് സലാർ ഡി യുയുനിയുടെ പ്രായമായി ഭൗമ ശാസ്ത്രജ്ഞർ കണക്കാക്കിയിട്ടുള്ളത്. റേഡിയോ കാർബൺ ഡേറ്റിങ് ഉൾപ്പെടെയുള്ള അത്യാധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയാണ് ആ നിഗമനം.

കാഴ്ചയിൽ 'മഞ്ഞ്'

ഉപ്പുറഞ്ഞുണ്ടായ ധവളിമയാർന്ന സമതലം കാഴ്ചയിൽ മഞ്ഞാണെന്നേ തോന്നൂ. വേനൽക്കാലത്ത് ഉപ്പുപാളിക്ക് 10 മീറ്ററിലേറെ കനമുണ്ടാകും. മഴക്കാലത്താകട്ടെ അഞ്ചാൾ ആഴത്തിൽ ഉപ്പുവെള്ളം സമതലത്തിനുമീതെ കെട്ടിക്കിടക്കും. നവംബർ മുതൽ ജനുവരിവരെയാണ് വേനൽ. കൂടിയ അന്തരീക്ഷതാപം 21 ഡിഗ്രി സെൽഷ്യസ്. ശൈത്യം മൂർധന്യത്തിലെത്തുന്ന ജൂണിൽ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വരെ താഴും. ബൊളീവിയയുടെ മറ്റു പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സലാർ ഡി യുയുനിയിൽ മഴ തുലോം കുറവാണ്. സമുദ്രനിരപ്പിൽനിന്ന് 3656 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം.

അതിരിട്ട് പർവതങ്ങൾ

സലാർ ഡി യുയുനിക്ക് അതിരിട്ടെന്നോണം ചുറ്റും ഒട്ടേറെ മലനിരകളും പർവതങ്ങളുമുണ്ട്. സലാർ, യുയുനി എന്നീ രണ്ടു വാക്കുകൾ ചേർന്നതാണ് 'സലാർ ഡി യുയുനി' എന്ന നാമം. 'സലാർ' എന്നത് ഉപ്പുസമതലം എന്നർഥമുള്ള സ്പാനിഷ് വാക്കാണ്. 'യുയുനി' എന്നത് അയ്മാറ ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞ പദവും. ചുറ്റപ്പെട്ടത് എന്നാണ് അതിനർഥം. ഭൂപ്രകൃതിയിൽനിന്നാണ് പ്രദേശത്തിന്റെ പേര് രൂപംകൊണ്ടതെന്നു സാരം.

അന്തേവാസികൾ

ഉപ്പിന്റെ ലോകമാണെങ്കിലും ഏതാനും കുറ്റിച്ചെടികളൊക്കെ ഇവിടെ കാണാം. എൺപതിലേറെ ഇനം പക്ഷികളെയും വ്യത്യസ്ത സീസണുകളിലായി സലാർ ഡി യുയുനിയിൽ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷിതമായ ബ്രീഡിങ് ലൊക്കേഷൻ എന്ന നിലയിലാണ് അവ സലാർ ഡി യുയുനിയെ ഉപയോഗപ്പെടുത്തുന്നത്. മൂന്നിനം ഫ്ലെമിങ്ഗോ പക്ഷികളുടെ ലോകത്തെ ഏറ്റവും വലിയ ബ്രീഡിങ് ലൊക്കേഷനാണ് ഇവിടം. ചിലിയൻ ഫ്ലെമിങ്ഗോ, ആൻഡിയൻ ഫ്ലെമിങ്ഗോ, ജെയിംസ് ഫ്ലെമിങ്ഗോ എന്നിവയാണവ. ആൻഡിയൻ ഫോക്സ് ഉൾപ്പെടെയുള്ള ഏതാനും സസ്തനികളും ഈ ഉപ്പുസമതലത്തിലെ അന്തേവാസികളാണ്.

ആയിരം കോടി ടൺ ഉപ്പ്

ബൊളീവിയയുടെ ആകെ വിസ്തൃതിയുടെ ഒരു ശതമാനം വരും സലാർ ഡി യുയുനി. ഉപ്പ് വലിയ കൂനയായി ഇട്ടിരിക്കുന്നത് ഇവിടത്തെ മറ്റൊരു സവിശേഷകാഴ്ച. ഭൂമുഖത്തെ ഏറ്റവും വലിയ ഉപ്പുശേഖരത്തെ ഈ പ്രദേശം ഉൾക്കൊള്ളുന്നു. സലാർ ഡി യുയുനിയിൽ ആയിരം കോടി ടൺ ഉപ്പുണ്ട്. ഉപ്പുഖനനം നിർബാധം തുടർന്നുവരുന്നു. വർഷാവർഷം 25000 ടൺ ഉപ്പാണ് ഇവിടെനിന്ന് ബൊളീവിയയുടെ വിവിധ ഭാഗങ്ങളിലെ സംസ്കരണശാലകളിലേക്ക് കയറ്റിപ്പോകുന്നത്.

സഞ്ചാരികളുടെ പറുദീസ

ലാറ്റിനമേരിക്കയിലെ മുൻനിര വിനോദസഞ്ചാരകേന്ദ്രത്തിന്റെ പട്ടികയിൽ സലാർ ഡി യുയുനിയും സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വർഷാവർഷം ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ ഈ അദ്ഭുത പ്രദേശം സന്ദർശിക്കുന്നു. ആകാശവും ഭൂമിയും വേർതിരിച്ചറിയാൻ കഴിയാത്തവിധമുള്ള ദൂരക്കാഴ്ച സലാർ ഡി യുയുനിയുടെ ഏറ്റവും ആകർഷകമായ സവിശേഷതയാണ്.

ഇത്രയും വിസ്തൃതമായ മറ്റൊരു സമതലം ഭൂമിയിൽ ഉണ്ടാവില്ല. ഭൂനിരപ്പിലെ പരമാവധി ഏറ്റക്കുറച്ചിൽ ഒരു മീറ്ററിൽ താഴെ മാത്രമാണ്. പ്രകൃതിയുടെ തികച്ചും വിഭിന്നവും ദേശ-ഭാഷാ ഭേദമെന്യേ ഏവരെയും വിസ്മയിപ്പിക്കുന്നതുമായ മുഖമാണ് സലാർ ഡി യുയുനി എന്ന മഹാ ഉപ്പുസമതലം.

Content Highlights: Salar de Uyuni, the world’ s largest salt flat, Vidya