ത്ഭുതപ്പെടുത്തുന്ന പല സൃഷ്ടികളെയും ഒളിപ്പിച്ചിട്ടുള്ള പ്രകൃതി ഓരോ കാലത്തും ഓരോ അത്ഭുതങ്ങളെ നമുക്ക് കാട്ടിത്തരുന്നു. ചിത്രശലഭങ്ങൾ അത്തരത്തിലൊരു സൃഷ്ടിയാണ്. പലനിറങ്ങൾക്കൊണ്ട് അവ നമ്മെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവയുടെ കൂട്ടത്തിൽ തന്നെ പലതരക്കാരുണ്ട്. ബയോകോൺ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മസുദൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലെ ചിത്രശലഭം നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും.

ഒറ്റനോട്ടത്തിൽ ഉണങ്ങിയ ഒരു ഇലയാണെന്നേ തോന്നൂ. എടുത്തുകളയാൻ നോക്കിയാൽ അതിന് ജീവൻ വെക്കും. അപൂർവയിനം ചിത്രശലഭമാണ് വീഡിയോയിൽ. 14 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ചിത്രശലഭം ഒരു ഇലയ്ക്ക് സമാനമായി അനങ്ങാതെ കിടക്കുന്നത് കാണാം. അടുത്ത നിമിഷം ഒരാൾ അതിനെ പിടിക്കാൻ ശ്രമിക്കുകയും പെട്ടെന്ന് ചിറകുകൾ ഉയർത്തി സാധാരണ ശലഭത്തെപ്പോലെ രൂപംമാറുകയും ചെയ്യുന്നു.

ഓറഞ്ച് ഓക്ക്ലീഫ്, ഇന്ത്യൻ ഓക്ക്ലീഫ്, ഡെഡ്ലീഫ് എന്നീ പേരുകളിൽ അറിയപ്പെടുന്ന അപൂർവയിനം ചിത്രശലഭമാണിത്. ചില ഏഷ്യൻ ഭാഗങ്ങളിലും ഇന്ത്യ, ജപ്പാൻ പോലുള്ള രാജ്യങ്ങളിലുമാണ് ഇവ കാണപ്പെടാറുള്ളത്. ചിറകുകൾ ഒരു ഇലയുടെ ആകൃതിയിലേക്ക് മാറ്റി പെട്ടെന്ന് ആർക്കും പിടികൊടുക്കാതിരിക്കുന്ന കൂട്ടരാണ് ഇവർ. പ്രധാനമായും ശത്രുക്കളിൽനിന്ന് രക്ഷപ്പെടാനാണ് ഈ വിദ്യ പ്രയോഗിക്കുന്നത്. കാലാവസ്ഥയ്ക്കനുസരിച്ച് ഇവ നിറം മാറ്റിക്കൊണ്ടിരിക്കുമെന്നും ചില ട്വിറ്റർ ഉപയോക്താക്കൾ പറയുന്നു. പൂക്കളിലെ തേൻ കുടിക്കാറുണ്ടെങ്കിലും ചീഞ്ഞഴുകിയ പഴങ്ങളും ചെറിയ പ്രാണികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം.

Content highlights :rare indian oakleaf butterfly or dead leaf video in twitter viral