നുഷ്യർ വീടുകളിൽ അടച്ചിരിക്കുന്ന ലോക്ഡൗൺ കാലം പ്രകൃതിക്കും പക്ഷിമൃഗാദികൾക്കും നിർമ്മലമായ ആവാസവ്യവസ്ഥ ഒരുക്കുകയാണ്. മുമ്പ് ജനവാസമേഖലകളിൽ നിന്നകന്നു നിന്നിരുന്ന പക്ഷികൾ പലതും ലോക്ഡൗൺ ശാന്തതയിൽ ഇവിടങ്ങളിൽ കൂടുകൂട്ടുകയാണ്. പെരുമ്പാവൂർ നഗരത്തിനടുത്ത് പൂപ്പാനി വാച്ചാൽ പാടശേഖരത്തിൽ 'ചായമുണ്ടി' പക്ഷിയുടെ കൂട് കണ്ടെത്തി. പാടശേഖരങ്ങളിലും തണ്ണീർത്തടങ്ങളിലും ഇരതേടുന്നത് കാണാറുണ്ടെങ്കിലും ചായമുണ്ടിയുടെ കൂടുകൾ സാധാരണജനവാസമേഖലകളിൽ കണ്ടെത്താറില്ലെന്ന് പക്ഷിനിരീക്ഷകനായ ഡോ.ആർ.സുഗതൻ പറഞ്ഞു. ആളുകൾ വീടുകൾക്ക് പുറത്തിറങ്ങാത്തതും പരിസ്ഥിതി കൂടുതൽ സൗഹാർദപരമായതുമാകാം ഇവിടെ കൂടുകൂട്ടാൻ കാരണം.

പൊതുവേ മനുഷ്യരിൽ നിന്ന് അകലം പാലിക്കുന്ന ചായമുണ്ടി അതീവ രഹസ്യമായി, കുറ്റിക്കാടുകളിലാണു കൂടുണ്ടാക്കുക. അപൂർവമായാണ് ഇവയുടെ കൂടുകൾ കണ്ടെത്താറുളളത്. കൊക്കുകളുടെ ഇനത്തിൽപ്പെട്ട കടുംചാരനിറത്തിലുളള ഈ നീർപക്ഷിയ്ക്ക് കൊക്കുകളേക്കാൾ കുറച്ചുകൂടി വലിപ്പമുണ്ടാകും. 'പർപ്പിൾ ഹെറോൺ' എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ചായമുണ്ടിയുടെ ശാസ്ത്രീയനാമം ആർഡിയ പർപ്യുറ (Ardea purpurea) എന്നാണ്. വാച്ചാൽപാടശേഖരത്തിൽ തോടിന്റെ കരയിലെ കൈതച്ചെടികൾക്കിടയിൽ നിന്ന് ചായമുണ്ടി കുടുംബത്തിന്റെ ചിത്രം പകർത്തിയത് ഫോട്ടോഗ്രാഫറായ ക്രിസ്റ്റൽ ബിനോയ് ആണ്.

purple heron

Content highlights :purple heron bird in lockdown days create habitat in human presence