ബൂബയെ പരിചയമുണ്ടോ ? പരിചയമുണ്ടാകാൻ ഇടയില്ല. കാരണം നൂറ് വർഷമായി ബൂബയ്ക്ക് ഈ ലോകവുമായി യാതൊരു ബന്ധവും ഇല്ല. ആർക്കും ബൂബയെ പരിചയവും ഇല്ല. പരിചയപ്പെട്ട് സംസാരിച്ച് കൂട്ടുകാരനാക്കാം എന്നൊന്നും ഉദ്ദേശിച്ച് ബൂബയെ അന്വേഷിക്കേണ്ടതില്ല. കാരണം ബൂബയ്ക്ക് സംസാരിക്കാനറിയില്ല. ബൂബയെയും അവന്റെ തമാശകളെയും അറിയണമെങ്കിൽ നെറ്റ്ഫ്ളിക്സോ യൂട്യൂബോ കണ്ടാൽ മതി. കൂട്ടുകാരെയെല്ലാം രസിപ്പിക്കുന്ന ആനിമേഷൻ കാർട്ടൂൺ പരമ്പരയാണ് ബൂബ (Booba). സംഭാഷണങ്ങളൊന്നും ഇല്ല എന്നതാണ് കാർട്ടൂണിന്റെ പ്രത്യേകത. മൂന്ന് സീസണുകൾ ആണ് ഇതുവരെ പുറത്തുവന്നത്. നാലാം സീസൺ നിർമാണം ആരംഭിച്ചുവെന്നും വാർത്തകളുണ്ട്.

വെളുത്തുനരച്ച താടിയാണെങ്കിലും അഞ്ച് വയസുകാരന്റെ കുസൃതിയുണ്ട് ബൂബയ്ക്ക്. കഴിഞ്ഞ നൂറ് വർഷം ഭൂമിയിലുണ്ടായിട്ടുള്ള സകല കാര്യങ്ങളും ബൂബയ്ക്ക് അപരിചിതമാണ്. അതുകൊണ്ട് എല്ലാം അറിയാൻ ബൂബയ്ക്ക് വല്ലാത്ത തിടുക്കമാണ്. ഈ ബൂബ എവിടെ നിന്നാണ് വരുന്നതെന്നോ എന്താണെന്നോ കൂടുതൽ അറിയാൻ ശ്രമിക്കേണ്ടതില്ല. കാരണം ബൂബയ്ക്ക് തന്നെ അതറിയില്ല! ബൂബ കാര്യങ്ങളറിയാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്ന നൂലാമാലകൾ കണ്ട് നിങ്ങൾ ചിരിച്ചാലും ബൂബയ്ക്ക് ദേഷ്യം വരില്ല. 3d sparrow എന്ന റഷ്യൻ ആനിമേഷൻ സൃഷ്ടിച്ച ബൂബയുടെ കൂട്ടുകാരാണ് ലൂയ എലി, ഗൂഗ തത്ത, ഡൂഡ പുഴു, സ്കൂബ വ്യാളി, മൂമ പൂച്ച തുടങ്ങിയവർ.

(ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചത്)

Content highlights :popular animation cartoon booba fourth season production start on netflix