യിരം വാക്കുകൾക്കു തുല്യമാണ് ഒരു ചിത്രം. കൺമുമ്പിലെത്തുന്ന ഓരോ കാഴ്ചകളെയും ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും പകർത്താൻ മൊബൈൽ ക്യാമറകൾ ഇന്നു നമ്മുടെ വിരൽത്തുമ്പിലുണ്ട്. സെൽഫിയും വെൽഫിയുമൊക്കെയായി ഇന്നു കാണുന്ന രീതിയിൽ ജനകീയമാകുന്നതിനുമുമ്പേ ഫോട്ടോഗ്രാഫി എന്ന കല കടന്നുവന്ന വലിയൊരു ചരിത്രമുണ്ട്. 1800-കളായിരുന്നു അതിലെ ഏറ്റവും നിർണായകം. ലോകചരിത്രത്തിൽ ഫോട്ടോഗ്രാഫി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത് 1830-കളിലാണ്.

ഫോട്ടോഗ്രാഫി ദിനം- ഓഗസ്റ്റ് 19

ഫോട്ടോഗ്രാഫിയുടെ ആദിമരൂപങ്ങളിലൊന്നായ ഡൈഗ്രോടൈപ്പ് ഫ്രഞ്ച് സർക്കാർ ലോകത്തിന് സമർപ്പിച്ചത് 1839 ഓഗസ്റ്റ് 19-നാണ്. ഇതിന്റെ ഓർമ പുതുക്കിയാണ് എല്ലാവർഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫിദിനമായി ആഘോഷിക്കുന്നത്. ഫ്രഞ്ച് കലാകാരനായിരുന്ന ലൂയി ഡൈഗ്രോയുടേതായിരുന്നു ഡൈഗ്രോടൈപ്പ് എന്ന മാതൃകയുടെ സംഭാവന. ഫോട്ടോഗ്രാഫി മേഖലയുടെ സ്ഥാപകരിലൊരാളായി ഡൈഗ്രോയെ കണക്കാക്കുന്നു.

photo
യുദ്ധത്തിന്റെ ഭീകരത: വിയറ്റ്‌നാം യുദ്ധത്തില്‍ ശരീരമാസകലം പൊള്ളലേറ്റ് ഉടുതുണിയുരിഞ്ഞോടുന്ന ഒമ്പതു വയസ്സുകാരി ഫാന്‍ തി കിം ഫുക്. 1972-ല്‍ നിക് ഉട്ട് എടുത്ത ചിത്രം.

* ആദ്യചിത്രം:1826-ൽ ഫ്രഞ്ചുകാരനായ ജോസഫ് നീസിഫോർ നിയെപ്സ് ആണ് ആദ്യമായി ഒരു ചിത്രം ക്യാമറയിൽ പകർത്തുന്നത്. ഫ്രാൻസിലെ ബർഗണ്ടി മേഖലയിൽ തന്റെ തോട്ടത്തിലെ വീടിന്റെ മുകൾനിലയിൽനിന്നാണ് അദ്ദേഹം ചിത്രം പകർത്തിയത്. ഹീലിയോഗ്രാഫി എന്ന സാങ്കേതികവിദ്യയിലൂടെയായിരുന്നു ഇത്.

* ആദ്യത്തെ കളർചിത്രം: 1861-ൽ ഗണിതശാസ്ത്രജ്ഞനായ ജെയിംസ് ക്ലർക്ക് മാക്സ്വെൽ ആണ് ആദ്യ കളർചിത്രം പകർത്തിയത്.

* ആദ്യ റോക്കറ്റ് വിക്ഷേപണചിത്രം 1950-ൽ നാസ കേപ് കാനവറലിൽനിന്ന് റോക്കറ്റ് വിക്ഷേപിക്കുന്ന ചിത്രം പകർത്തി

photo
കഴുകനും കുഞ്ഞും- സുഡാനില്‍ നിന്നും കെവിന്‍ കാര്‍ട്ടര്‍ പകര്‍ത്തിയ ചിത്രം

* ആദ്യ ഡിജിറ്റൽ ഫോട്ടോ: 1957-ലാണ് ആദ്യത്തെ ഡിജിറ്റൽ ഫോട്ടോ പകർത്തുന്നത്. പിന്നെയും 20 വർഷങ്ങൾക്കുശേഷമാണ് സ്റ്റീഫൻ സാസെൺ ഡിജിറ്റൽ ക്യാമറ പുറത്തിറക്കുന്നത്.

* സൂര്യന്റെ ചിത്രം ആദ്യമായി പകർത്തിയത്: 1845-ൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി ഫിസിയോയും ലിയോൺ ഫൗകോളും ചേർന്ന്.

* ബഹിരാകാശത്തുനിന്നുള്ള ആദ്യചിത്രം: 1946-ൽ വി-2- ബാലിസ്റ്റിക് മിസൈലിൽനിന്ന് പകർത്തി.

Content Highlights: World photography day, Vidya