ലയാളികളിൽ ഭൂരിഭാഗത്തിനും ഹിന്ദി ഇന്നും ഒരു കടമ്പയാണ്. ചില സിനിമാ ഡയലോഗുകൾപോലെ, മേം വെച്ചാൽ ഹും വെക്കണമെന്ന് അറിയാമെന്നതിൽക്കൂടുതൽ ഈ ഭാഷയെ അടുത്തറിയാൻ പലരും ശ്രമിക്കാറില്ല. ഇന്ന് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഹിന്ദി ഭാഷ വിനിമയം ചെയ്യപ്പെടുന്നു.

ഹിന്ദിഭാഷയുടെ ഉദ്ഭവം

നൂറ്റാണ്ടുകൾക്കുമുമ്പ് നമ്മുടെ രാജ്യത്തെ പ്രധാനനദികളിലൊന്നായ സിന്ധുനദിയുടെ തീരത്ത് ജനവാസമുണ്ടായിരുന്നു. സിന്ധുനദിയുടെ തീരത്ത് സംസാരിച്ചിരുന്ന ഭാഷയെ ഹിന്ദി എന്ന് വിളിച്ചിരുന്നു. ഹിന്ദ് എന്ന പേർഷ്യൻ വാക്കിൽനിന്നാണ് ഹിന്ദി എന്ന പേര് ഉണ്ടായത്. സിന്ധുനദിയുടെ പ്രദേശം എന്നാണ് ഈ വാക്കിനർഥം

ദേവനാഗരി ലിപി

ഹിന്ദിഭാഷ ദേവനാഗരി ലിപിയിലാണ് എഴുതപ്പെടുന്നത്. ഹിന്ദിഭാഷ കൂടാതെ മറാഠി, നേപ്പാളി, സംസ്കൃതം, സിന്ധി, ബിഹാറി, കൊങ്കിണി, കശ്മീരി മുതലായ ഭാഷകൾ എഴുതുന്നതിനും ഈ ലിപി ഉപയോഗിക്കുന്നു. ദേവനാഗരി ലിപി ഇന്ത്യയിലെ ഏറ്റവും പ്രാചീനലിപിയായ ബ്രാഹ്മിയിൽനിന്ന് വികസിച്ചതാണ്. ദേവഭാഷയായ സംസ്കൃതം എഴുതാൻ ഉപയോഗിച്ചതിനാൽ ഇതിനെ ദേവനാഗരി എന്ന് വിളിച്ചതായും പറയപ്പെടുന്നു. മന്ത്രപ്രയോഗത്തോട് ബന്ധപ്പെട്ട ചില യന്ത്രങ്ങൾക്ക് 'ദേവനഗർ'എന്ന പേരുണ്ട്. അവയിൽ അടയാളപ്പെടുത്തിയ ചിഹ്നങ്ങൾക്ക് ദേവനാഗരി ലിപി എന്ന പേര് നൽകിയിരുന്നുവെന്നും പറയപ്പെടുന്നു.

ഹിന്ദി ദിനം ആചരിക്കുന്നത്

എല്ലാവർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനമായി ആചരിക്കുന്നു. ആദ്യകാലങ്ങളിൽ ഒരുദിവസമായിരുന്നു ദിനാചരണം. പിന്നീട് ഒരാഴ്ചയായി. ഇപ്പോൾ രണ്ടാഴ്ചയാണ് ഹിന്ദി ദിന പരിപാടികൾ നടക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാസമിതി 1949 സെപ്റ്റംബർ 14-ന് ഹിന്ദിഭാഷയെ ഇന്ത്യയുടെ ഭരണഭാഷയായി സ്വീകരിക്കാൻ തീരുമാനിച്ചു. 1950 ജനുവരി 26-ന് ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. ഭരണഘടനാസമിതി ഭരണഭാഷയാക്കാൻ തീരുമാനിച്ച തീയതി പിന്നീട് ഹിന്ദി ദിനമായി ആചരിക്കാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഭാരതത്തിൽ ഏറ്റവും അധികം ജനങ്ങൾ സംസാരിക്കുന്ന ഭാഷ എന്ന നിലയിലും വിദേശഭാഷകളുടെ വാക്കുകൾ വളരെയധികം പ്രയോഗത്തിലുള്ളതുകൊണ്ടും ഹിന്ദി എളുപ്പത്തിൽ സംസാരിക്കാനും മനസ്സിലാക്കാനും സാധിക്കുന്നു.

ഹിന്ദിഭാഷയുടെ പ്രചാരണത്തിനായി രാജ്യത്ത് അനേകം ഹിന്ദി പ്രചാരസഭകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ പ്രധാനമായും രണ്ട് പ്രചാരസഭകളാണുള്ളത് കേരള ഹിന്ദി പ്രചാരസഭയും ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയും. കൂടാതെ അർപ്പണ മനോഭാവത്തോടെ ഹിന്ദിയുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന ഒരുപാട് ഹിന്ദി പ്രചാരകരും.

ഇന്ത്യൻ സാഹിത്യവും ചരിത്രവും മനസ്സിലാക്കാൻ ഹിന്ദി നമ്മൾ പഠിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിർത്തുന്നതിനും ഇന്ത്യയിലെ മുഴുവൻ ജനങ്ങളുമായി ആശയവിനിമയ പൂർണതയ്ക്കും ഹിന്ദി അനിവാര്യമാണ്.

ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ വരവോടെ കേരളത്തിൽ ഇന്ന് മാതൃഭാഷ കഴിഞ്ഞാൽ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന രണ്ടാമത്തെ ഭാഷയായി ഹിന്ദി മാറിക്കൊണ്ടിരിക്കുകയാണ്. ലോകജനതയെ ഹിന്ദിയിലേക്ക് ആകർഷിക്കാനായി എല്ലാ വർഷവും ജനുവരി പത്തിന് വിശ്വഹിന്ദിദിനമായും ആചരിക്കുന്നു.

ഹിന്ദി ഭരണഭാഷ

ഉത്തർപ്രദേശ്, ഉത്തരാഞ്ചൽ, ഛത്തീസ്ഗഢ്, ഡൽഹി, ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, ഝാർഖണ്ഡ്, ബിഹാർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഹിന്ദി ഭരണഭാഷയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ ഹിന്ദി രണ്ടാംഭാഷയും.

ഹിന്ദി പ്രചാരണവുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങൾ

* കേന്ദ്രീയ ഹിന്ദി നിദേശാലയ് (ന്യൂഡൽഹി) * കേന്ദ്രീയ ഹിന്ദി സൻസ്ഥാൻ (ആഗ്ര) * സാഹിത്യ അക്കാദമി (ന്യൂഡൽഹി) * രാഷ്ട്രീയ ബാൽഭവൻ (ന്യൂഡൽഹി) * ഭാരതീയ ഗ്യാൻപീഠ് (ന്യൂഡൽഹി) * നാഷണൽ ബുക്ക് ട്രസ്റ്റ് (ന്യൂഡൽഹി) * ഹിന്ദി സാഹിത്യ അക്കാദമി (ഉത്തർപ്രദേശ്) * ഭാരതീയ ഭാഷാ പരിഷത്ത് (കൊൽക്കത്ത) * കേന്ദ്രീയ ഭാഷാ സൻസ്ഥാൻ (കർണാടക) * ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ (എറണാകുളം) * മധ്യഭാരത് ഹിന്ദി സാഹിത്യസഭ (മധ്യപ്രദേശ്) * കേരള ഹിന്ദി പ്രചാരസഭ (തിരുവനന്തപുരം) * മഹാത്മാഗാന്ധി അന്താരാഷ്ട്രീയ വിശ്വവിദ്യാലയ് (മഹാരാഷ്ട്ര) * വൈജ്ഞ്യാനിക് തഥാ തക്നീകി ശബ്ദാവലി ആയോഗ് (ന്യൂഡൽഹി).

വിദ്യാലയങ്ങൾക്ക് ഏറ്റെടുത്ത് നടത്താവുന്ന പ്രവർത്തനങ്ങൾ

* ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളിലെ പ്രമുഖരുമായി വീഡിയോ കോൺഫറൻസുകൾ, ക്ലാസുകൾ

* ഹിന്ദി ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുക (ദേശഭക്തിഗാനം, നാടകം സ്കിറ്റ്, ചലച്ചിത്രഗാനങ്ങൾ, കവിതാലാപനം, കഥ, പ്രസംഗം എന്നിവ ഉൾപ്പെടുത്താം.

* ഹിന്ദി ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിക്കൽ

* ഹിന്ദി പുസ്തകങ്ങൾ ഓൺലൈനിലൂടെ പരിചയപ്പെടുത്തൽ

* ഹിന്ദി സംസാരിക്കുന്നവരുമായി അഭിമുഖം

* ഹിന്ദി ഡിജിറ്റൽ പത്രനിർമാണം, ഹിന്ദി പത്രങ്ങളുടെ പ്രദർശനം

* ഹിന്ദി ആർട്ട് ഗാലറി തയ്യാറാക്കാം.

* ഹിന്ദി ഡിജിറ്റൽ പതിപ്പ് തയ്യാറാക്കൽ

* ഹിന്ദി പ്രവർത്തകരെ ആദരിക്കൽ

* ഓഡിയോ, വീഡിയോ പ്രദർശനം

ഹിന്ദി വർത്തമാനപത്രങ്ങൾ

* ദൈനിക് ജാഗരൺ * അമർ ഉജാല * നവഭാരത് ടൈംസ് * ദൈനിക് ഭാസ്കർ * ഹിന്ദുസ്ഥാൻ ദൈനിക് * ജനസത്താ * ദൈനിക് പ്രയുക്തി * പഞ്ചാബ് കേസരി * രാജസ്ഥാൻ പത്രിക

മുൻഷി പ്രേംചന്ദ് (1880-1936)

പ്രേംചന്ദ് എന്ന പേരിൽ അറിയപ്പെടുന്ന ധൻപത്റായ് വാരാണസിക്ക് സമീപത്തുള്ള ലമഹി എന്ന സ്ഥലത്ത് ജനിച്ചു. 300-ൽ അധികം ചെറുകഥകളും ഇരുപതിലധികം നോവലുകളും രണ്ട് നാടകങ്ങളും രചിച്ചിട്ടുണ്ട്. ഗോദാൻ, രംഗഭൂമി, കർമഭൂമി, പ്രേമാശ്രം ഗബൻ എന്നിവ പ്രധാനകൃതികളാണ്.

സച്ചിദാനന്ദ് ഹിരാനന്ദ് വാത്സ്യായൻ (1911-1987)

ആഗ്നേയ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സച്ചിദാനന്ദ് ഹിരാനന്ദ് വാത്സ്യായൻ ഹിന്ദി കവിതകളിലും സാഹിത്യത്തിലും നിരൂപണത്തിലും പത്രപ്രവർത്തനത്തിലും ആധുനികശൈലിക്ക് തുടക്കമിട്ട വ്യക്തിയാണ്. 1964-ൽ സാഹിത്യ അക്കാദമി പുരസ്കാരവും 1978-ൽ ജ്ഞാനപീഠവും നേടി.

ഗുൽസാർ (ജനനം 1936)

ഗുൽസാർ എന്ന പേരിൽ അറിയപ്പെടുന്ന സംപൂരൺ സിങ് കൽറ പ്രശസ്തനായ ഇന്ത്യൻ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും കഥാകാരനുമാണ്. 2004-ൽ പദ്മഭൂഷൺ ലഭിച്ചു. ഓസ്കർ പുരസ്കാരം, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ജയ്ശങ്കർ പ്രസാദ്(1890-1937)

മഹാകവി ജയ്ശങ്കർ പ്രസാദ് 1890 ജനുവരി 30-ന് ഉത്തർപ്രദേശിലെ വാരാണസിയിൽ ജനിച്ചു. ഹിന്ദി നാടകരംഗത്തും കഥാരംഗത്തും അമൂല്യമായ സംഭാവനകൾ നൽകിയ മഹാനായ വ്യക്തിയാണ് അദ്ദേഹം. സ്കന്ദ്ഗുപ്ത്, ചന്ദ്രഗുപ്ത്, ഝർനാ, ആംസു, ലഹർ, കാമായനി, ഛായാ, ആംധി എന്നിവ പ്രസിദ്ധ രചനകളാണ്.

പ്രഭാത്

ഹിന്ദി യുവസാഹിത്യകാരൻ പ്രഭാത് രാജസ്ഥാനിലെ കരൗലിയിൽ ജനിച്ചു. കവി, കഥാകൃത്ത് എന്നീ മേഖലകളിൽ പ്രശസ്തനാണ്. കാസിബായ്, പാനി കി ഗാഡിയോം മേം, സ ജുസ്താ രഹാ ജാത്താ രഹാ എന്നിവയാണ് പ്രസിദ്ധ രചനകൾ.

മഹാദേവി വർമ (1907-1987)

പ്രസിദ്ധ ഹിന്ദി കവയിത്രിയായിരുന്ന മഹാദേവി വർമ. ഉത്തർപ്രദേശിലെ ഫരൂഖാബാദിൽ ജനിച്ചു. നീഹാർ, നീരജ, യാമ, നീലാംബര, രശ്മി, പഥ് കേ സാഥീ എന്നിവ പ്രധാനകൃതികൾ. 1979-ൽ സാഹിത്യ അക്കാദമി ഫെലോഷിപ്പ്, 1956-ൽ പദ്മഭൂഷൺ, 1988-ൽ പദ്മവിഭൂഷൺ, 1982-ൽ ജ്ഞാനപീഠം എന്നിവ ലഭിച്ചിട്ടുണ്ട്.

സുമിത്രാനന്ദ് പന്ത് (1900-1977)

ഹിന്ദി സാഹിത്യത്തിലെ ഛായാവാദി പ്രസ്ഥാനത്തിലെ പ്രമുഖൻ. കവിതകൾ, ഉപന്യാസങ്ങൾ, പദ്യരൂപത്തിലുള്ള നാടകങ്ങൾ എന്നിവ ഉൾപ്പെടെ ഇരുപതോളം കൃതികൾ രചിച്ചിട്ടുണ്ട്. പ്രശസ്തമായ കവിതകളുടെ സമാഹാരമായ ചിദംബര എന്ന കൃതിക്ക് ജ്ഞാനപീഠപുരസ്കാരം ലഭിച്ചിട്ടുണ്ട്. വീണ, പല്ലവ ഗ്രാന്തി, ഗുഞ്ജൻ, ലോകയാതൻ, മാനസി എന്നിവ പ്രധാനകൃതികളാണ്.

Content Highlights: Observation of Hindi diwas in september 14, Kids