ത്സരപരീക്ഷകൾക്കുള്ള പരിശീലനങ്ങൾക്കിടയിലെ ഒരു വെല്ലുവിളിയാണ് പഠിക്കുന്ന കാര്യങ്ങൾ ഓർമയിൽ കൃത്യമായി സൂക്ഷിക്കുക എന്നത്. ഒരു കൂട്ടം പദങ്ങളെ അല്ലെങ്കിൽ വസ്തുതകളെ ഹൃദിസ്ഥമാക്കുന്നതിലുള്ള പ്രയാസം പറയുന്നവരാണ് മിക്കവരും. ഇതിനുള്ള പരിഹാരമാണ് നെമോണിക്സ്. പഠിക്കാൻ ബുദ്ധിമുട്ടുള്ള വാക്കുകളുടെ കൂട്ടങ്ങളെ സുപരിചിതമായ ചെറുവാക്കുകളോ, വാക്യങ്ങളോ ആക്കി ഓർമയിൽ അടുക്കിവെക്കുന്ന ഒരു സൂത്രപ്പണിയാണ് നെമോണിക്സ് (Mnemonics).

ചെറിയ ക്ലാസുകളിൽ പഠിച്ച VIBGYOR ഓർമയില്ലേ? മഴവില്ലിലെ ഏഴുനിറങ്ങളെ ക്രമം തെറ്റാതെ ഓർത്തെടുക്കാൻ അന്ന് നമ്മെ സഹായിച്ച ഈ വാക്ക് നെമോണിക്സിന് ഒരു ഉത്തമ ഉദാഹരണമാണ്.

'നെമോണികൊസ്' എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് നെമോണിക്സിന് ആ പേര് കിട്ടിയത്. ഓർമ, ഓർമയെ സംബന്ധിച്ചത് എന്നിങ്ങനെയാണ് ഈ വാക്കിന്റെ അർഥം. ഗ്രീക്ക് പുരാണത്തിലെ ഓർമയുടെ ദേവതയുടെ പേര് 'നെമോസ്യൻ' എന്നാണ്.

നെമോണിക്സ് പലതരത്തിലുണ്ട്. പാട്ടുരൂപത്തിലും, ചെറുവാക്യങ്ങളായും ഒറ്റപ്പദങ്ങളായും ചിത്രങ്ങളായും ഗ്രാഫുകളായും അങ്ങനെ ഒട്ടേറെ കുറുക്കുവിദ്യകളിലൂടെ വസ്തുതകളെ മനസ്സിലുറപ്പിക്കാൻ സഹായിക്കുന്ന ഒരു പഠന രീതിയാണിത്.

ചില ഉദാഹരണങ്ങൾ നോക്കാം:

Thirty days hath September,

April, June, and November,

All the rest have thirty-one,

But February's twenty-eight,

The LEAP YEAR, which comes once in four,

Gives February one day more.

ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം തെറ്റുകൂടാതെ ഓർത്തെടുക്കാൻ ഉപയോഗിക്കുന്ന ഒരു പാട്ടാണ് ഇത്.

ഇംഗ്ലീഷ് അക്ഷരമാല ഒന്ന് മനസ്സിൽ ഉരുവിട്ട് നോക്കൂ. അറിയാതെത്തന്നെ ഒരു താളം വരുന്നില്ലേ. നഴ്സറിടീച്ചർ അന്ന് പാടിത്തന്ന ആ ഈണവും നെമോണിക്സ് എന്ന സംഗതി തന്നെ.

ഇനി പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട കുറച്ചു ഉദാഹരണങ്ങൾ നോക്കാം:

* മുഗൾ ചക്രവർത്തിമാരുടെ പേര് ക്രമം തെറ്റാതെ ഓർത്തിരിക്കാനുമുണ്ട് ഒരു സൂത്രം. BHAJSAB എന്നാണത്. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗിർ, ഷാജഹാൻ, ഔറംഗസേബ്, അസം ഷാ, ബഹദൂർഷാ എന്നാണീ വാക്ക് സൂചിപ്പിക്കുന്നത്.

* ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകൾ ആറെണ്ണമാണ്. ഈ ആറെണ്ണം ഏതെല്ലാമാണെന്ന് അറിയാമോ? FACERS എന്ന് ആലോചിച്ചാൽ മതി. ഫ്രഞ്ച്, അറബിക്, ചൈനീസ്, ഇംഗ്ലീഷ് റഷ്യൻ, സ്പാനിഷ് എന്നാണിത്.

* ലോകത്തിലെ സമുദ്രങ്ങളെ വലുതിൽനിന്ന് ചെറിയത് എന്ന ക്രമത്തിൽ ഓർക്കാനുമുണ്ട് ഒരു കുറുക്കുവഴി. PAISA എന്നോർത്താൽ മതി. പസിഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ, സതേൺ ഓഷ്യൻ എന്നറിയപ്പെടുന്ന അന്റാർട്ടിക് സമുദ്രം, ആർട്ടിക് സമുദ്രം എന്നിവയാണിവ.

* My Very Educated Mother Just Served Us Nachos. അഷ്ടഗ്രഹങ്ങളുടെ പേരുകൾ ക്രമത്തിൽ പഠിക്കാനുള്ള ഒരു വാചകമാണ് മുകളിൽ. Mercury, Venus, Earth, Mars, Jupiter, Saturn, Uranus, Neptune എന്നീ ഗ്രഹങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകൾ ചേർത്തുണ്ടാക്കിയ ഈ വാചകം പഠിച്ചാൽ എട്ടു ഗ്രഹങ്ങളുടെയും പേര് ക്രമം തെറ്റാതെ ഓർത്തെടുക്കാം.

* ഗണിതചോദ്യങ്ങളിൽ സ്ഥിരമായി ചോദിക്കാറുള്ള ഒരു ചോദ്യമാണ് സ്ഥിരവിലയായ പൈയുടെ മൂല്യം. ഇത് തെറ്റുകൂടാതെ ഓർത്തു വെക്കാനുമുണ്ട് ഒരു സൂത്രപ്പണി. May I Have A Large Container Of Coffee? എന്നോർത്താൽ മതി. അതിലെ ഓരോ വാക്കിന്റെയും എണ്ണം ചേർത്തുവെച്ചാൽ പൈ യുടെ മൂല്യമായ 3.1415927 ആയി. അവസാനത്തെ coffee എന്ന വാക്കിലെ ആറ് അക്ഷരവും ചോദ്യചിഹ്നവും ചേർത്താണ് അവസാനത്തെ 7 എന്ന അക്കം കിട്ടിയത്.

* തൃപാമല എന്താണെന്നറിയാമോ. ഭാരതപ്പുഴ ഒഴുകുന്ന ജില്ലകളുടെ പേരുകളാണ് ഈ വാക്കിൽ ഒളിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽകൂടിയാണ് ഭാരതപ്പുഴ ഒഴുകുന്നത്.

* ജീവശാസ്ത്രത്തിലെ വിറ്റാകറിന്റെ 5 കിങ്ഡം വർഗീകരണം മറക്കാതിരിക്കാൻ സഹായിക്കുന്ന വാക്യമാണ്, 'My Poor Friend Picks Apples'. Monera, Protista, Fungi, Plants, Animals എന്നീ വിഭാഗങ്ങളെയാണിത് സൂചിപ്പിക്കുന്നത്.

Content Highlights: Mnemonics a memory technique for students