മൈസൂരു: കാട്ടിലൂടെ തലയുയർത്തിപ്പിടിച്ചുള്ള ആ നടത്തത്തിനുമുണ്ട് ഒരു രാജകീയപ്രൗഢി. കാഴ്ചക്കാരെ കിടിലംകൊള്ളിക്കാൻപോന്ന കാട്ടിലെ രാജാവാണെന്നു തോന്നും.

അപൂർവമായ ഈ കാഴ്ച കർണാടകത്തിലെ ബന്ദിപ്പുർ കടുവസങ്കേതത്തിലാണ്. സാധാരണയിൽ കവിഞ്ഞ വലിപ്പവും തലയെടുപ്പുമുള്ള ഒരു കടുവ. ആരെയും കൂസാതെ നടന്നുവന്ന്ഒരു കുന്നിന്റെ ഉയരത്തിൽ കയറിനിന്ന് നോട്ടമെറിയുന്നു. പിന്നെ, കാട്ടുവഴി മുറിച്ചുകടന്ന് നടന്നകലുന്നു. കടുവസങ്കേതത്തിലെ ജീവനക്കാർ പകർത്തിയ ഇതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ.

വന്യജീവിപ്രണയികൾ ഒഴുകിയെത്തുന്ന ബന്ദിപ്പുർ ദേശീയോദ്യാനത്തിലെ പുതിയ കാഴ്ചയാണ് ഈ കടുവയുടേത്. ഇതിന്റെ രാജഭാവത്തെ മുൻനിർത്തി 'മോയാർ രാജാവ്' എന്നാണ് കടുവസങ്കേതം അധികൃതർ ഇതിന് പേരിട്ടിരിക്കുന്നത്. ബന്ദിപ്പുർ കടുവസങ്കേതത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന നദിയാണ് മോയാർ. പ്രസിദ്ധമായ ഭവാനീനദിയുടെ കൈവഴി. മോയാർ നദിയുടെ രാജാവായി ഈ കടുവയെ ഇനി കടുവപ്രേമികൾ ഘോഷിക്കും.

ബന്ദിപ്പുർ കടുവസങ്കേതത്തിലും ഇതിനോടുചേർന്നുകിടക്കുന്ന നാഗർഹോള, മുതുമല, സത്യമംഗലം, വയനാട് വന്യജീവിസങ്കേതങ്ങളിലുമായി ഏകദേശം 534 കടുവകളുണ്ടെന്നാണ് കണക്ക്.

Content Highlights: Mayar Raja, a tiger in bandipur tiger reserve walks majestically