ആലപ്പുഴ: ഒരുപാട് നിഗൂഢതകളും രഹസ്യങ്ങളും പേറുന്ന നാട്. തിരവന്ന് കാലിൽ ചുംബിച്ചുമടങ്ങുമ്പോൾ കാലിനടിയിൽനിന്ന് മണ്ണ് ഒലിച്ചുപോകുംപോലെ അവയിൽ പലതും കടലിലേക്ക് മറഞ്ഞിരിക്കുന്നു. കടലിന്റെ അഗാധതയിൽ അതിന്റെ ശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. പക്ഷേ, പിൻതലമുറയ്ക്കായി ചരിത്രം കാത്തുവെച്ച രഹസ്യങ്ങൾ ഇനിയുമുണ്ട്. അത് തേടിയുള്ള യാത്രയാണിത്.

മനക്കോടം. ഇപ്പോൾ ചേർത്തല താലൂക്കിലെ തുറവൂർ വില്ലേജിൽ അന്ധകാരനഴി ബീച്ചിന് സമീപമുള്ള സ്ഥലം. പണ്ട് ഈ സ്ഥലത്തിന് മൂന്നുചുറ്റും തിരുവിതാംകൂർ രാജ്യമായിരുന്നു. പടിഞ്ഞാറ് അറബിക്കടൽ. അതിനുള്ളിൽ ഒരു ചെറിയ ബ്രിട്ടൻ. അതായിരുന്നു മനക്കോടം. ചേർത്തല സ്വദേശിയും ബെംഗളൂരു സി.ബി. ഐ.യിൽ പബ്ലിക് പ്രോസിക്യൂട്ടറുമായ സി.ഷാ ദാസാണ് മനക്കോടത്തിന്റെ നൂറ്റാണ്ടുകൾനീണ്ട ചരിത്രത്തിലേക്ക് ഒരു പഠനയാത്ര നടത്തിയത്. അധികമാർക്കും അറിയാത്ത വിലപ്പെട്ട വിവരങ്ങളാണ് തന്റെ യാത്രയിൽ അദ്ദേഹം മുങ്ങിയെടുത്തത്.

ബ്രിട്ടീഷ് മലബാറിലായ മനക്കോടം
മലബാറുമായി ഒരുബന്ധവുമില്ലായിരുന്നിട്ടും മനക്കോടം മദ്രാസ് പ്രസിഡൻസിക്ക് കീഴിലുള്ള ബ്രിട്ടീഷ് മലബാറിലായിപ്പോയി. അതിന്റെ ചരിത്രമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. അതായത്, കൊച്ചി നഗരത്തിൽനിന്ന് മാറി ചിതറിക്കിടന്നിരുന്ന 17 ചെറിയദേശങ്ങൾ ബ്രിട്ടീഷ് മലബാറിൽ ഉൾപ്പെട്ട കഥ.
ഈ ദേശങ്ങൾ ചേർന്നതായിരുന്നു അവരുടെ കൊച്ചി താലൂക്ക്. ബ്രീട്ടീഷ് പാട്ടം എന്നാണ് ഈ സ്ഥലങ്ങൾ അറിയപ്പെട്ടിരുന്നത്. ഇതിൽ 13-ഉം കൊച്ചി രാജ്യത്തിനുള്ളിൽ. ബാക്കി നാലെണ്ണം (തുമ്പോളി പാട്ടം, കാട്ടൂർ പാട്ടം, അട്ടലക്കാട് പാട്ടം, മനക്കോടം പാട്ടം) തിരുവിതാംകൂറിനുള്ളിൽ. ഇവിടെയുള്ളവർ മദ്രാസ് സംസ്ഥാനത്തിന്റെ പ്രജകൾ. ബ്രിട്ടീഷ് നിയമങ്ങളായിരുന്നു ബാധകം. 1890 വരെ മനക്കോടത്ത് തുറമുഖം പ്രവർത്തിച്ചിരുന്നു. 1886 വരെ കപ്പലുകൾ വന്നു. മൂന്നുവർഷം കപ്പലുകൾ വരാത്തതിനെത്തുടർന്ന് 1890-ൽ തുറമുഖം പൂട്ടി.
പോർച്ചുഗീസുകാർ വരുന്നു

പോർച്ചുഗീസുകാരാണ് മനക്കോടം ആദ്യം കൈക്കലാക്കിയ വിദേശികൾ. സാമാന്യം തിരക്കുള്ള തുറമുഖം അന്ന് അന്ധകാരനഴിയിലായിരുന്നു. മലഞ്ചരക്കുകളുടെ പ്രധാന വിപണനകേന്ദ്രം. പണ്ടകശാലയും പള്ളിയും പണിത് പറങ്കികൾ മനക്കോടത്തെ പരിപാലിച്ചു. വൈകാതെ ഡച്ചുകാർ കൊച്ചി കീഴടക്കിയപ്പോൾ മനക്കോടവും അവരുടെ അധീനതയിലായി.
ഇവിടം തെങ്ങുകൃഷി ചെയ്യാൻ ഡച്ചുകാർ പാട്ടത്തിന് കൊടുത്തതോടെ പ്രദേശം ഡച്ച് പാട്ടം എന്നറിയപ്പെട്ടു തുടങ്ങി. പാട്ടം എന്ന പേര് വന്നത് അങ്ങനെയാണ്. 1768 വരെ ഡച്ചുകാർക്ക് ഇവിടെ മിലിട്ടറി പോസ്റ്റുണ്ടായിരുന്നതായി രേഖകളിലുണ്ടെന്ന് ഷാ ദാസ് പറയുന്നു. 1795-ൽ ബ്രിട്ടീഷുകാർ ഇവരിൽനിന്ന് അധികാരം പിടിച്ചതോടെ ചരിത്രം മറ്റൊരു വഴിത്തിരിവിലെത്തി.

ചരിത്രം ബാക്കിവെച്ചത്
1931-ൽ മദ്രാസ് ഗവൺമെന്റ് പടിഞ്ഞാറെ മനക്കോടത്ത് സ്കൂൾ അനുവദിച്ചു. പാട്ടം ലിറ്റിൽ ഫ്ളവർ മെമ്മോറിയൽ സ്കൂൾ. പേരിൽ 'പാട്ടം' ഇപ്പോഴും പേറുന്ന സ്കൂൾ നവതിയിലേക്ക് അടുക്കുകയാണ്. അവിടത്തെ മുൻ അധ്യാപകനും പിന്നീട് ഹെഡ്മാസ്റ്ററും മാനേജരുമായ പി.ആർ.ജോസഫ് എന്ന ബേബിസാറിനും ഉണ്ട് ഒരുപാടുകഥ പറയാൻ.

സ്വാതന്ത്ര്യത്തിനുശേഷം ജില്ലകൾ രൂപവത്‌കരിച്ചപ്പോഴും ഈ 32 ഏക്കർ സ്ഥലം തൃശ്ശൂരിലാണ് ഉൾപ്പെട്ടത്. ഫോർട്ടുകൊച്ചിയിൽ പോയി ശമ്പളം വാങ്ങിവന്നാലും അത് തിരുവിതാംകൂർ പ്രദേശത്ത് ചെലവഴിക്കാനാകില്ല. ഇടക്കൊച്ചിയിലുള്ള ഒരാളാണ് നാണയം മാറ്റിനൽകിയിരുന്നത്. അന്ധകാരനഴി ഇപ്പോഴുള്ള സ്ഥലത്തായിരുന്നില്ലെന്ന് ബേബിസാർ പറഞ്ഞു. കുറച്ചുകൂടി വടക്ക് തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു.
പുരാതന നിർമിതിയെന്ന് കരുതുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം പറയുന്നു. പോർച്ചുഗീസ്-ഡച്ച് കാലഘട്ടത്തിൽ മനക്കോടത്തിന്റെ വിസ്തൃതിയേറെയായിരുന്നെങ്കിലും ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനമായപ്പോഴാണ് പടിഞ്ഞാറ് 32 ഏക്കറും കിഴക്ക് മൂന്നേക്കറുമായി ഒതുങ്ങിയത്.

1959 ഒക്ടോബർ ഒന്നിന് മനക്കോടം ഉൾപ്പെടെ നാല് പാട്ടപ്രദേശങ്ങൾ ആലപ്പുഴ ജില്ലയോട് ചേർത്തു. ചെറിയ സ്ഥലങ്ങളായതിനാൽ മറ്റ് മൂന്നു പ്രദേശങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നതായി അറിവില്ല.
Content Highlights: Manakkodam in Alappuzha was a part of Britain, History