ഒരു ചർക്ക, കറുത്ത വട്ടക്കണ്ണട, മുട്ടുവരെയെത്തുന്ന മുണ്ടുടുത്ത മെലിഞ്ഞ ശരീരം, വടി... മഹാത്മഗാന്ധിയെ കുറിച്ചാലോചിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന രൂപമാണിത്. അഹിംസയിലും സത്യത്തിലും അടിയുറച്ച ലളിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇത്രയും ലളിതമായും ഒരാൾക്ക് ജീവിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കാണിച്ചുതന്നു. സ്വന്തം ജീവിതംകൊണ്ട് ലോകത്തിനുതന്നെ മാതൃകയായ ഗാന്ധിജിയുടെ ആത്മകഥയാണ് 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' (The Story of My Experiments with Truth). എല്ലാ കുട്ടികളും ഒരിക്കലെങ്കിലും വായിക്കേണ്ട പുസ്തകമാണിത്. ഇന്ത്യ സ്വതന്ത്രമാവാൻ മുന്നിൽനിന്ന് നയിച്ച രാഷ്ട്രപിതാവിന്റെ ജീവിതമാണ് ഈ പുസ്തകം.
കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ മനസ്സിലാക്കുന്ന തരത്തിൽ വളരെ ലളിതമായ ഭാഷയിലാണ് അദ്ദേഹം തന്റെ ജീവിതം രേഖപ്പെടുത്തിയത്. ഗാന്ധിജിയുടെ കുട്ടിക്കാലം മുതൽ 1921 വരെയുള്ള കാലഘട്ടമാണ് ഇതിൽ വിവരിക്കുന്നത്. ഗുജറാത്തി ഭാഷയിൽ എഴുതിയ ആത്മകഥ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, അസമീസ്, ഒഡിയ, മണിപ്പുരി, പഞ്ചാബി, കന്നഡ, സംസ്കൃതം ഭാഷകളിലും പിന്നീട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. ജോർജ് ഇരുമ്പയമാണ് മലയാളത്തിലേക്ക് തർജമ ചെയ്തത്.
സ്വാതന്ത്ര്യസമര ജീവിതത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നതിനുമുമ്പ്, തന്റെ അതുവരെയുള്ള ജീവിതരീതിയിൽനിന്നും ചിന്തകളിൽനിന്നും എങ്ങനെ മാറിയെന്നും തുടർന്ന് എങ്ങനെ ജീവിതം നയിച്ചുവെന്നും ആത്മകഥയിലൂടെ അദ്ദേഹം നമുക്ക് കാണിച്ചുതരുന്നു. 13-ാം വയസ്സിലാണ് ഗാന്ധിജി വിവാഹം കഴിക്കുന്നത്. തുടർന്ന് ലണ്ടനിൽ പഠിക്കാൻ പോയി. ലണ്ടനിലെ പഠനകാലത്താണ് അദ്ദേഹത്തിന്റെ ചിന്തകൾ കൂടുതൽ വിശാലമായത്.
ലണ്ടനിൽനിന്ന് തിരിച്ചെത്തിയ അദ്ദേഹം കുറച്ചുകാലം ബോംബെയിൽ കഴിഞ്ഞു. പിന്നീട് ആഫ്രിക്കയിലേക്കുപോയി. വർണ വിവേചനത്തിന്റെ നേർച്ചിത്രം അദ്ദേഹം അവിടെനിന്നാണ് കണ്ടത്. ആഫ്രിക്കയിൽനിന്നും തിരിച്ചെത്തിയ ഗാന്ധിജി കുറേക്കൂടി ലളിതമായ ജീവിതരീതികൾക്ക് തുടക്കമിട്ടു. അതിനായി സ്വന്തം മക്കളെയും ഭാര്യയെയും അദ്ദേഹം കാര്യങ്ങൾ ബോധ്യപ്പെടുത്തി.
ദണിക്ഷണാഫ്രിക്കൻ യാത്രകഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജി കൊൽക്കത്തയിലെ ഒരു സമ്മേളനത്തിൽ പങ്കെടുക്കാനിടയായി. രാജ്യത്ത് നിലനിൽക്കുന്ന ജാതി വിവേചനം അവിടെനിന്ന് അദ്ദേഹം നേരിട്ടു കണ്ടറിഞ്ഞു. തമിഴ് വംശജരോടുള്ള അയിത്തവും മറ്റുമെല്ലാം അദ്ദേഹം മനസ്സിലാക്കി. വായനക്കാരനിലേക്ക് തന്റെ ജീവിതത്തിലൂടെ സന്ദേശം നൽകുന്ന ഒട്ടേറെ സംഭവവികാസങ്ങളിലൂടെയാണ് ഈ ആത്മകഥ പറഞ്ഞുപോവുന്നത്.
Content Highlights: Mahatma Gandhi's autobiography 'The Story of My Experiments with Truth' review, book shelf