സാഹസികമായ പല പ്രവർത്തികളും ചെയ്ത് ധീരതയ്ക്കുള്ള അവാർഡുകൾ സ്വന്തമാക്കുന്ന മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ധീരതയ്ക്കുള്ള അവാർഡ് വാങ്ങിയ ഒരു എലിയാണിപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്.

ആഫ്രിക്കൻ ജയ്ന്റ് പൗച്ച്ഡ് റാറ്റ് വിഭാഗത്തിൽപ്പെട്ട മഗാവയെന്ന എലിയാണ് ഈ ധീരൻ. കംമ്പോഡിയയിലെ കുഴിബോംബുകൾ കണ്ടെത്തുന്നതിൽ വഹിച്ച പങ്കിനാണ് മഗാവയെത്തേടി ബഹുമതിയെത്തിയത്. മൃഗങ്ങളുടെ ധീരമായ പ്രവർത്തികൾക്ക് അംഗീകാരം നൽകുന്ന ബ്രിട്ടീഷ് ചാരിറ്റിയായ 'പിപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് ആനിമൽസി' (പി.ഡി.എസ്.എ)ന്റെ പരമോന്നത ബഹുമതിയാണ് മഗാവ സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷമായി കുഴിബോംബുകൾ കണ്ടെത്തുന്ന ജോലിയിലാണ് 'ഹീറോ റാറ്റെ'ന്നറിയപ്പെടുന്ന മഗാവ. 39 കുഴിബോംബുകളും 28-ലേറെ വെടിക്കോപ്പുകളും ഇതിനോടകം ഈ ഏഴുവയസ്സുള്ള എലി കണ്ടെത്തിക്കഴിഞ്ഞു. മികച്ച ഘ്രാണ ശക്തിക്ക് പുറമേ ഹാൻഡിലറിലെ സെൻസറുകളും ഈ ബോംബുകൾ കണ്ടെത്താൻ മഗാവയെ സഹായിക്കുന്നുണ്ട്.

ഈ ബഹുമതി നേടിയിട്ടുള്ള മൃഗങ്ങളിലെ ആദ്യത്തെ എലിയാണ് മഗാവ. സാധാരണ എലികളിൽ നിന്ന് വ്യത്യസ്തമായി കവിളിൽ ചെറു സഞ്ചികളുള്ള വിഭാഗക്കാരാണ് ആഫ്രിക്കൻ ജയന്റ് പൗച്ച്ഡ് റാറ്റുകൾ. വിരമിക്കൽ പ്രായമാകുന്നത് വരെ മഗാവ ഈ ജോലി തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

1975-1988 കാലഘട്ടത്തിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി 50 ലക്ഷത്തിലധികം കുഴിബോംബുകളാണ് കംബോഡിയയിൽ സ്ഥാപിച്ചത്. അത് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോഴും തുടരുന്നത്. 64,000-ലേറെ ആൾക്കാരാണ് കുഴിബോംബ് പൊട്ടിയുള്ള സ്ഫോടനത്തിൽ മരണപ്പെട്ടിട്ടുള്ളത്.

Content Highlights: Magawa a rat awarded gold medal for his gallantry work in detecting landmines in Cambodia