തൃശ്ശൂര്‍: മുട്ടിലിഴയുന്ന കാലം മുതല്‍ കാമറയ്ക്ക് മുന്നില്‍ പോസുചെയ്യാന്‍ തുടങ്ങിയതാണ് കുഞ്ഞുസെറ. കുഞ്ഞുടുപ്പിട്ട് കാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ എല്ലാം മറന്ന് സെറയുടെ മുഖത്ത് പിന്നെ ഭാവാഭിനയങ്ങളുടെ അനര്‍ഗള പ്രവാഹമായിരിക്കും. വയസ്സിന്ന് രണ്ടിനോട് അടുക്കുമ്പോള്‍ തൃശ്ശൂര്‍ മാളയിലെ ഈ കൊച്ചുമിടുക്കി ഇന്ന് മാളയുടെ വൈറല്‍ മോഡലാണ്.
ചിലപ്പോള്‍ കസവ് മുണ്ടിട്ട് മടക്കി കുത്തി ടീഷര്‍ട്ടുമിട്ട് കലിപ്പ് ലുക്കിലെത്തും, ചിലപ്പോള്‍ ചുവന്ന കുഞ്ഞുടുപ്പിട്ട് മാലാഖയെ പോലെയെത്തും അങ്ങനെയങ്ങനെ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു കുഞ്ഞു സെറയെ. വൈറലായതോടെ നിരവധി പരസ്യ ചിത്രങ്ങള്‍ക്കായുള്ള തിരക്കിലുമാണ് ഈ കുഞ്ഞു മിടുക്കി.
മാള പാറോക്കില്‍ സനീഷിന്റേയും സിജിയുടേയും ഏക മകളായ സെറ ആരോടും വലിയ മൈന്‍ഡ് ഒന്നുമില്ലെങ്കിലും കാമറ കണ്ടാല്‍ എല്ലാം മറക്കും. കുഞ്ഞുന്നാളിലേ എടുത്ത ഫോട്ടോകള്‍ ഓരോന്നും രക്ഷിതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. ഇതു കണ്ട് ആളുകള്‍ കൈയ്യടിച്ചതോടെ സെറ തിരക്കുള്ള മോഡലുമായി.
മാമോദീസ കാലം മുതല്‍ തുടങ്ങിയതാണ് സെറയുടെ ഡിമാന്‍ഡ്. അന്നെടുത്ത ചിത്രം വൈറലായതോടെയാണ് കുഞ്ഞുസെറ വലിയ സെറയായത്. നിരവധി പരസ്യ ചിത്രങ്ങള്‍ക്ക് പുറമെ കോവിഡിന് ശേഷം ചില ഹ്രസ്വ ചിത്രങ്ങളിലേക്കും സെറയെ പരിഗണിക്കാനിരിക്കുന്നുണ്ട്. അതുവഴി സിനിമയിലേക്കും ചുവട് വെയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കള്‍. ദുബായില്‍ എയര്‍പോര്‍ട്ട് ക്വാളിറ്റി വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് സെറയുടെ അച്ഛന്‍ സനീഷ്, അമ്മ സിജി അവിടെ നേഴ്‌സുമാണ്.
Content Highlights: little model sera viral photos