മാതാപിതാക്കളുമായി എപ്പോഴും ചേർന്നു നിൽക്കുന്നവരാണ് കുരുന്നുകൾ. അവർക്കൊപ്പമുള്ള കളികളും ചിരികളുമെല്ലാം കുട്ടികൾക്കേറെ ഇഷ്ടമാണ്. പാട്ടുപാടാനാണെങ്കിൽപ്പിന്നെ പറയുകയേ വേണ്ട. അത്തരത്തിൽ തന്റെ പിതാവിനൊപ്പം പാട്ടുപാടുന്ന കുരുന്നിന്റെ വീഡിയോയാണിപ്പോൾ സൈബർലോകം ഏറ്റെടുത്തിരിക്കുന്നത്.

ക്ലാരിയെന്ന കൊച്ചുഗായികയും അവളുടെ അച്ഛനുമാണ് വീഡിയോയിലെ താരങ്ങൾ. ഗിറ്റാറുമായി ഇരിക്കുന്ന അച്ഛനൊപ്പം ''യു ഗോട്ട് എ ഫ്രണ്ട് ഇൻ മീ' എന്ന ഗാനമാണ് അവൾ പാടുന്നത്. ഗിറ്റാറു വായിച്ച് അച്ഛൻ പാടുന്ന വരികൾക്ക് തലയാട്ടി താളം പിടിക്കുന്നുമുണ്ട് ഈ മിടുക്കി. അച്ഛൻ പല്ലവി പാടിക്കഴിഞ്ഞതിന് പിന്നാലെ അനുപല്ലവി താൻ പാടാമെന്നും ക്ലാരി പറയുന്നുണ്ട്. അതിന് പിന്നാലെ അച്ഛന്റെ ഗിറ്റാറിന്റെ സംഗീതം ആസ്വദിച്ച് അതിനൊപ്പം പാട്ടുപാടുന്ന കുരുന്നിനെ വീഡിയോയിൽ കാണാം.

''നിങ്ങളുടെ ഒരു ദിവസത്തിൽ നിന്ന് രണ്ടു മിനിറ്റ് നേരം ഇടവേളയെടുത്ത് ഇതൊന്നു കേൾക്കൂ, അത്ര മനോഹരമാണിത്. ഈ വീഡിയോ അവസാനിക്കുമ്പോൾ നിങ്ങളുടെ മുഖത്തൊരു ചിരിയുണ്ടാകും. ചില നേരം ഒരൽപം സമയമെടുത്ത് ചിരിക്കുന്നത് നല്ലതാണ്, നമ്മളെല്ലാം അതർഹിക്കുന്നു''വെന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് പ്രതികരണങ്ങളുമായെത്തിയത്.

അച്ഛന്റേയും മകളുടേയും പാട്ട് മനം നിറച്ചെന്നും എത്ര സുന്ദരമായ ഗാനമെന്നുമെല്ലാം പലരും വീഡിയോയ്ക്ക് താഴെ കുറിച്ചു. ആയിരക്കണക്കിനാളുകളാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്.

Content Highlights: Little girl sings with her father in beautiful home concert video goes viral