സ്വന്തമായി ഒരു വളർത്തുമൃഗത്തെ വേണമെന്ന് ആഗ്രഹിക്കാത്ത കുട്ടികളുണ്ടാകില്ല. അങ്ങനെ ഏറെ ആഗ്രഹിച്ചിരുന്ന സമ്മാനം അപ്രതീക്ഷിതമായി ലഭിച്ചാൽ എന്താകും അവരുടെ പ്രതികരണം? ചിലർ സന്തോഷം കൊണ്ട് തുള്ളിച്ചാടുമെങ്കിൽ ചിലർ വികാരഭരിതരായി പൊട്ടിക്കരഞ്ഞുപോകും. അങ്ങനെ പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനത്തിന്റെ സന്തോഷത്തിൽ പൊട്ടിക്കരയുന്ന ബാലന്റെ വീഡിയോയാണിപ്പോൾ സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്.

ചുറ്റുപാടും ഒന്നും ശ്രദ്ധിക്കാതെ സോഫയിലിരുന്ന് മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ വീഡിയോയുടെ ആദ്യഭാഗത്ത് കാണാം. അതിന് പിന്നാലെ അവനേറ്റവും പ്രിയപ്പെട്ട നായ്ക്കുട്ടിയുമായി അമ്മ മുറിയിലേക്ക് കടന്നുവരുന്നുണ്ട്. നായ്ക്കുട്ടിയെ കണ്ടതും അത്ഭുതപ്പെട്ട് കരയുകയാണ് ബാലൻ. കണ്ണുനീർ തുടച്ചുകൊണ്ട് നായ്ക്കുട്ടിയെ കെട്ടിപ്പിടിക്കുന്ന ബാലനേയും അവനോട് ചേർന്ന് നിൽക്കുന്ന നായ്ക്കുട്ടിയേയും വീഡിയോയിൽ കാണാം.

''ഒരു നായ്ക്കുട്ടിയെ വേണമെന്നുള്ളത് അവന്റെ എക്കാലത്തേയും ആഗ്രഹമായിരുന്നു. അത്തരമൊന്നിനെ അമ്മ വീട്ടിൽ കൊണ്ടുവന്നപ്പോഴുള്ള അവന്റെ പ്രതികരണം'' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ ആയിരക്കണക്കിന് പേരാണ് കണ്ടുകഴിഞ്ഞത്. എത്ര മനേഹരമായ കാഴ്ചയെന്നും നായയാണ് മനുഷ്യന്റെ എക്കാലത്തേയും സുഹൃത്തെന്നുമെല്ലാം ഈ 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങൾ നിറഞ്ഞു.

Content Highlights: Little boy bursts into tears after his mother surprises him with a puppy an emotional video goes viral