ഹോബി എന്ന വാക്ക് വന്നതെങ്ങനെയെന്ന് അറിയാമോ? പണ്ട് കുട്ടികള്‍ മരംകൊണ്ട് ഉണ്ടാക്കിയ കുതിരയുടെ മുകളില്‍ ഇരുന്നു കളിച്ചിരുന്നു. ആ കുതിരയെ വിളിച്ചിരുന്ന പേരായിരുന്നു ഹോബി. ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പലതരം ഹോബികളുണ്ട്. ചില ഹോബികള്‍ സന്തോഷത്തിനൊപ്പം ധനസമ്പാദനത്തിനുമുള്ള വഴികൾ കൂടിയാണ്. ഇനി നമുക്ക് ചില പ്രധാന ഹോബികളെ പരിചയപ്പെടാം.

ഫോട്ടോഗ്രാഫി

മൊബൈല്‍ ഫോണിലൂടെ ഫോട്ടോ എടുക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അപ്പോള്‍ നമുക്ക് അത് ഒരു ഹോബിയാക്കിയാലോ. ഇപ്പോള്‍ കൂട്ടുകാര്‍ ഏറെ ഇഷ്ടപ്പെടുന്ന വിനോദവും ഫോട്ടോഗ്രഫി ആയിരിക്കും. ആദ്യം ക്യാമറയുടെ പ്രവര്‍ത്തനത്തെപ്പറ്റിയും വെളിച്ചം ക്രമീകരിക്കുന്നതിനെ കുറിച്ച് അടിസ്ഥാനകാര്യങ്ങള്‍ പഠിക്കണം. മികച്ച ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത ഫോട്ടോകള്‍ കണ്ടു മനസ്സിലാക്കുന്നതും നല്ലതാണ്. കാണുന്നതിന്റെയെല്ലാം ചിത്രങ്ങളെടുക്കാതെ പ്രകൃതി, വാഹനം, മനുഷ്യര്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിങ്ങനെ ഏതെങ്കിലും പ്രത്യേക മേഖല തിരഞ്ഞെടുക്കണം. കൂടാതെ സൂക്ഷ്മജീവജാലങ്ങളെയും ഷഡ്പദങ്ങളെയും പ്രത്യേക ലെന്‍സ് ഉപയോഗിച്ച് ഫോട്ടോയെടുത്ത് അവയുടെ ആവാസവ്യവസ്ഥയെപ്പറ്റി പഠിക്കാവുന്നതാണ്. മികച്ച ചിത്രങ്ങളുടെ പ്രിന്റ് എടുത്ത് ആല്‍ബമായി സൂക്ഷിക്കാം.

ബോട്ടില്‍ ആര്‍ട്ട്

bottle artഒഴിഞ്ഞ കുപ്പികള്‍ ശേഖരിച്ച് അവയില്‍ മനോഹരമായ ചിത്രങ്ങള്‍ വരക്കുന്നതാണ് ബോട്ടില്‍ ആര്‍ട്ട്. ഇത്തരം കുപ്പികള്‍ കൂട്ടുകാര്‍ക്ക് ജന്മദിന സമ്മാനമായും മറ്റും നല്‍കാവുന്നതുമാണ്.

സ്റ്റാമ്പ് ശേഖരണം

ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്ന വിനോദമാണ് സ്റ്റാമ്പ് ശേഖരണം. ലോകത്ത് ഏറ്റവും അധികം ആളുകളുടെ ഇഷ്ട വിനോദങ്ങളിലൊന്ന്. തപാല്‍ സ്റ്റാമ്പ് ഉപയോഗിച്ചുതുടങ്ങിയ കാലം തൊട്ടേ ആളുകള്‍ അത് ശേഖരിച്ചു തുടങ്ങിയിരുന്നു. ആല്‍ബത്തിലോ നോട്ടുബുക്കില്‍ പശതേച്ചൊട്ടിച്ചോ ഒക്കെ സ്റ്റാമ്പുകള്‍ ശേഖരിക്കാറുണ്ട്. കവറിലും മറ്റും ഒട്ടിച്ചിരിക്കുന്ന സ്റ്റാമ്പുകള്‍ ഇളക്കിയെടുക്കും മുമ്പ് അല്പം വെള്ളം നനച്ചാല്‍ കീറാതെ എളുപ്പത്തില്‍ ഇളകി വരും. വിവിധ രാജ്യങ്ങളെ അക്ഷരമാലക്രമത്തില്‍ തിരിച്ച് സ്റ്റാമ്പുകള്‍ ക്രമീകരിക്കാം. കൂടാതെ കൃഷി, മൃഗങ്ങള്‍, പഴങ്ങള്‍, വ്യക്തികള്‍ തുടങ്ങി ഏതെങ്കിലും വിഷയത്തെ അടിസ്ഥാനമാക്കിയും സ്റ്റാമ്പ് ശേഖരിക്കാം. ഇന്ത്യയില്‍ മഹാത്മാഗാന്ധിയുടെ ചിത്രമുള്ള സ്റ്റാമ്പാണ് ഏറ്റവും കൂടുതല്‍ ഇറങ്ങിയിട്ടുള്ളത്.

നാണയശേഖരണം                                 coins collecting

സ്റ്റാമ്പുകളെപ്പോലെത്തന്നെ മൂല്യമുള്ളതാണ് നാണയ ശേഖരണവും. ഏറ്റവും പഴക്കം ചെന്ന ഹോബികളിലൊന്നാണിത്. ഒരു രാജ്യത്തിന്റെ തന്നെ പലതരം നാണയങ്ങള്‍ പല രാജ്യങ്ങളുടെ നാണയങ്ങള്‍ ഇന്ന് പ്രചാരത്തിലില്ലാത്ത നാണയങ്ങള്‍ എന്നിങ്ങനെ പല രീതിയില്‍ നമ്മുടെ നാണയശേഖരത്തെ തരം തിരിക്കാം. നാണയങ്ങളും കറന്‍സികളും ആല്‍ബങ്ങളില്‍വെച്ചാണ് സൂക്ഷിക്കേണ്ടത്.

ലഭ്യത അനുസരിച്ച് നാണയങ്ങളെ തരംതിരിക്കാറുണ്ട് ഏറ്റവും അപൂര്‍വമായത് R7 എന്ന വിഭാഗത്തിലാണ് വരുക. ലോകത്ത് ആകെ കുറച്ചുള്ള ഇവയുടെ മൂല്യം കോടികളാണ്. R6, R5, R4, R3, R2,R1, C, C2, C3, എന്നിങ്ങനെയാണ് നാണയങ്ങളുടെ ലഭ്യത അനുസരിച്ചുള്ള ക്രമം. ഇ3 ഏറ്റവും സാധാരണമായ നാണയമാണ്.

തൂവല്‍ ശേഖരിക്കാം

feathersനമുക്കുചുറ്റും പലതരം പക്ഷികളുണ്ട് അവയുടെ തൂവലുകള്‍ ശേഖരിക്കുന്നതും ഒരു ഹോബിയാണ്. പക്ഷി നിരീക്ഷണത്തിനൊപ്പം തുടങ്ങാവുന്നതാണ് തൂവല്‍ ശേഖരണവും. ഓരോ തൂവല്‍ കിട്ടുമ്പോഴും അത് എതു പക്ഷിയുടേതാണെന്ന് എഴുതി സൂക്ഷിക്കണം. പക്ഷിയെക്കുറിച്ചുള്ള ചെറു വിവരണവും ഉള്‍പ്പെടുത്താം. തൂവലുകള്‍ കേടുപാട് വരാത്ത വിധത്തില്‍ നോട്ടുബുക്കില്‍ ഒട്ടിച്ച് ആല്‍ബം തയ്യാറാക്കാവുന്നതാണ് തൂവലിനായി പക്ഷികളെ ഉപദ്രവിക്കരുത്. സ്വാഭാവികമായി പൊഴിക്കുന്ന തൂവലുകളേ ശേഖരിക്കാവൂ.

ഹെര്‍ബേറിയം

പേരുകേട്ട് പേടിക്കണ്ടാ. ഇലകള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന ഹോബിയാണ് ഹെര്‍ബേറിയം. വിവിധതരം ഇലകള്‍ ഉണക്കി ശേഖരിക്കുകയും അതോടൊപ്പം ചെടികളുടെ പേരും അവയെ സംബന്ധിക്കുന്ന വിവരങ്ങളും എഴുതി സൂക്ഷിക്കുകയും ചെയ്യാം. ഇലകള്‍ ഒരിക്കലും വെയിലത്തുവെച്ച് ഉണക്കരുത്. കരിഞ്ഞുപോകും. പകരം കട്ടിയുള്ള പുസ്തകത്തിനിടയില്‍ വച്ചാല്‍ കുറച്ചുദിവസം കഴിയുമ്പോള്‍ സൂക്ഷിച്ചുെവക്കാന്‍ പാകത്തിന് ഇലകള്‍ ഉണങ്ങിയിട്ടുണ്ടാകും. ഹെര്‍ബേറിയം ആല്‍ബം ചില പ്രത്യേക രീതിയില്‍ ക്രമീകരിക്കുന്നതാണ് നല്ലത്. പുഷ്പിക്കുന്നത്, പുഷ്പിക്കാത്തത്, കുറ്റിച്ചെടി, വൃഷങ്ങള്‍ തുടങ്ങി വിവിധ തരത്തില്‍ ക്രമീകരിച്ചാല്‍ പിന്നീട് പഠനത്തിനായി എളുപ്പത്തില്‍ ഇവയെ കണ്ടെത്താന്‍ കഴിയും. ഗ്രീസിലും മറ്റും പ്രാചീനകാലം മുതലേ ഹെര്‍ബേറിയം ഉണ്ടാക്കുന്ന പതിവുണ്ടായിരുന്നു. ലോകമെമ്പാടും സസ്യശാസ്ത്ര മ്യൂസിയങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലും അതിവിപുല ഹെര്‍ബേറിയങ്ങള്‍ കാണാം.

ചില ഹോബി വിശേഷങ്ങള്‍

 • കാലിഗ്രഫി : വടിവൊത്ത ൈകയക്ഷരങ്ങളെക്കുറിച്ച് പഠിക്കുകയും ശീലിക്കുകയും ചെയ്യുന്നത്
 • ഹാം റേഡിയോ : ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ഏക ഹോബി
 • ഹെര്‍ബലിസ്റ്റ് : ഇലകള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന ഹോബിയുള്ളവരെ വിളിക്കുന്ന പേര്
 • നാണയ ശേഖരണം : രാജാക്കന്‍മാരുടെ ഹോബി എന്നറിയപ്പെടുന്നു
 • ന്യൂമിസ്മാറ്റിക്ക്സ് : നാണയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം 
 • ഫിലാറ്റെലി : സ്റ്റാമ്പുകളെക്കുറിച്ചുള്ള പഠനം
 • ഫില്ലുമെനിസം :  തീപ്പെട്ടിക്കൂടുകള്‍ ശേഖരിക്കുന്ന ഹോബി
 • ഡെല്‍റ്റിയോളജി  : പോസ്റ്റ് കാര്‍ഡുകള്‍ ശേഖരിക്കുന്നത് 
 • കോണ്‍ലാങ് : കൃത്രിമ ഭാഷകള്‍ സൃഷ്ടിക്കുന്ന ഹോബി
 • ഒറിഗാമി : കടലാസ് ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നത്
 • ഒര്‍ണിത്തോളജി : പക്ഷിനിരീക്ഷണവും പഠനവും
 • ഫാള്‍ക്കോണ്‍ട്രി : പ്രാപ്പിടിയന്‍, പരുന്ത് തുടങ്ങിയ പക്ഷികളെ വേട്ടയ്ക്കും മത്സരപ്പറക്കലിനുമായി ഇണക്കി വളര്‍ത്തുന്ന ഹോബി
 •  ഹെര്‍പ്പെറ്റോ കള്‍ച്ചര്‍ :  പാമ്പുകളെയും ഇഴജന്തുക്കളെയും ഇണക്കി വളര്‍ത്തുന്നത് 
 • എപ്പി കള്‍ച്ചര്‍ : തേനീച്ചകളെ ഇണക്കി വളര്‍ത്തുന്ന ഹോബി 
 • കൂണികള്‍ച്ചര്‍  : മുയലുകളെ ഇണക്കിവളര്‍ത്തുന്നത്

ഇങ്ങനെയുമുണ്ട് ചില വിനോദങ്ങള്‍

ടോയ് വോയേജിങ്

നമ്മുടെ പ്രിയപ്പെട്ട കളിപ്പാട്ടത്തെ വിവിധ ലോകരാജ്യങ്ങള്‍ കാണാന്‍ അയക്കുക എന്ന ഹോബിയാണിത്. വിദേശത്ത് ഈ മേഖലയില്‍ സേവനം ചെയ്യുന്ന പല സ്ഥാപനങ്ങളുണ്ട്. ഓണ്‍ലൈനായി ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ എല്ലാ സന്നാഹങ്ങളും ഒരുക്കി കളിപ്പാട്ടത്തെ യാത്രയ്ക്കു വേണ്ടി അയക്കും. യാത്രചെയ്യുന്ന സ്ഥലത്തിന്റെ പടവും വീഡിയോയും എല്ലാം ഇവര്‍ ഉടമയ്ക്ക് അയച്ചു കൊടുക്കും.

സുക്രോളജി

ഹോട്ടലുകളില്‍ ചായയുടെയും കാപ്പിയുടെയും കൂടെ ലഭിക്കുന്ന ചെറിയ പഞ്ചസാര പാക്കറ്റ് കണ്ടിട്ടില്ലേ. വിവിധ തരത്തിലും നിറത്തിലുമുള്ള ഇത്തരം പാക്കറ്റുകള്‍ ശേഖരിക്കുന്ന ഹോബിക്കു പറയുന്നതാണ് സുക്രോളജി.

വേം ചാമിങ്

പുഴു പിടിത്തമാണ് സംഭവം. ഇത് ഹോബിയാക്കിയ ഒട്ടേറെ ആളുകളുണ്ട്. കേള്‍ക്കുമ്പോ തമാശ തോന്നുമെങ്കിലും ഇതുമായി ബന്ധപ്പെട്ട് രാജ്യാന്തര മത്സരം തന്നെ നടത്താറുണ്ട്. പുല്ല് അധികമുള്ള സ്ഥലമാണ് മത്സരവേദിയായി തിരഞ്ഞെടുക്കുക. നിയമങ്ങള്‍ ലളിതമാണ്. അവരവര്‍ക്ക് അനുവദിച്ച സ്ഥലത്തുനിന്നു നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പുഴുവിനെ പിടിക്കുന്ന ആള്‍ വിജയിയാകും.

ഫോര്‍ക്ക് ബെന്‍ഡിങ്

പേരു സൂചിപ്പിക്കുമ്പോലെ ഫോര്‍ക്ക് പിന്നോട്ട് വളയ്ക്കുന്ന ഹോബിയാണിത്. ജപ്പാന്‍കാര്‍ക്ക് ഇടയിലാണ് ഇതു പ്രസിദ്ധം. ഏകാഗ്രത ഉണ്ടെങ്കില്‍ ഇത് ആര്‍ക്കും സാധിക്കുന്ന കാര്യമാണിത്

സോപ്പ് കാര്‍വിങ്

soapപച്ചക്കറികളിലും പഴങ്ങളിലും പല രൂപങ്ങള്‍ കൊത്തിവെക്കുന്നത് കണ്ടില്ലേ. ഇതുപോലെ സോപ്പില്‍ പൂക്കളുടെ മറ്റും രൂപം ആലേഖനം ചെയ്യുന്നതാണ് ചിലരുടെ ഹോബി.

എക്‌സ്ട്രീം അയണിങ്

ഇസ്തിരിയിടല്‍ എന്ന് ഓര്‍ക്കുമ്പോഴേ മടി ആകുന്നു അല്ലേ. എന്നാല്‍, എക്‌സ്ട്രീം അയണിങ് എന്നൊരു ഹോബിയുണ്ട്. ഇതിനായി വെറുതേ തുണിതേച്ചാല്‍ പോരാ. മലമുകളിലോ പാറയുടെ അറ്റത്തോ മരത്തിന്റെ മുകളിലോ ഒക്കെവെച്ച് സാഹസികമായി വേണം തുണി തേക്കാന്‍.

സ്റ്റോണ്‍ സ്‌കിപ്പിങ്

വെറുതേ ഇരിക്കുമ്പോള്‍ നമ്മള്‍ കുളത്തിലും മറ്റും ചെറിയ കല്ലുകള്‍ എറിഞ്ഞു നേരം കളയാറില്ലേ. ഇതിന് സമാനമായ ഒരു ഹോബിയാണ് സ്റ്റോണ്‍ സ്‌കിപ്പിങ്. ഇതിനായി ഉരുണ്ട കല്ല് പുഴയിലേക്ക് വലിച്ചെറിയും. എന്നാല്‍ കല്ലെറിയുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം. മാക്‌സിമം ബൗണ്‍സ് ചെയ്യിപ്പിക്കുന്ന രീതിയില്‍ വേണം കല്ലെറിയാന്‍.

ലോട്ടോളജി

ലോട്ടറി ടിക്കറ്റുകളുടെ ശേഖരമാണിത്. നറുക്കുവീണ ലോട്ടറി മാത്രമല്ല കേട്ടോ, എല്ലാതരം ലോട്ടറികളോടും ഇവര്‍ക്ക് പ്രിയമാണ്.

മൂലക ശേഖരണം

പീരിയോഡിക് ടേബിളിലെ മൂലകങ്ങള്‍ ശേഖരിക്കുന്നതാണ് ചിലരുടെ ഹോബി. എന്നാല്‍, റേഡിയോആക്ടീവ് മൂലകളൊന്നും ഇത്തരത്തില്‍ ശേഖരിക്കാറില്ല.

Content highlights : know about various types of hobbies for children's