ചില രാജ്യങ്ങളിലെ ക്രിസ്മസ് അപ്പൂപ്പന്മാരെ പരിചയപ്പെട്ടോളൂ...
ഫിൻലാൻഡിലെ ജൗലുപുക്കി
കറുത്ത ആടുകളുടേതുപോലെ തോലും കൊമ്പുമൊക്കെയുള്ള ദുർദേവതകൾ. ഇവർ കുട്ടികളെ പേടിപ്പിക്കാനെത്തുമെന്നായിരുന്നു ഫിൻലാൻഡുകാരുടെ വിശ്വാസം. ഇരുട്ടിന്റെ കൂട്ടാളികളായ ഈ ദുർദേവതകളെ ആട്ടിപ്പായിക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു പുരാതന ഫിൻലാൻഡിൽ. എന്നാൽ ക്രിസ്മസ് ദിനത്തിലെത്തുന്ന ജൗലുപുക്കി ഈ ദുർദേവതകളെ ആട്ടിപ്പായിപ്പിക്കുമെന്നൊരു കഥയുമുണ്ട് അവിടെ. സാന്താക്ലോസിനെ പോലെ വേഷം ധരിച്ചാണ് ജൗലുപുക്കി എത്തുന്നത്. പോയ വർഷത്തെക്കുറിച്ചുള്ള വിേേശഷങ്ങളും വരുംവർഷത്തെ പ്രതീക്ഷകളുമൊക്കെ കുട്ടികളോട് ചോദിച്ചറിഞ്ഞേ ജൗലുപുക്കി മടങ്ങൂ.
ഗ്രാൻഡ് ഫാദർ ഫ്രോസ്റ്റ്
റഷ്യയിൽ ക്രിസ്മസ് സന്ദേശവുമായി എത്തുന്നത് മഞ്ഞപ്പൂപ്പനാണ്. പേര് ഗ്രാൻഡ് ഫാദർ ഫ്രോസ്റ്റ്. പണ്ടുകാലത്ത് മഞ്ഞപ്പൂപ്പൻ ക്രിസ്മസിന്റെ വരവാണ് അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് നവവത്സര ആഘോഷത്തിന്റെ ഭാഗമായാണ് മഞ്ഞപ്പൂപ്പൻ അറിയപ്പെട്ടത്. ഏതായാലും മഞ്ഞപ്പൂപ്പൻ വരുമ്പോൾ കൊച്ചുമകൾ സ്നേഗു രുച്ക (മഞ്ഞുപുത്രി)യെയും കൂടെ കൂട്ടും. കുട്ടികൾക്ക് അനുഗ്രഹം ചൊരിയാനും സമ്മാനങ്ങൾ നൽകാനുമായിട്ടാണ് തൂവെള്ള കുതിരകളെ പൂട്ടിയ കുതിരവണ്ടിയിൽ ഇവർ എത്തുന്നത്.
കങ്കാരു വണ്ടിയിൽ ഒരപ്പൂപ്പൻ
മഞ്ഞു പുതഞ്ഞ വഴികളിലൂടെ റെയിൻഡിയറുകളെ പൂട്ടിയ വണ്ടിയിലാണ് സാന്താക്ലോസ് വരുന്നതെന്നല്ലേ വിശ്വാസം. എന്നാൽ ഓസ്ട്രേലിയക്കാരുടെ സാന്താക്ലോസിന്റെ വണ്ടി വലിക്കുന്നത് കങ്കാരുക്കളാണ്. പലതരത്തിലുള്ള മത്സരങ്ങൾ നടത്തിയും തെരുവുകൾ അലങ്കരിച്ചുമാണ് ഓസ്ട്രേലിയക്കാർ ക്രിസ്മസ് ആഘോഷിക്കുന്നത്. ഇതിൽ നിന്നു കിട്ടുന്ന പണം അവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.
ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചത്
Content highlights :know about curious santa claus facts in some countries