വിചിത്രവും ഭയമുളവാക്കുന്നതുമായ ധാരാളം ആചാരങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. എന്നാല്‍ സാറ്റര്‍ മാവേ എന്ന ജനതയുടെ ആചാരത്തെപ്പറ്റി നിങ്ങള്‍ കേള്‍ക്കാന്‍ സാധ്യതയില്ല. ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളില്‍  കഴിയുന്ന ഒരു ഗോത്രമാണ് സാറ്റര്‍ മാവേ (Satere mawe). പലപ്പോഴും ഏകാന്തവാസം അനുഷ്ഠിക്കുന്ന ഇവര്‍ക്ക് പുറത്തുള്ളവരുമായി വലിയ ബന്ധമൊന്നുമില്ല. എങ്കിലും അപൂര്‍വമായി ചിലപ്പോള്‍ പുറത്തുനിന്നുള്ളവരെ താമസസ്ഥലത്തേക്ക് ഇവര്‍ ക്ഷണിക്കാറുണ്ട്. അവരുടെ തനതായ ജീവിതശൈലിയും ആചാരങ്ങളുമൊക്കെ രേഖപ്പെടുത്താന്‍ വേണ്ടിയാണിത്. മാവേയുടെ പരമ്പരാഗത ജീവിതത്തിനായി ആണ്‍കുട്ടികളെ സജ്ജമാക്കാനായി  അവിടുത്തെ ചെറുപ്പക്കാര്‍ അനുഷ്ടിക്കേണ്ട വിചിത്രമായ ഒരു ആചാരമുണ്ട് - ഉറുമ്പിന്റെ കടി കൊള്ളുക. 

കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും ഈ ആചാരം അനുഷ്ഠിക്കുക അത്ര എളുപ്പമല്ല. ബുള്ളറ്റ് ആന്റ് എന്ന വിഷമുള്ള ഭീകരന്‍ ഉറുമ്പുകളുടെ കടിയാണ് ഏല്‍ക്കേണ്ടി വരുന്നത്. ജീവന്‍ പോകുന്ന വേദന സഹിക്കേണ്ടി വരുമെങ്കിലും മികച്ച ഒരു യോദ്ധാവായി അവിടുത്തെ ജനങ്ങള്‍ ആ ചെറുപ്പക്കാരനെ അംഗീകരിക്കും. ഗോത്രത്തിലെ ആണ്‍കുട്ടികളെ മുതിര്‍ന്ന പുരുഷന്മാരായി അംഗീകരിക്കുന്നതിനുവേണ്ടിയുള്ള ആചാരമാണിത്. ഇലകള്‍കൊണ്ടും മറ്റും പ്രത്യേകം തയ്യാറാക്കിയ കൈയറുകളിലേക്ക് ഡസന്‍കണക്കിന് ഉറുമ്പുകളെ പിടിച്ച് അബോധാവസ്ഥയിലാക്കി നിറയ്ക്കുന്നു. ഈ ഉറുമ്പുകള്‍ ബോധം വീണ്ടെടുത്തു കഴിയുമ്പോള്‍ കൈയുറകള്‍ ആചാരാനുഷ്ഠാനത്തിന് വിധേയരായ ചെറുപ്പക്കാരുടെ കൈകളില്‍ വെയ്ക്കുന്നു. അഞ്ചോ പത്തോ മിനിറ്റ് നേരം കൈയുറകള്‍ അണിഞ്ഞ് നൃത്തം ചെയ്യണം. 

ആ സമയത്ത് കോപാകുലരായ ഉറുമ്പുകള്‍ ചെറുപ്പക്കാരനെ ആവുന്നത്ര ശക്തിയില്‍ കടിക്കുന്നു. ആ കടികളെല്ലാം സഹിച്ച് നില്‍ക്കുന്നവനെ മുതിര്‍ന്നവനായി, മൂപ്പനായി അംഗീകരിക്കുന്നു. ഒരു തേനീച്ചയുടെ കുത്തിനേക്കാള്‍ മൂന്നിരട്ടി വേദനാജനകമാണ് ഒരു ബുള്ളറ്റ് ഉറുമ്പിന്റെ കുത്ത്. കൈയുറകള്‍ നീക്കം ചെയ്താലും ആ ചെറുപ്പക്കാരന് പക്ഷാഘാതവും കൈ താല്‍ക്കാലികമായി തളരുകയും ചെയ്യുന്നു. കഠിനമായ വേദന അനുഭവിക്കുന്നതിനു പുറമേ ദിവസങ്ങളോളം ഭ്രാന്തമായ ഒരു മാനസികാവസ്ഥ നിലനില്‍ക്കുന്നു. ഒരു യോദ്ധാവായ ശേഷം കാട്ടില്‍ നേരിടേണ്ടി വന്നേക്കാവുന്ന ഏത് അപകടം നിറഞ്ഞ അവസ്ഥയേയും സഹിക്കാനുള്ള ശേഷി നേടാനാണ് ഈ ആചാരമെന്ന് ആ ജനത വിശ്വസിക്കുന്നു. ഒരു കഷ്ടപ്പാടും സഹിക്കാതെയും യാതൊരു പരിശ്രമവുമില്ലാതെയും ഒന്നും നേടാനാവില്ലെന്ന് പുരുഷന്മാരെ ബോധ്യപ്പെടുത്താനാണ് ഇതെന്ന് ഗോത്രത്തലവന്‍ പറയുന്നു.

Content highlights : know about a strange ritual of satere mawe tribe's ant bite