ദൂരദർശിനിയുടെ സഹായമില്ലാതെ ഗ്രഹങ്ങളെ കാണാൻ കഴിയുമോയെന്ന് കൂട്ടുകാർ നോക്കിയിട്ടുണ്ടോ? ഇതുവായിച്ചു കഴിഞ്ഞാൽ കൂട്ടുകാർക്ക് കാണാം തിളങ്ങുന്ന ചൊവ്വയും കൂട്ടിന് വ്യാഴവും ശനിയും.

ഗ്രഹങ്ങളെ തിരിച്ചറിയാം...

ആകാശത്തു കാണുന്ന ഒരു വസ്തു ഗ്രഹമാണെന്ന് എങ്ങനെ തിരിച്ചറിയും? നിങ്ങളുടെ സംശയങ്ങൾ നേരിൽക്കണ്ട് പരിഹരിക്കാൻ കഴിയുന്ന സമയമാണ് ഈ മാസം. അസാമാന്യ വലുപ്പവും തിളക്കവുംകൊണ്ട് വിസ്മയിപ്പിക്കുന്ന ചൊവ്വാഗ്രഹത്തെയും തലയ്ക്കു മുകളിയാലായി വ്യാഴം ശനി എന്നീ ഗ്രഹങ്ങളെയും നമുക്ക് ഈ ദിവസങ്ങളിൽ കാണാം.

ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ 5 ഗ്രഹങ്ങളെ നഗ്നനേത്രങ്ങളാൽ ആകാശത്തുകാണാൻ സാധിക്കും. ഈ അഞ്ചുഗ്രഹങ്ങളും ഒരേസമയം ആകാശത്ത് പ്രത്യക്ഷപ്പെടുന്നത് അപൂർവമായാണ്. ചൊവ്വ, ശനി, വ്യാഴം എന്നീ മൂന്നുഗ്രഹങ്ങളെ ഇനിയുള്ള ആഴ്ചകളിൽ സന്ധ്യാകാശത്ത് ഒരേസമയം കാണാനാകും.

ആകാശത്ത് ദൃശ്യമാകുന്ന ഗ്രഹങ്ങൾ കാഴ്ചയിൽ നക്ഷത്രങ്ങളെപ്പോലെയാണ് തോന്നുക. വളരെ തിളക്കമേറിയ, നക്ഷത്രസമാനമായ വസ്തുക്കളിൽ ചിലതെങ്കിലും ഗ്രഹങ്ങളാണ്. ഗ്രഹങ്ങൾ സാധാരണ നക്ഷത്രങ്ങളെപ്പോലെ മിന്നിമിന്നി തിളങ്ങാറില്ല. ഒരു മൊബൈൽ ക്യാമറയിൽ ആകാശത്തിന്റെ ഫോട്ടോ എടുത്തുനോക്കൂ, നന്നായിപ്പതിഞ്ഞിട്ടുള്ള നക്ഷത്രസമാനമായ വസ്തു ഒരു ഗ്രഹമായിരിക്കും.

പൗർണമിച്ചൊവ്വയെ കാണാം

ഈ മാസം സന്ധ്യയ്ക്ക് നേരെ കിഴക്ക്, ചക്രവാളത്തിനു മുകളിലായി വെട്ടിത്തിളങ്ങുന്ന ഇളംചുവപ്പ് നിറമുള്ള വസ്തുവിനെ കാണാം. അതു ചൊവ്വയാണ്. രാത്രി 7.30-ന് നോക്കിയാൽ കിഴക്കേചക്രവാളത്തിൽ ഏതാണ്ട് 20 ഡിഗ്രിക്ക് മുകളിലായായിരിക്കും ചൊവ്വയുടെ സ്ഥാനം. ചൊവ്വയുടെ ഉപരിതലത്തിലെ ഇരുമ്പ് ഓക്സൈഡാണ് അതിന് ചുവപ്പുനിറം സമ്മാനിക്കുന്നത്.

സാധാരണനിലയിൽ, തിളക്കത്തിൽ വ്യാഴത്തിന്റെയും പിന്നിലായാണ് ചൊവ്വയുടെ സ്ഥാനം. സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നിവയാണ് തിളക്കത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ. എന്നാൽ, ഈ ഒക്ടോബറിൽ വ്യാഴത്തെ പിന്നിലാക്കിക്കൊണ്ട് ചൊവ്വ തിളക്കത്തിൽ നാലാമത്തെ വലിയ ആകാശഗോളമായി മാറും.

ചൊവ്വ തിളങ്ങുന്നത്..

ഭൂമി നടുവിലും സൂര്യനും ചന്ദ്രനും ഇരുപുറവുമായി, ഇവ മൂന്നും 180 ഡിഗ്രിയിൽ എത്തുമ്പോഴാണല്ലോ പൗർണമിയുണ്ടാകുന്നത്. അപ്പോൾ കലകളില്ലാത്ത പൂർണചന്ദ്രനെ ഏറ്റവുംതിളക്കത്തിൽ നമുക്കു കാണാനാകും. അതേപോലെ ഈമാസം 13-ന് ചൊവ്വയും സൂര്യനും ഭൂമിക്ക് ഇരുപുറവുമായി നേർവിപരീതദിശകളിൽ എത്തിച്ചേരും. വിയുതി എന്നാണ് ഇതിനെ വിളിക്കുന്നത്. അപ്പോൾ ചൊവ്വയുടെ പ്രകാശിതമായ മുഴുവൻഭാഗവും ഭൂമിക്ക് അഭിമുഖമായിവരും. അങ്ങനെ നമുക്ക് ചൊവ്വയെ അതിന്റെ പരമാവധിതിളക്കത്തിൽ കാണാനാകും. അതായത് നാമിന്നുകാണുന്ന ചൊവ്വ പൗർണമിച്ചൊവ്വയാണ് എന്നർഥം.

ഭൂമിയുടെ അയൽക്കാരൻ

അകലംകുറയുന്നതും വസ്തുക്കളുടെ ശോഭകൂടാൻ കാരണമാകുമല്ലോ. ഭൂമിയോട് വളരെ അടുത്തായാണ് ഇപ്പോൾ ചൊവ്വയുടെ സ്ഥാനം. അതിനാൽ ഇപ്പോൾ കാണുന്ന ചൊവ്വയ്ക്ക് സാധാരണയിലും കൂടുതൽ വലുപ്പംതോന്നിക്കും. പൂർണശോഭയും ഭൂമിയോടുള്ള സാമീപ്യവുമാണ് ചൊവ്വാഗ്രഹത്തിന് ഈ സമയം അസാമാന്യതിളക്കം സമ്മാനിക്കുന്നത്. ഇനിയും ഇപ്രകാരം സംഭവിക്കുന്നതിന് 15 വർഷം കഴിയണം.

വ്യാഴവും ശനിയും തലയ്ക്കുമുകളിൽ

സന്ധ്യയ്ക്ക് തലയ്ക്കുമുകളിൽ, അല്പം തെക്കായി തിളക്കമുള്ള രണ്ടുവസ്തുക്കളെ കാണാം (ആഭാഗത്ത് അതിലുംതിളക്കമുള്ള നക്ഷത്രസമാനമായ വസ്തുക്കൾ ഇല്ല). അതിൽ ഏറ്റവുംതിളക്കമുള്ള വസ്തു ഗ്രഹഭീമനായ വ്യാഴവും അതിനടുത്ത്, ഇടതുഭാഗത്തായി തിളക്കത്തിൽ രണ്ടാമത്തേതായി കാണുന്നവസ്തു ശനിയുമാണ്.

വ്യാഴം ശനി എന്നിവ സ്ഥിതിചെയ്യുന്ന ഭാഗത്ത് അല്പനേരം നോക്കിനിന്നാൽ, തിളക്കമുള്ള ചില നക്ഷത്രങ്ങളെ കാണാം. ധനു എന്ന നക്ഷത്രഗണമാണത്. അതിനു താഴെയായി, തെക്കുപടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ കാണുന്ന വൃശ്ചികമെന്ന നക്ഷത്രഗണത്തേയും ചിത്രത്തിന്റെ സഹായത്താൽ തിരിച്ചറിയാൻ ശ്രമിക്കുമല്ലോ.

ഗ്രഹങ്ങൾ ഗഗനചാരികൾ

നിരന്തരം നിരീക്ഷിക്കുകയാണെങ്കിൽ വ്യാഴവും ശനിയും ധനുവിൽനിന്നും മെല്ലെമെല്ലെ അകന്നുപോകുന്നതായി കാണാം, അഥവാ ഈ രണ്ടു വസ്തുക്കളും നക്ഷത്രങ്ങൾക്കിടയിലൂടെ കിഴക്കുദിശയിലേക്ക് സഞ്ചരിക്കുന്നതായി തോന്നും. ഇപ്പോൾ വ്യാഴം പിന്നിലും ശനി മുന്നിലുമാണ്. എന്നാൽ വ്യത്യസ്തവേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ഡിസംബർ ആകുമ്പോഴേക്കും വ്യാഴം ശനിയുടെ തൊട്ടടുത്തുവരും. പിന്നീട് വ്യാഴം ശനിയെ പിന്നിലാക്കി മുന്നോട്ടു പോകുകയും ചെയ്യും.

ഇങ്ങനെ നക്ഷത്രങ്ങളെയപേക്ഷിച്ച് സ്ഥാനമാറ്റം വരുന്ന വസ്തുക്കളെയാണ് പൗരാണികർ ഗ്രഹങ്ങൾ എന്നുവിളിച്ചത്. സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്നതുകൊണ്ടാണ് ഗ്രഹങ്ങൾ നക്ഷത്രങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നതായി കാണപ്പെടുന്നത്. ശാസ്ത്രജ്ഞർക്ക് മാത്രമല്ല നിങ്ങൾക്കും ഗ്രഹങ്ങളുടെ ഈ സ്ഥാനമാറ്റവും സഞ്ചാരവുമൊക്കെ നിരീക്ഷിച്ച് നിഗമനങ്ങളിൽ എത്തിച്ചേരാനാകും. അപ്പോൾ ഇന്നുതന്നെ ഗ്രഹങ്ങളെ കണ്ടു മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ.

Content Highlights: Kids can see mars even without having a telescope, Astronomy, vidya