ചെന്ത്രാപ്പിന്നി/ തൃശ്ശൂർ: നാടകാചാര്യന്മാർ അരങ്ങ് തകർത്ത മണപ്പുറത്തിന്റെ മണ്ണിൽ പാരമ്പര്യം നിലനിർത്താനൊരുങ്ങി വിദ്യാർഥികൾ. നാടകത്തെ കൂടുതലറിയുന്നതിനും പഠിക്കുന്നതിനുംവേണ്ടി സ്കൂൾ വിദ്യാർഥികൾക്ക് 'തിയേറ്റർ' എന്ന പേരിൽ അമെച്വര്‍ നാടകപരിശീലനകേന്ദ്രമാണ് ചാമക്കാല കേന്ദ്രീകരിച്ച് തുടങ്ങിയത്.

ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികളും നാടക- ചലച്ചിത്രമേഖലകളിൽ സജീവമായവരുമായ ഷൈജൻ ശ്രീവത്സം, സജീവൻ നാട്ടിക, ദിനേഷ് പള്ളത്ത് തുടങ്ങിയവരാണ് പഠനകേന്ദ്രത്തിന്റെ അണിയറയിൽ. പ്രതാപൻ നെല്ലിക്കത്തറ, ബിന്ദു അന്തിക്കാട്, കവയിത്രി ബൾക്കിസ് ഭാനു എന്നിവരും നാടകക്കൂട്ടായ്മയ്ക്ക് ഊർജം പകരാൻ കൂടെയുണ്ട്.

കോവിഡ്കാലത്ത് വിദ്യാലയങ്ങൾ അടഞ്ഞതോടെ മാനസികസമ്മർദം ഏറെ അനുഭവിക്കുന്ന കുട്ടികൾക്ക് തെല്ലൊരു ആശ്വാസവും ഒപ്പം കഴിവുള്ളവരെ അരങ്ങിലേക്ക് കൈപിടിച്ചുയർത്തുന്നതിനും വേണ്ടിയാണ് നാടകപ്രവർത്തകരുടെ ഈ സംരംഭം. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും തിരക്കഥാകൃത്തുമായ ദിനേഷ് പള്ളത്തിന്റെ 'ദ ലാസ്റ്റ് ട്രെയിൻ' എന്ന നാടകത്തിന്റെ പരിശീലനമാണ് കോവിഡ് മാനദണ്ഡങ്ങളോടെ ഇപ്പോൾ നടക്കുന്നത്. ഓൺലൈൻ അഭിനയക്കളരിയുമുണ്ട്.

അരങ്ങിനെയും അണിയറയെയും പരിചയപ്പെടുന്നതിനൊപ്പം നാടകങ്ങളുടെ ചർച്ചയ്ക്കും സംവാദത്തിനുമെല്ലാം തിയേറ്ററിൽ അവസരമുണ്ട്. നാടകത്തിന്റെ വിവിധതലങ്ങളെക്കുറിച്ച് അടുത്തറിയുന്നതിനുവേണ്ടി അന്തർദേശീയ നിലവാരമുള്ള നാടകങ്ങൾ ഉൾപ്പെടുത്തി വിവിധയിടങ്ങളിലായി ക്യാമ്പുകൾ കോവിഡ്കാലത്തിനുശേഷം നടത്താനും സംഘാടകർക്ക് ലക്ഷ്യമുണ്ട്.

സാഹചര്യം അനുകൂലമാവുകയാണെങ്കിൽ കുട്ടികളെ ഇപ്പോൾ പരിശീലിപ്പിക്കുന്ന നാടകം ഡിസംബർ അവസാനവാരത്തോടെ അരങ്ങിലെത്തിക്കാനാണ് ശ്രമം.

Content Highlights: Kids are practicing plays for performing