കോട്ടയ്ക്കൽ/മലപ്പുറം: നട്ടുവളർത്തിയ നെല്ലിമരം ആരോ മുറിച്ചുകളഞ്ഞതിന്റെ സങ്കടം പങ്കുവെയ്ക്കാനായി ആറാംക്ലാസുകാരൻ 'ചിരി'യിലേക്ക് വിളിച്ചു. പിന്നാലെ, രണ്ട് നെല്ലിമരവുമായി പാലോട് പോലീസ്സ്റ്റേഷനിൽനിന്ന് ആളെത്തി പ്രശ്നത്തിന് പരിഹാരവുംകണ്ടു. പോലീസ് ആരംഭിച്ച'ചിരി'പദ്ധതിയുടെ കോൾ സെന്ററിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇതുപോലെ ഓരോ ദിവസവും നൂറുകണക്കിന് വിളിയെത്തും.
ഇതുവരെ 2,500-ലധികം പേരാണ് വിളിച്ചത്. കുട്ടികളിലെ മാനസികസമ്മർദ്ദം കുറയ്ക്കാനായാണ് 'ചിരി' ആരംഭിച്ചത്. കോവിഡ്മൂലം വീട്ടിൽ അടച്ചിരിക്കേണ്ടിവന്ന കുട്ടികൾക്കാണ് 'ചിരി' ആശ്വാസമായത്. കുട്ടികൾക്കുപുറമേ അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി ചിരിയിലേക്ക് വിളിക്കുന്നുണ്ട്.
ഓൺലൈൻ പഠനത്തിന്റെ ബുദ്ധിമുട്ടുകൾ, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്റെ വിഷമം, കുടുംബവഴക്ക് തുടങ്ങി പലവിധ പ്രശ്നങ്ങളുമായാണ് കുട്ടികൾ വിളിക്കുന്നത്. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്ക്ക് പരിഹാരംതേടിയാണ് രക്ഷിതാക്കളുടെ വിളി.
പരിചയസമ്പന്നരായ മനഃശാസ്ത്രവിദഗ്ദ്ധരുടെ സേവനമാണ് ലഭ്യമാക്കുന്നത്. മുതിർന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയിൽ അംഗങ്ങളായ കുട്ടികളിൽനിന്ന് തിരഞ്ഞെടുത്ത് പരിശീലനംനൽകിയ 300-ഓളം കുട്ടികൾ എന്നിവരാണ് ചിരിയിലെ വൊളന്റിയർമാർ.
എല്ലാ ജില്ലകളിലെയും അഡീഷണൽ എസ്.പിമാരും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചുമതലയുള്ള ഡി.വൈ.എസ്.പിമാരുമാണ് പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നത്. 9497900200 ആണ് ഹെൽപ്പ് ലൈൻ നമ്പർ.
Content Highlights: Kids are calling to Kerala police's Stress relief program chiri