മറയൂർ: കള്ളൻമാരുടെ മണംപിടിച്ച് കിച്ചു ഓടും. ചിലപ്പോൾ ഘോരവനാന്തരങ്ങളിലൂടെ. മറ്റ് ചിലപ്പോൾ ആരും കാണാത്ത ഇടവഴി താണ്ടി ഒളിസ്ഥലങ്ങളിലേക്ക്. കാട്ടുകള്ളൻമാരുടെ പേടിസ്വപ്നമായി ഒൻപത് വർഷം. വനംവകുപ്പ് ഡോഗ് സ്ക്വാഡിലെ ആദ്യ അംഗം കിച്ചു തന്റെ അതിസാഹസികമായിരുന്ന ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചിരിക്കുകയാണ്.

മറയൂരിലെ വലിയ ചന്ദനക്കടത്ത് കേസുകൾക്ക് തുമ്പുകണ്ടെത്തിയ ലാബ്രഡോർ ഇനത്തിൽപ്പെട്ട മിടുക്കന്റെ വിശ്രമജീവിതം ആനന്ദകരമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും വനംവകുപ്പ് ഒരുക്കിക്കഴിഞ്ഞു.

ഡിംഗോയിൽനിന്ന് കിച്ചുവിലേക്ക്

2010 ഏപ്രിൽ 22-ന് തിരുവനന്തപുരത്താണ് കിച്ചു ജനിച്ചത്. ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ തൃശ്ശൂർ കെപ്പ പോലീസ് അക്കാദമി അധികൃതർ കിച്ചുവിനെ വാങ്ങിക്കൊണ്ടു പോകുകയായിരുന്നു. ഡിംഗോ എന്ന് പേരുമിട്ടു.

Kichu is retiring from his official duties Kerala police Dog squad
സംരക്ഷകന്‍ മനുവിനൊപ്പം കിച്ചു

പിന്നെ പരിശീലനകാലമായിരുന്നു. അപ്പോഴായിരുന്നു വനംവകുപ്പുകാർ ചന്ദനക്കള്ളക്കടത്ത് കേസ് തെളിയിക്കുന്നതിനായി ശ്വാനസേന സജ്ജമാക്കാൻ തീരുമാനിച്ചത്. മറയൂരിലെ അന്നത്തെ വനംവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും അക്കാദമിയിലെത്തി നായ്ക്കുട്ടികളെ കണ്ടു. എല്ലാവർക്കും ഡിംഗോയെയാണ് ഇഷ്ടപ്പെട്ടത്. അന്നുതൊട്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.പി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായി പരിശീലനം. 2011 ഓഗസ്റ്റ് 19-ന് മറയൂർ നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷനിൽ ഡിംഗോ ചാർജെടുത്തതോടെ വനംവകുപ്പിന്റെ കീഴിലെ സംസ്ഥാനത്തെ ആദ്യ ഡോഗ് സ്ക്വാഡ് നിലവിൽവന്നു. എന്നാൽ, ഡിംഗോ എന്ന പേര് ഇവിടുത്തെ വനംവകുപ്പുകാർക്ക് ഇഷ്ടമായില്ല. അവർ അവനെ കിച്ചു എന്ന ഓമനപ്പേരിട്ട് വിളിച്ചു തുടങ്ങി.

ഒരുവർഷം അധിക സേവനം

എട്ട് വയസ്സായപ്പോൾ കിച്ചുവിന്റെ സേവന കാലാവധി തീർന്നതാണ്. എന്നാൽ, കിച്ചുവിന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന മറയൂർ റേഞ്ച് ഓഫീസർ 2018-ൽ കാലാവധി നീട്ടണമെന്ന് മേലധികാരികൾക്ക് അപേക്ഷ നൽകി. തുടർന്ന് ഒരു വർഷംകൂടി നീട്ടിക്കിട്ടുകയായിരുന്നു.

തുമ്പുണ്ടാക്കിയ 34 കേസുകൾ

കിച്ചുവിന്റെ വരവോടെ മറയൂരിലെ ചന്ദനക്കേസുകൾക്ക് വേഗം തുമ്പുണ്ടായിത്തുടങ്ങി. ഒന്നും രണ്ടുമല്ല, 34 കേസുകൾ തെളിയാൻ കാരണമായത് കിച്ചുവാണ്.

കാന്തല്ലൂർ വേട്ടക്കാരൻകോവിലിൽ ചന്ദനം ചുമന്നുകൊണ്ടുപോയ മോഷ്ടാക്കൾ ഒളിച്ചുതാമസിച്ച സ്ഥലം കണ്ടെത്തിയത് ഈ ട്രാക്കർ നായയായിരുന്നു.

ഇനി പെൽവിൻ

ഇപ്പോൾ ജെർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട പെൽവിൻ എന്ന നായയാണ് മറയൂരിലെ ഡോഗ് സ്ക്വാഡിലുള്ളത്. തേക്കടിയിലും ഇരവികുളത്തും ഇപ്പോൾ ഡോഗ് സ്ക്വാഡുണ്ട്.

കിച്ചുവിനെ അറിയാം

ഇനം- ലാബ്രഡോർ

വിഭാഗം- ട്രാക്കർ

(മനുഷ്യന്റെ ഗന്ധം പിൻതുടർന്ന് തെളിവ് കണ്ടെത്തുന്ന ഇനം)

ആദ്യപേര്- ഡിംഗോ

ജനനം- 2010 ഏപ്രിൽ 22

വയസ്- 10 വർഷം നാല് മാസം

സ്വദേശം- തിരുവനന്തപുരം

പരിശീലനം- പോലീസ് അക്കാദമി, തൃശ്ശൂർ

മറയൂരെത്തിയത്- 2011 ഓഗസ്റ്റ് 19

തുമ്പുകണ്ടെത്തിയ കേസുകൾ- 34.

വിശ്രമജീവിതം അടിപൊളിയാണ്

വനംവകുപ്പ് ട്രൈബൽ വാച്ചറും ശ്വാനപരിശീലകനുമായ കെ.മനുവാണ് ഇപ്പോൾ കിച്ചുവിനെ സംരക്ഷിക്കുന്നത്. താമസം ഡോഗ് സ്ക്വാഡിന്റെ സ്ഥലത്തുതന്നെ. രാവിലെ കാൽ ലിറ്റർ പാലിൽ ഒരുലിറ്റർ വെള്ളം ചേർത്ത് നൽകും. പിന്നെ വ്യായാമത്തിനായി സ്റ്റേഷൻ വളപ്പിൽ നടത്തും. വൈകീട്ട് 150ഗ്രാം അരി വേവിച്ചതും 200ഗ്രാം ചിക്കൻ ക്യാരറ്റിനും ബീൻസിനുമൊപ്പം ഇട്ട് വേവിച്ചതും കൊടുക്കും. പിന്നെ, ഉദ്യോഗസ്ഥരുടെ സ്നേഹവും.

Content Highlights: Kichu is retiring from his official duties, Kerala police Dog squad