കൂട്ടുകാരില്‍ പലര്‍ക്കും പരിചയമുള്ള ഒരു പദമായിരിക്കും ഗാനിമീഡ് (Ganymede). വ്യാഴത്തിന്റെ ചന്ദ്രന്‍, സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രന്‍, വലുപ്പത്തില്‍ ബുധഗ്രഹത്തെ വെല്ലുന്ന വമ്പന്‍. സൗരയൂഥത്തില്‍ കാന്തമണ്ഡലമുള്ള ഒരേയൊരു ചന്ദ്രനായ ഗാനിമീഡ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. എന്താണ് കാരണം? അമേരിക്കന്‍ ബഹിരാകാശവാഹനമായ ജൂണോ പ്രസ്തുത ചന്ദ്രന്റെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. ഈ ചന്ദ്രന്റെ ഉത്തരധ്രുവത്തിന്റെ ചിത്രമാണ് നമുക്കിപ്പോള്‍ ലഭ്യമായിരിക്കുന്നത്.
ഏറെക്കുറെ ഹിമാവൃതമായ ഈ ചന്ദ്രന് വ്യാഴത്തിന്റെ അറിയപ്പെടുന്ന മറ്റ് എഴുപത്തൊന്‍പത് ചന്ദ്രന്മാരുടെ കഥ പറയാന്‍ കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വ്യാഴത്തിന്റെ അതിശക്തമായ കാന്തമണ്ഡലം ഗാനിമീഡിന്റെ ഹിമപാളികളില്‍ സൃഷ്ടിക്കുന്ന 'വിരല്‍നഖപ്പാടുകള്‍' ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അന്തരീക്ഷമില്ലാത്ത ഗാനിമീഡ് സ്വന്തമായി കാന്തമണ്ഡലമുള്ള സൗരയൂഥത്തിലെ ഒരേയൊരു ചന്ദ്രനാണ്.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ, വ്യാഴം ഗ്രഹത്തെപ്പറ്റി പഠിക്കാന്‍ അയച്ച ബഹിരാകാശ വാഹനമാണ് ജൂണോ. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഈ വാഹനത്തിലെ ജിറാം (ജോവിയന്‍ ഇന്‍ഫ്രാറെഡ് അറോല്‍ മേപ്പല്‍) ഗാനിമീഡിന്റെ ഉത്തരധ്രുവത്തിന്റെ വിശദമായ ചിത്രങ്ങളെടുത്തു. ഈ ഉപഗ്രഹത്തെ എവിടെ, എപ്പോള്‍ കാണാമെന്നായിരിക്കും അടുത്ത സംശയം. രാത്രിയാകുന്നതോടെ വ്യാഴഗ്രഹം തെക്കുകിഴക്കന്‍ മാനത്ത് ഉദിച്ചുയര്‍ന്നിട്ടുണ്ടാകും. ഒരു ചെറിയ ടെലിസ്‌കോപ്പോ ബൈനോക്കുലറോ ഉപയോഗിച്ചാല്‍ കൂട്ടുകാര്‍ക്ക് വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെയും കാണാന്‍ കഴിയും. കണ്ട ചന്ദ്രന്മാരില്‍ ഗാനിമീഡ് ഏതെന്ന് തിരിച്ചറിയാന്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടാം.
Content highlights : jupiter's huge moon ganymede's new image released juno