ബെംഗളൂരു: ചന്ദ്രോപരിതലത്തിൽ ഓർബിറ്റർ പകർത്തിയ ഗർത്തത്തിന് ഡോ. വിക്രം സാരാഭായിയുടെ പേര് നൽകി ഐ.എസ്.ആർ.ഒ. ഗർത്തത്തിന്റെ ത്രിമാന ചിത്രം ഓർബിറ്ററിലെ ടെറൈൻ മാപ്പിങ് ക്യാമറയാണ് പകർത്തിയത്. ചന്ദ്രയാൻ- രണ്ട് ദൗത്യത്തിൽ ഉൾപ്പെട്ട ഓർബിറ്റർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവർത്തിച്ചുവരികയാണ്.

ചന്ദ്രന്റെ ഉപരിതലത്തിൽ അപ്പോളോ-17, ലൂണ-21 പേടകങ്ങൾ ഇറങ്ങിയ സ്ഥലത്തുനിന്ന് 250 മുതൽ 300 കിലോമീറ്റർ അകലെ കിഴക്കായാണ് 1.7 കിലോമീറ്റർ ആഴമുള്ള ഗർത്തം സ്ഥിതിചെയ്യുന്നത്. ഇതിന് 25 മുതൽ 35 ഡിഗ്രിവരെ ചെരിവുണ്ടെന്നും ചന്ദ്രപര്യവേക്ഷണത്തിൽ ഈ കണ്ടെത്തൽ കൂടുതൽ സഹായമാകുമെന്നും ഐ.എസ്.ആർ.ഒ. പറയുന്നു.

ജൂലായ് 30-നാണ് ഓർബിറ്റർ ഗർത്തത്തിന്റെ ചിത്രമെടുത്തത്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ ജന്മശതാബ്ദി വാർഷികത്തിൽ അദ്ദേഹത്തിന് ആദരം അർപ്പിച്ചാണ് ഗർത്തത്തിന് പേര് നൽകിയത്. ഇതിന് ചുറ്റുമുള്ള ചെറിയ ഗർത്തങ്ങളുടെ ചിത്രവും കാണാം. ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ ശേഖരിച്ച ശാസ്ത്രീയ കണ്ടെത്തലുകൾ ഒക്ടോബറിൽ പുറത്തുവിടുമെന്നും ഐ.എസ്.ആർ.ഒ. അറിയിച്ചു.

Content Highlights: ISRO shares image of moon crater captured by Chandrayaan-2 and names it 'Vikram Sarabhai'