ആലപ്പുഴ: അന്താരാഷ്ട്ര ബഹിരാകാശനിലയം ഈ മാസവും കേരളത്തിന് മുകളിലൂടെ കടന്നുപോകും. ഇത് നഗ്നനേത്രങ്ങൾകൊണ്ട് കാണാനാകും. തിങ്കളാഴ്ചയാണ് ഏറ്റവും നന്നായി കാണാൻ കഴിയുക. വൈകീട്ട് 7.44-മുതൽ ആറുമിനിറ്റോളം നിലയം ആകാശത്ത് പ്രത്യക്ഷപ്പെടും. തെക്ക് ചക്രവാളത്തോടുചേർന്ന് കണ്ടുതുടങ്ങും. വടക്കുകിഴക്കായി ചക്രവാളത്തിൽ അസ്തമിക്കും. 75 ഡിഗ്രിവരെ ഉയരത്തിലെത്തുന്നതിനാൽ വളരെ നന്നായി കാണാൻ കഴിയും. ഏപ്രിലിലും നിലയം കേരളത്തിന് മുകളിലൂടെ പോയിരുന്നു. ഇക്കുറി കേരളത്തിൽ 19-വരെ ഈ ആകാശക്കാഴ്ചയുണ്ട്.

16-ന് രാവിലെ 5.41-മുതൽ ആറുമിനിറ്റ് കാണാം. വടക്കുദിക്കിലായി കണ്ടുതുടങ്ങി തെക്കുകിഴക്കായി അസ്തമിക്കും. 46 ഡിഗ്രി ഉയരത്തിൽ എത്തും. കണ്ടുതുടങ്ങുന്നതും അസ്തമിക്കുന്നതും ഏതാണ്ട് ചക്രവാളത്തോടുചേർന്നാണ്. അന്നു വൈകീട്ടും കാണാം. 7.02-ന് വടക്കുദിക്കിൽ 20 ഡിഗ്രി ഉയരത്തിൽ പ്രത്യക്ഷപ്പെട്ട് വടക്കുകിഴക്കായി അസ്തമിക്കും. 17-ന് രാവിലെ 4.54-മുതൽ അഞ്ചുമിനിറ്റുവരെ കാണാം. വടക്കുദിക്കിൽ 10 ഡിഗ്രി ഉയരത്തിൽ പ്രത്യക്ഷപ്പെടും. 20 ഡിഗ്രിവരെ മാത്രമാവും ഉയരുക. കിഴക്കുദിക്കിലായി അസ്തമിക്കും.

18-ന് രാവിലെ 5.42-മുതൽ അഞ്ചുമിനിറ്റ് കാണാം. പടിഞ്ഞാറ് 11 ഡിഗ്രി ഉയരത്തിൽ കണ്ടുതുടങ്ങും. 27 ഡിഗ്രിവരെ ഉയരും. തെക്ക് അസ്തമിക്കും. 19-നും നന്നായി കാണാനാകും. രാവിലെ 4.55-മുതൽ വടക്കുപടിഞ്ഞാറ് 29 ഡിഗ്രി ഉയരത്തിലാവും പ്രത്യക്ഷപ്പെടുക. 70 ഡിഗ്രിവരെ ഉയരും. തെക്കുദിക്കിലായി അസ്തമിക്കും. 14-ന് വൈകീട്ട് 7.02-ന് വടക്കുകിഴക്ക് 11 ഡിഗ്രി ഉയരത്തിലും 15-ന് വൈകീട്ട് 7.49-ന് വടക്കുപടിഞ്ഞാറായി 17 ഡിഗ്രി ഉയരത്തിലും കടന്നുപോകും. ഈ ദിവസങ്ങളിൽ ഒരു മിനിറ്റാണ് കാണാനാവുക.

മാനത്ത് കാഴ്ചപ്പൂരം

വാനനിരീക്ഷകർക്കും ഇതിൽ താത്‌പര്യമുള്ളവർക്കുമായി രണ്ട് വ്യത്യസ്ത കാഴ്ചകളാണ് ഈ മാസം ആകാശത്തുള്ളത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന് പുറമേ നിയോവൈസ് എന്ന വാൽനക്ഷത്രവും. ഇതിനെയും നഗ്നനേത്രങ്ങളാൽ കാണാമെന്നതാണ് പ്രത്യേകത. 22-നാണ് ഈ വാൽനക്ഷത്രവും ഭൂമിയുമായുള്ള അകലം ഏറ്റവും കുറയുന്നത്.

അന്താരാഷ്ട്ര ബഹിരാകാശനിലയം

അമേരിക്ക, റഷ്യ, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ആറ് രാജ്യങ്ങൾ എന്നിവർ ചേർന്ന് നിർമിച്ച വലിയ ബഹിരാകാശനിലയം. ഭൂമിയിൽനിന്ന് 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടയ്ക്കുള്ള ഭ്രമണപഥത്തിൽ സഞ്ചാരം. സഞ്ചാരവേഗം സെക്കൻഡിൽ 7.66 കിലോമീറ്റർ. മണിക്കൂറിൽ 27,600 കിലോമീറ്റർ. 92.69 മിനിറ്റുകൊണ്ട് ഭൂമിയെ ഒരുതവണ വലംവെക്കും. ദിവസം 15.54 തവണ ഭൂമിയെ ചുറ്റും. ഭാരം 4,19,455 കിലോഗ്രാം. നീളം 72.8 മീറ്റർ, വീതി 108.5 മീറ്റർ, താമസയോഗ്യമായ സ്ഥലത്തിന്റെ വ്യാപ്തി 935 ഘനമീറ്റർ. ആറുപേർക്ക് താമസിക്കാൻ സൗകര്യം. ഇപ്പോൾ അഞ്ചുപേരാണുള്ളത്.

Content Highlights: International Space Station will be visible from earth