'അക്ഷരമക്ഷര മറിയേണം
അക്ഷരമായുധമറിയേണം...'

സാക്ഷരതായജ്ഞകാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം അലയടിച്ചിരുന്ന വരികളായിരുന്നു ഇത്. എല്ലാവരും അക്ഷരാഭ്യാസം നേടേണ്ടതിന്റെ ആവശ്യം മുന്നിൽക്കണ്ട് കേരളം വർഷങ്ങൾക്കുമുമ്പേതന്നെ ഏറ്റെടുത്ത് വിജയിപ്പിച്ചതാണ് സമ്പൂർണ സാക്ഷരതാപദ്ധതി. ഇതേ ആശയം ലോകമൊട്ടാകെ പരത്താനും സാക്ഷാത്‌കരിക്കാനുമാണ് സെപ്റ്റംബർ എട്ടിന് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കുന്നത്.

ആശയം

'സാക്ഷരത, പഠനം; കോവിഡ് കാലത്തും ശേഷവും' എന്നതാണ് ഇത്തവണത്തെ സാക്ഷരതാദിനത്തിന്റെ ആശയം. ഈ കോവിഡ് കാലത്ത് കൂട്ടുകാരെല്ലാം പഠനത്തിന് ഓൺലൈൻ വേദികളിലേക്ക് ചേക്കേറിയിരിക്കുകയാണല്ലോ. പഠനരംഗത്ത് ലോകംകണ്ട ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്നിലൂടെയാണ് നിങ്ങളിപ്പോൾ കടന്നുപോകുന്നത്. ലോകത്തെ എല്ലാ വ്യക്തികൾക്കും എഴുതാനും വായിക്കാനുമുള്ള കഴിവുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കാനാണ് ഓരോവർഷവും സാക്ഷരതാദിനം ആചരിക്കുന്നത്. ഈ കോവിഡ് കാലത്ത് ലോകത്ത് കോടിക്കണക്കിന് വിദ്യാർഥികളുടെ പഠനം മുടങ്ങിയെന്ന കാര്യം ഈ വർഷത്തെ സാക്ഷരതാദിനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

സാക്ഷരതാദിനം 1966 മുതൽ

1966 മുതലാണ് യുനെസ്കോ അന്താരാഷ്ട്ര സാക്ഷരതാദിനം ആചരിക്കാൻ തുടങ്ങിയത്. വ്യക്തികളെയും സമൂഹത്തെയും സാക്ഷരതയുടെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനും സമൂഹത്തെ സാക്ഷരരാക്കാൻ പ്രയത്നിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതിനുമാണിത്. ലോകത്താകമാനമുള്ള ആളുകൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് 2015-ലെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന അജൻഡയിൽ പറയുന്നത്.

മേൽക്കോയ്മ നിലനിർത്തി കേരളം

96.2 ശതമാനവുമായി കേരളമാണ് രാജ്യത്തെ ഏറ്റവും സാക്ഷരതാനിരക്കുള്ള സംസ്ഥാനം (ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണക്ക്). രാജ്യത്തിന്റെ ശരാശരി സാക്ഷരതാനിരക്ക് 77 ശതമാനമാണ്. 66.4 ശതമാനവുമായി ആന്ധ്രാപ്രദേശാണ് സാക്ഷരത ഏറ്റവും കുറവുള്ള സംസ്ഥാനം.

നിങ്ങൾക്കറിയാമോ?

* ലോകത്ത് 77.3 കോടി പേരും പ്രാഥമിക സാക്ഷരതയില്ലാത്തവരാണ്

* 61.3 കോടി കുട്ടികളും കൗമാരക്കാരും വായിക്കാനും കണക്കുകൂട്ടാനും ശിക്ഷണം ലഭിക്കാത്തവരാണ്

* കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ആദ്യഘട്ടത്തോടെത്തന്നെ ലോകത്തെ       62.3 ശതമാനം കുട്ടികളുടെ പഠനം മുടങ്ങി.

Content Highlights: International literacy Day, Covid-19