നാധിപത്യത്തിന്റെ അര്‍ഥവും പ്രാധാന്യവും പൊതുജനങ്ങളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 15 അന്തര്‍ദേശീയ ജനാധിപത്യ ദിനമായി ആചരിക്കുന്നു. വികസനം, മനുഷ്യാവകാശ സംരക്ഷണം, സമാധാനം എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് ഐക്യരാഷ്ട്രസഭ (യു.എന്‍) നിലകൊള്ളുന്നത്. ശക്തവും ക്രിയാത്മകവും പ്രതികരണാത്മകവും ആയ പൗരസമൂഹത്തിലൂടെ മാത്രമേ ജനാധിപത്യം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂവെന്ന് ഐക്യരാഷ്ട്ര സഭ തിരിച്ചറിയുന്നു. ഈ പശ്ചാത്തലത്തില്‍ 2007 നവംബര്‍ എട്ടിന് കൂടിയ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 15 അന്തര്‍ദേശീയ ജനാധിപത്യ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു.

എന്തുകൊണ്ട് സെപ്റ്റംബര്‍ 15?

1997 സെപ്റ്റംബര്‍ 15ന് കൂടിയ ഇന്റര്‍ പാര്‍ലമെന്ററി കൗണ്‍സിലാണ് ജനാധിപത്യത്തിന്റെ ആഗോള പ്രഖ്യാപനം നടത്തിയത്. അന്തര്‍ദേശീയ ജനാധിപത്യദിനം ആദ്യമായി ആചരിച്ചത് 2008 സെപ്റ്റംബര്‍ 15നാണ്.

ജനാധിപത്യം എന്ന പദം ഉദ്ഭവിച്ചത്?

ഗ്രീക്കിലെ 'ഡെമോസ്' (Demos), 'ക്രാട്ടോസ്' (Kratos) എന്നീ പദങ്ങളില്‍ നിന്നാണ് ജനാധിപത്യം (Democracy) എന്ന പദം ഉദ്ഭവിച്ചത്. 'ഡെമോസ്' എന്നാല്‍ ജനങ്ങള്‍, 'ക്രാട്ടോസ്' എന്നാല്‍ അധികാരം; അതായത് ജനങ്ങളുടെ അധികാരം. ജനാധിപത്യത്തിന്റെ ഉദ്ഭവം ഗ്രീസിലാണ്.

പ്രത്യക്ഷ ജനാധിപത്യത്തിന് കീര്‍ത്തികേട്ട രാജ്യം

ജനാധിപത്യഭരണ സമ്പ്രദായം രണ്ട് രീതിയിലുണ്ട്  പ്രത്യക്ഷ ജനാധിപത്യവും പരോക്ഷ ജനാധിപത്യവും. ഭരണത്തില്‍ ജനങ്ങള്‍ക്ക് നേരിട്ട് പങ്കുള്ളതിനെയാണ് പ്രത്യക്ഷ ജനാധിപത്യം എന്ന് പറയുന്നത്.

ജനങ്ങള്‍ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് ജനപ്രതിനിധികളിലൂടെയുള്ള ഭരണസമ്പ്രദായമാണ് പരോക്ഷ ജനാധിപത്യം.

പ്രത്യക്ഷ ജനാധിപത്യത്തിന് കീര്‍ത്തികേട്ട രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. പതിമൂന്നാം നൂറ്റാണ്ടില്‍തന്നെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനങ്ങള്‍ നിയമനിര്‍മാണം നടത്തുന്ന രീതി ആരംഭിച്ചിരുന്നു. 1847ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഭരണഘടനയില്‍ 'റഫറണ്ടം' നടത്തുന്നതിനുള്ള ചട്ടം കൊണ്ടുവന്നു. അതായത് ഭരണവ്യവസ്ഥയെ തിരിച്ചുവിളിക്കാന്‍ ജനങ്ങള്‍ക്കുള്ള അവകാശം.

പ്രായപൂര്‍ത്തി വോട്ടവകാശം ആദ്യമായി നടപ്പാക്കിയ രാജ്യം

പ്രായപൂര്‍ത്തി വോട്ടവകാശം സാര്‍വത്രികമായ രീതിയില്‍ ആദ്യമായി നടപ്പാക്കിയ രാജ്യം ന്യൂസീലന്‍ഡാണ്, 1893ല്‍. എന്നാല്‍ 1886ല്‍ തവോലാറ എന്ന ദ്വീപില്‍ പരിമിതമായ രീതിയില്‍ പ്രായപൂര്‍ത്തി വോട്ടകവാശം നടപ്പാക്കിയിട്ടുണ്ട്

ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പാക്കിയത്

ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശം ആദ്യമായി നടപ്പാക്കിയത് 1950ലാണ്. അതിന്‍പ്രകാരം തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം കേരളമാണ് 1957 ല്‍. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയും ഇന്ത്യയിലും ലോകത്തിലെതന്നെയും കേരളത്തിലാണ്. അതായത്, ഇ.എം.എസ്. മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ.

ജനാധിപത്യ സൂചിക

ഓരോ രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെ അവസ്ഥ മനസ്സിലാക്കുന്നതിനുള്ളതാണ് ജനാധിപത്യ സൂചിക. അറുപത് സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ജനാധിപത്യ സൂചിക തിട്ടപ്പെടുത്തുന്നത്. 2019-ലെ കണക്കനുസരിച്ച് നോര്‍വേക്കാണ് ജനാധിപത്യ സൂചികയില്‍ ഒന്നാം റാങ്ക്  സ്‌കോര്‍ 9. 6.90 സ്‌കോറോടുകൂടി ഇന്ത്യ 51-ാം സ്ഥാനത്താണ്.


Content Highlights: International democracy day 2020, Democracy in world