തൊരു ദിനാചരണവും കേവലം ഓർമപ്പെടുത്തലിനുമാത്രമല്ല വിഭാവനം ചെയ്തിരിക്കുന്നത്. സമൂഹത്തിന്റെ വിചിന്തനത്തിനുവേണ്ടിക്കൂടിയാണ്. ആ നിലയിൽ ഏറെ പ്രാധാന്യമർഹിക്കുന്നൊരു ദിനാചരണമാണ് 'ലോക വയോജനദിനം' ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോകമെങ്ങും ഒക്ടോബർ ഒന്ന് വയോജനദിനമായി ആചരിക്കുന്നു.

ലക്ഷ്യങ്ങൾ

വയോജനങ്ങൾ നേരിടുന്നതും ഭാവിയിൽ നേരിടാൻ ഇടയുള്ളതുമായ വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവത്‌കരണത്തിനൊപ്പം ദീർഘമായ ജീവിതത്തിൽ സമൂഹത്തിനുനൽകിയ സംഭാവനകളെപ്രതി അവരെ അനുമോദിക്കലുമാണ് വയോജനദിനാചരണം ലക്ഷ്യമിടുന്നത്.

ദിനത്തിന് പ്രായം 30

യു.എൻ. പൊതുസഭ ലോക വയോജനദിനം സംബന്ധിച്ച പ്രമേയം 1990 ഡിസംബർ 14-ന് വോട്ടിനിട്ട് പാസാക്കി. 1991 ഒക്ടോബർ ഒന്നിന് പ്രഥമ ലോക വയോജനദിനം ആചരിച്ചു. ഈ വർഷത്തേത് 30-ാമത് വയോജനദിനമാണ്.

2050-ൽ അഞ്ചിലൊന്ന് പ്രായമായവർ

അറുപതും അതിനുമേൽ പ്രായമുള്ളവരെയുമാണ് പൊതുവിൽ വയോജനങ്ങളായി കണക്കാക്കുന്നത്. നിലവിൽ 90 കോടി വയോജനങ്ങൾ ലോകത്തുണ്ട്. 2050-ൽ അവരുടെ അംഗസംഖ്യ 200 കോടി കവിയും എന്നും കണക്കാക്കുന്നു. അപ്പോൾ ലോകജനസംഖ്യയിൽ അഞ്ചിലൊന്ന് വയോജനമായിരിക്കും. ഏഷ്യയിലും ആഫ്രിക്കയിലുമായിരിക്കും വയോജനസംഖ്യ ഏറ്റവുംകൂടിയ നിരക്കിൽ ഉയരുക. അവിടങ്ങളിൽ ഇപ്പോൾ ഉള്ളതിന്റെ മൂന്നിരട്ടിയായിമാറും വയോജനത. 2050-ൽ ഓസ്ട്രേലിയ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലാവട്ടെ പ്രതീക്ഷിക്കുന്ന വർധന 20മുതൽ 84 ശതമാനം വരെയും.

ഇന്ത്യയിൽ 10.4 കോടി; കേരളത്തിൽ 48 ലക്ഷം

ഏറ്റവും ഒടുവിലത്തെ കണക്കെടുപ്പുപ്രകാരം ഇന്ത്യയിലെ വയോജനസംഖ്യ 10.4 കോടി. 5.30 കോടി സ്ത്രീകളും 5.1 കോടി പുരുഷന്മാരും. ആകെ ജനസംഖ്യയുടെ 8.3 ശതമാനം വയോജനം. കേരളത്തിൽ 48 ലക്ഷം വയോജനമുണ്ട്. ആകെ ജനസംഖ്യയുടെ 13.1 ശതമാനം വരുമിത്. സംസ്ഥാനത്തെ വയോജനങ്ങളിൽ 15 ശതമാനത്തിലേറെ 80 വയസ്സിന് മുകളിലുള്ളവരാണ്.

പെൻഷൻകാർ 20 ശതമാനത്തിൽ താഴെ

ലോക വയോജനതയിൽ 20 ശതമാനത്തിൽതാഴെ മാത്രമാണ് സർവീസ് പെൻഷനോ വാർധക്യപെൻഷനോ ലഭിക്കുന്നത്. അതിനർഥം വയോജനങ്ങളിൽ മഹാഭൂരിപക്ഷവും സാമ്പത്തികമായി പൂർണമായും പരാശ്രയത്തിലാണ് എന്നും. മുക്കാൽപങ്കും വയോജനങ്ങളും ഗ്രാമങ്ങളിലാണ് വാസം.

കോവിഡിന്റെ തടവറയിൽ

പറഞ്ഞറിയിക്കാൻ കഴിയാത്ത ഭയവും പലവിധ പ്രതിസന്ധികളുമാണ് കോവിഡ് മഹാമാരിമൂലം ലോകമെങ്ങുമുള്ള വയോജനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. ആരോഗ്യപരമായ ആശങ്കകൾക്കപ്പുറം പട്ടിണി, വിവേചനം, ഒറ്റപ്പെടൽ എന്നിവയ്ക്കും വയോജനം പാത്രീഭൂതരായിക്കൊണ്ടിരിക്കുന്നു. വികസ്വര-അവികസിത രാജ്യങ്ങളിലാണ് സ്ഥിതി ഗുരുതരം.

അന്റോണിയോ ഗുട്ടെറസ്, (യു.എൻ. സെക്രട്ടറി ജനറൽ)

Content Highlights: International Day for Older Persons Celebrated by UN, Old age