ചെറിയ ക്ലാസ്സുകൾ മുതൽ മനുഷ്യ ശരീരത്തിലെ ഓരോ ഭാഗങ്ങളും അവയുടെ ധർമങ്ങളുമെല്ലാം കൂട്ടുകാർ പഠിക്കുന്നുണ്ടല്ലോ? ശരിക്കും പറഞ്ഞാൽ നമ്മൾ മനുഷ്യരുടെ ശരീരം ഒട്ടേറെ കൗതുകങ്ങളുടെ കലവറയാണ്. ഓരോ അവയവങ്ങൾക്കും പല ധർമങ്ങളും പ്രത്യേകതകളുമാണുള്ളത്. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള അത്തരം ചില കൗതുകം നിറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കാം.

* വായു, ജലം, ഭക്ഷണം എന്നീ മൂന്നു ഘടകങ്ങളാണ് പ്രധാനമായും മനുഷ്യ ശരീരത്തിനാവശ്യം. വായുവിലെ ഓക്സിജനാണ് മനുഷ്യൻ ശ്വസിക്കുന്നത്. ഒരാൾ ശ്വസിക്കുന്ന ഓക്സിജന്റെ 25 ശതമാനവും ഉപയോഗിക്കുന്നത് തലച്ചോറാണ്. ഓക്സിജനില്ലാതെ മൂന്നു മിനിറ്റ് വരെയേ സാധാരണ മനുഷ്യർക്ക് പിടിച്ചു നിൽക്കാനാകൂ. വായുവിന് പുറമേ ജലമാണ് ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഘടകം. ധാരാളം വെള്ളം കുടിക്കുന്നത് വഴി ശരീരത്തിലെ ഈർപ്പം നിലനിർത്താൻ സാധിക്കുന്നു. ജലമില്ലാതെ പരമാധി അഞ്ചു ദിവസം വരെ മാത്രമേ നമുക്ക് ജീവിക്കാനാകൂ. കഴിക്കുന്ന ഭക്ഷണത്തിന് ലഭിക്കുന്ന ഊർജമാണ് എല്ലാ പ്രവർത്തികളും ചെയ്യാൻ നമുക്ക് കരുത്ത് നൽകുന്നത്. ഒരിക്കൽ കഴിക്കുന്ന ഭക്ഷണം പൂർണമായും ദഹിക്കാൻ 12 മണിക്കൂറെങ്കിലും എടുക്കും. ശാരീരിക ചലനങ്ങൾ ഈ പ്രക്രിയയുടെ വേഗത കൂട്ടും. ഭക്ഷണമില്ലാതെ ഒരു മനുഷ്യന് 40 ദിവസം വരെ ജീവിക്കാം.

* മറ്റേതൊരു ജീവിയുടെ തലച്ചോറിനെക്കാളും മൂന്നുമടങ്ങ് വലിപ്പമുള്ളതാണ് മനുഷ്യന്റെ തലച്ചോറ്. ഈ പ്രത്യേകത കൊണ്ടു തന്നെയാണ് സ്വന്തമായി ചിന്തിക്കാനും പ്രവർത്തികൾ ചെയ്യാനും മനുഷ്യന് സാധിക്കുന്നത്. നമ്മൾ ഉണർന്നിരിക്കുന്ന സമയത്തെക്കാൾ ഉറങ്ങുമ്പോഴാണ് തലച്ചോർ പ്രവർത്തനക്ഷമമാകുന്നത്. ലോകത്തുള്ള ഓരോ മനുഷ്യർക്കും വ്യത്യസ്തമായ വിരലടയാളമാണുള്ളതെന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് നാവിന്റെ അടയാളവും. ഭൂമിയിൽ ഓരോരുത്തരുടെയും നാവിന്റെ അടയാളം വ്യത്യസ്തമായിരിക്കും.

* നമ്മളുടെ ഒരു തുമ്മലിലെ സ്രവകണങ്ങൾക്ക് മണിക്കൂറിൽ 161 കിലോമീറ്റൽ വേഗതയിൽ സഞ്ചരിക്കാനാകും. അതിനാൽത്തന്നെയാണ് കൊറോണക്കാലത്ത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും അടച്ച് പിടിക്കണമെന്ന് ഡോക്ടർമാർ നമ്മളോട് പറയുന്നത്. ഒരു ദിവസം ഒരു ലിറ്റർ ഉമിനീർ വരെ നമ്മുടെ വായ ഉൽപ്പാദിപ്പിക്കാറുണ്ട്. മനുഷ്യ ശരീരത്തിലെ ശരാശരി താപനില 36.9 ഡിഗ്രി സെൽഷ്യസാണ്.

* ഹൃദയമാണ് മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശുദ്ധരക്തത്തെ പമ്പു ചെയ്യാൻ ഹൃദയം ഉപയോഗിക്കുന്ന മർദ്ദം അന്തരീക്ഷത്തിലാണ് പ്രയോഗിച്ചിരുന്നതെങ്കിൽ 9 മീറ്റർ ഉയരത്തിൽ വരെ രക്തം പമ്പു ചെയ്യപ്പെട്ടേനെ. പൂർണ വളർച്ചയെത്തിയ പുരുഷന്റെ ഹൃദയത്തിന് 300 ഗ്രാമും സ്ത്രീയുടെ ഹൃദയത്തിന് 250 ഗ്രാമുമാണ് ഭാരമുണ്ടാകുക. നവജാത ശിശുവിന്റെ ഹൃദയത്തിന് 100 ഗ്രാം വരെയാകും ഭാരം.

* ശരീരത്തിലെ പേശികളാണ് സുഗമമായ ചലനത്തിന് വഴിയൊരുക്കുന്നത്. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശിയുള്ളത് ഇടുപ്പിലാണ്. കാലുകളുയർത്താനും താഴ്ത്താനും സഹായിക്കുന്നത് ഈ പേശിയാണ്. ശരീരത്തിലെ ഏറ്റവും ചെറിയ പേശി ചെവിയിലാണുള്ളത്. 1.27 മില്ലിമീറ്റർ വലിപ്പം മാത്രമുള്ള ഈ പേശി, ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയായ സ്റ്റേപ്പ്സിനെ സന്തുലിതമാക്കി നിർത്താൻ സഹായിക്കുന്നു.

* പൂർണ വളർച്ചയെത്തിയ മനുഷ്യന് 206 അസ്ഥികളാണുള്ളത്. എന്നാൽ നവജാത ശിശുക്കളിൽ ഇത് 300 എണ്ണമാകും. ശിശു വളരുന്നതിനനുസരിച്ച് എല്ലുകൾ കൂടിച്ചേർന്ന് 206 എണ്ണമായി മാറും. നവജാത ശിശുക്കൾ ഒരു മിനിറ്റിൽ ഒന്നോ രണ്ടോ തവണ മാത്രമേ കണ്ണു ചിമ്മാറുള്ളൂ. എന്നാൽ പൂർണ വളർച്ചയെത്തിയ ഒരു വ്യക്തി 10 തവണ വരെ കണ്ണു ചിമ്മും. ഒരു മാസമെങ്കിലും പ്രായമായ ശേഷം മാത്രമേ ശിശുക്കളിൽ നിന്ന് കണ്ണുനീർ പുറത്തുവരൂ. ഒരു മനുഷ്യൻ ജനിക്കുന്നതു മുതൽ അയാൾ മരിക്കുന്നത് വരെ ചെവി, മൂക്ക് എന്നിവ വളർന്നുകൊണ്ടേയിരിക്കും. ഓരോ വർഷവും 4 കിലോയോളം ത്വക്ക് കോശങ്ങൾ ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെടാറുണ്ട്.

Content Highlights: Interesting Facts about Human Body for kids