വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമിടയിൽ പരീക്ഷയുടെ ചൂടേറുന്ന കാലമാണിത്. പുതുവഴികളിലൂടെയുള്ള പഠനരീതികളുമായി മുന്നേറുകയാണ് ഇന്നത്തെ തലമുറ...

പരീക്ഷ എന്നത് ഒരു അവസരമാണ്. വർഷങ്ങളായി നമ്മൾ നേടിയ അറിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം. വർഷങ്ങളായി പഠിച്ച ഒരു കലാരൂപം വേദിയിൽ അവതരിപ്പിക്കുമ്പോഴുള്ള ടെൻഷൻ പോലും പരീക്ഷ എഴുതാൻ വേണ്ട. പുതിയ വിദ്യാഭ്യാസ രീതി പ്രകാരം കുട്ടികളറിയാതെ പഠനത്തോടൊപ്പം ഒരു ഒഴുക്കിൽ പരീക്ഷയും നടന്നുപോകണമെന്നാണ്. അതുകൊണ്ടുതന്നെ ടെൻഷൻ എന്ന വാക്കിന് പ്രസക്തിയില്ലെന്ന് ചൈൽഡ് കൗൺസലറും ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ വി.രാധാകൃഷ്ണൻ പറയുന്നു.

ആദ്യം എന്ത് പഠിക്കണം

ഇഷ്ടമുള്ള വിഷയമാണോ...അതോ ബുദ്ധിമുട്ടുള്ള വിഷയമാണോ ആദ്യം പഠിക്കേണ്ടതെന്നാണ് പലരുടേയും സംശയമെന്ന് അധ്യാപകരും കൗൺസലർമാരും പറയുന്നു. അത്‌ പലർക്കും പല രീതിയിലാണ് എന്നതാണ് സത്യം. ചിലർക്ക് ഇഷ്ടമുള്ള വിഷയം ആദ്യം പഠിക്കുന്നത് വഴി ഒരുപാട് സമയം പഠിക്കാനും ഏകാഗ്രത കൂടെക്കൂട്ടാനും സാധിക്കും. തലച്ചോർ നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്യും.

അതേസമയം, ചിലർക്ക് കഠിനഭാഗം പഠിക്കാനാവും താത്പര്യം. കഠിനഭാഗം പഠിച്ച് തീർക്കുന്നതുവഴി ആത്മവിശ്വാസം ലഭിക്കുകയും തുടർന്ന് പഠിക്കാൻ ആവേശം ഉണ്ടാവുകയും ചെയ്യും.

ബോറടിച്ചാൽ ഇഷ്ടമുള്ള വിഷയം കുറച്ചുസമയം വായിച്ചിട്ട് വീണ്ടും തിരിച്ചുപോകാനും സാധിക്കും. ഒരുസമയത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാനോ പഠിക്കാനോ പോയാൽ ഒന്നും നടക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെറുതെ സമയം പോവുന്നത് മാത്രമാവും മിച്ചം. ആയതിനാൽ എപ്പോഴും ഒരേയൊരു കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നതാണ് നല്ലത്.

പഠന സമയത്ത് ഭക്ഷണം വാരിവലിച്ച് കഴിക്കരുത്. ഇടയ്ക്കിടയ്ക്ക് കൊറിക്കുന്നതും നല്ലതല്ല. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം.ആവിയിലുള്ള ഭക്ഷണമാണ് രാവിലെ നല്ലത്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത്‌ ക്ഷീണം തോന്നാതിരിക്കാൻ സഹായിക്കും.

പരീക്ഷയ്ക്ക് തോറ്റുപോകുമോ എന്നാലോചിച്ച് ടെൻഷനടിക്കുന്ന കുട്ടികളുടെ എണ്ണം ഇന്ന് കുറവാണെന്നാണ് ഭൂരിഭാഗം അധ്യാപകരുടെ അഭിപ്രായം. പിന്നെ ചെറിയ ടെൻഷൻ കാണുന്നത് എല്ലാ വിഷയത്തിലും എ പ്ലസ് നേടാൻ ശ്രമിക്കുന്നവരിലാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മോഡൽ പരീക്ഷകൾ കഴിഞ്ഞാൽ അവരും പറയും: പരീക്ഷപ്പേടിയോ, ഇതൊക്കെ നിസ്സാരം...

എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടത്തും. അതിനുമുൻപായി അവസാനവട്ട ഒരുക്കത്തിലാണു കുട്ടികൾ. പല സ്കൂളുകളിലും നിശാ ക്ലാസും ആരംഭിച്ചിട്ടുണ്ട്. പരീക്ഷയെ പേടിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് അധ്യാപകർ പറയുന്നു. കൃത്യമായ സിലബസ്, ചിട്ടയായ പഠനം, സംശയം തീർക്കാൻ അധ്യാപകർ, സ്പെഷ്യൽ ക്ലാസ്, സമഗ്ര അടക്കമുള്ള വിദ്യാഭ്യാസ പോർട്ടലിന്റെ സഹായവും ഉണ്ട്.

പഠിച്ചുകഴിഞ്ഞില്ല, ഇനിയും ഒരുപാടുണ്ട്, എപ്പോൾ പഠിച്ചുതീരും എന്നിങ്ങനെയുള്ള ചിന്തയിലൂടെയാണ് പരീക്ഷ ക്കാലയളവിൽ ഭൂരിഭാഗം വിദ്യാർഥികളും കടന്നുപോകുന്നത്. ടെൻഷനടിച്ചതുകൊണ്ട് ഒരുനേട്ടവുമില്ല എന്നറിയാമെങ്കിലും എസ്.എസ്.എൽ.സി. പരീക്ഷയല്ലേ വെറുതെ ടെൻഷനടിച്ചേക്കാം എന്നു വിചാരിക്കുന്നവരുമുണ്ട്. പരീക്ഷയെ കൂളായി നേരിടാൻ ധാരാളം മാർഗങ്ങളുണ്ടെന്നു പറയുന്നു കൗൺസലിങ് രംഗത്ത് പ്രവർത്തിക്കുന്നവർ...

ടൈംടേബിൾ സൂക്ഷിക്കാം

Balabhumi
ബാലഭൂമി വാങ്ങാം

പരീക്ഷയുടെ ഒരുദിവസമോ രണ്ട് ദിവസമോ മുൻപ് പഠിക്കാം എന്ന ചിന്ത ഒഴിവാക്കി ആദ്യം മുതലേ ചിട്ടയോടെ പഠിക്കുന്ന ഒരാൾക്ക് സമയം വളരെ എളുപ്പത്തിൽ ക്രമീകരിക്കാം. തുടക്കം മുതലേ സമയക്രമീകരണം ഉണ്ടെങ്കിൽ പരീക്ഷ അടുക്കുമ്പോൾ സുഖമായി രണ്ടും മൂന്നും തവണ റിവിഷൻ നടത്താനും കഴിയും. നാളെ എന്നതിനു പകരം ഇന്ന് എന്ന ആപ്തവാക്യം എന്നും മനസ്സിൽ ഉണ്ടാവണം. ഒരു ദിവസം എങ്ങനെ ചിട്ടയോടെ പ്രയോജനപ്പെടുത്താം എന്ന ധാരണ ഓരോരുത്തർക്കും ഉണ്ടായിരിക്കണം. ക്യത്യമായി ടൈംടേബിൾ ഉണ്ടാക്കുന്നതോടെ ചിട്ടയായി പഠിക്കാൻ കഴിയും എന്നതിൽ ഒരു തർക്കവുമില്ല.

പ്രയാസം തോന്നുന്ന വിഷയത്തിന് കൂടുതൽ സമയം നൽകണം. ഇടയ്ക്കിടയ്ക്ക് ടൈംടേബിൾ പരിഷ്കരിക്കുന്നത് വഴി ചെറിയ ചെറിയ ബോറടികൾ മാറ്റാനും സാധിക്കും. അതേസമയം, പഠനം പോലെ വിശ്രമവും വിനോദവും ശരീരത്തിന് അത്യാവശ്യമാണെന്ന് മറക്കണ്ട.

യാത്രചെയ്യുമ്പോൾ

കോളേജിലേക്കുള്ള യാത്ര, ട്രാഫിക്, ആസ്പത്രി അങ്ങനെ സമയം നഷ്ടപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങളും നമുക്ക് ചുറ്റുമുണ്ട്. ഈ സമയം എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്നാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. പഠിച്ചിട്ടും ഓർമ്മയിൽനിൽക്കാത്ത സൂത്രവാക്യങ്ങൾ, തത്ത്വങ്ങൾ, ഉദ്ധരണികൾ തുടങ്ങിയവ ചെറിയ കാർഡുകളിൽ എഴുതി സൂക്ഷിച്ചുവെച്ചാൽ ഈ സമയത്ത് ഓർമ പുതുക്കാം.

മൊബൈലിൽ പഠന ഭാഗങ്ങൾ റെക്കോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതും ഈ സമയത്ത്‌ കേൾക്കാം. തിരക്കേറിയ ഒരു ബസ്സിൽ നിന്ന് യാത്രചെയ്യുമ്പോൾ പോലും ഈ ടെക്നിക്ക് ഉപയോഗിച്ച് സമയലാഭം നേടാം. പരീക്ഷയ്ക്കായി സ്കൂളിലേക്ക് യാത്ര ചെയ്യുമ്പോൾ പഠിച്ച കാര്യങ്ങൾ മനസ്സിലൊന്ന് ഓർക്കുന്നതും നല്ലതാണ്.

വിശ്രമം, വിനോദം, ഉറക്കം

പരീക്ഷ എന്നു കേൾക്കുമ്പോഴേ ടെൻഷനടിക്കേണ്ട കാര്യമില്ല. പരീക്ഷയും പഠനത്തിന്റെ ഭാഗമാണെന്നു ചിന്തിക്കുക. കുട്ടികളെ സ്വതന്ത്രമായി വിടുക. കുറേനേരം പഠിച്ചുകഴിഞ്ഞ് അരമണിക്കൂർ വെറുതെ കണ്ണടച്ചിരിക്കണം. പഠിച്ച കാര്യങ്ങൾ ഓർക്കുക. വിദ്യാർഥികൾ എത്ര സന്തോഷത്തോടെയിരിക്കുന്നോ, അത്രയും ഗുണം പരീക്ഷാഫലത്തിലുമുണ്ടാകുമെന്ന് അധ്യാപകർ പറയുന്നു.

പരീക്ഷയടുക്കുമ്പോൾ ഒരിക്കലും ഉറക്കമൊഴിച്ചിരുന്നു പഠിക്കരുത്. ധാരാളം സമയം ഉറങ്ങണം. നന്നായി ഉറങ്ങിയതിനുശേഷം പഠിക്കാൻ ഇരിക്കുക. രാത്രി അധികസമയം ഇരുന്ന് പഠിക്കുന്നത് പരമാവധി ഒഴിവാക്കുക.

കുട്ടികൾക്ക് എപ്പോഴാണോ പഠിക്കാൻ താത്പര്യം ആ സമയത്തിന് പ്രാധാന്യം നൽകുക. ട്യൂഷൻ ഉണ്ടെങ്കിൽ പത്ത് ദിവസം മു​േന്ന നിർത്തണം. പരീക്ഷയ്ക്കായി സ്വയം തയ്യാറാകാൻ കുട്ടികളെ പ്രേരിപ്പിക്കണം. കുട്ടികളെ റിഫ്രഷ് ചെയ്യിക്കുന്നതിനായി അവരെ ഇഷ്ടമുള്ള സിനിമ കാണിക്കാനും മറ്റും കൊണ്ടുപോകണം. എന്തുവന്നാലും ഒപ്പമുണ്ടെന്നു രക്ഷിതാക്കൾ ബോധ്യപ്പെടുത്തിയാൽത്തന്നെ പരീക്ഷാഭയമൊക്കെ മറന്ന് ഉന്മേഷത്തോടെ കാര്യങ്ങളെ നേരിടാൻ കുട്ടികൾ തയ്യറാകും.

പഠനത്തോടൊപ്പം പ്രാധാന്യമുള്ള മറ്റൊന്നാണ് സന്തോഷകരമായ ഇടവേളകൾ. പഠിക്കുന്ന സമയം അതിനായി പൂർണമായി മാറ്റിവെക്കുകയും മറ്റു സമയത്ത് കളിക്കാനും വ്യായാമം ചെയ്യാനും നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും സമയം കണ്ടെത്തുകയും ചെയ്യുന്നതിലാണ് വിജയം. ഓരോ ഇടവേളയും ആനന്ദകരമാക്കാൻ മറ​ക്കേണ്ടെന്ന് സാരം.

മൊബൈൽ നോക്കാം... പഠിക്കാനായി

പരീക്ഷയുടെ സമയത്ത് മൊബൈലും കമ്പ്യൂട്ടറുമൊക്കെ നോക്കണോ? തീർച്ചയായും നോക്കാം.... ഫെയ്സ്ബുക്കും വാട്സാപ്പും ഉപയോഗിക്കാനല്ല.. പഠിക്കാനാവശ്യമായ കൂടുതൽ വിവരങ്ങൾ കണ്ടെത്താനും മുൻകാല ചോദ്യപേപ്പറുകളും മറ്റും ലഭിക്കാനും പഠനസഹായികളായ ഒട്ടേറെ ആപ്ലിക്കേഷനുകൾ നോക്കാനുമായി മൊബൈൽ ഉപയോഗിക്കാം. ചിലത് ഇതാ:

'സമഗ്ര' വിദ്യാഭ്യാസ പോർട്ടൽ

പുസ്തകത്തിൽ ഓരോ വിഷയത്തിന്റെ ഒപ്പവും ക്യു.ആർ. കോഡ് ഉണ്ട്. സ്കാൻ ചെയ്താൽ ബന്ധപ്പെട്ട ക്ലാസുകളുടെ വീഡിയോ കാണാം. പി.ഡി.എഫ്. ഫയലുകളും ചോദ്യങ്ങളുടെ മാതൃകകളും ഇതിലുണ്ട്.

കേരള എസ്.എസ്.എൽ.സി. ലേണിങ് ആപ്പ് (ബ്രെയിൻസ്)

ധാരാളം വിദ്യാർഥികൾ ബ്രെയിൻസ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഊർജതന്ത്രം, രസതന്ത്രം, കണക്ക് വിഷയങ്ങളുടെ 15 മിനിറ്റ് വീഡിയോ ലഭിക്കും. ഇംഗ്ലീഷിലും മലയാളത്തിലും വിഷയങ്ങൾ ലഭ്യമാകും. മുൻകാല ചോദ്യപേപ്പറുകളും ഉൾപ്പെടും.

ഇ-പാഠശ്ശാല

എൻ.സി.ഇ.ആർ.ടി.യുടെ ആപ്പാണിത്. ഡിജിറ്റൽ ഇന്ത്യ കാമ്പയിന്റെ ഭാഗമായാണ് ഇ പാഠശ്ശാല ആപ്പ് വികസിപ്പിച്ചത്. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന്റെയും കൂടി സംരംഭമാണിത്. പാഠപുസ്തകങ്ങൾ, പാഠഭാഗങ്ങളുടെ ഓഡിയോ, വീഡിയോ ഉൾപ്പെടെ ലഭിക്കും.

എസ്.എസ്.എൽ.സി. ടോപ്പർ

എസ്.എസ്.എൽ.സി. ടോപ്പർ കേരളയിൽ ഇംഗ്ലീഷ്, മലയാളം സിലബസുകളിലുള്ള പാഠഭാഗങ്ങൾ പഠിക്കാം. മോഡൽ ചോദ്യങ്ങളും മുൻകാല ചോദ്യപേപ്പറുകളും ലഭിക്കും.

പഠിക്ക്... പഠിക്ക്... പറയാതെ

പഠിക്ക്, പഠിക്ക് എന്നും പറഞ്ഞ് കുട്ടികളെ ടെനേടിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിക്കരുത്. എന്തിനുവേണ്ടി പഠിക്കുന്നുവെന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കാൻ ശ്രമിക്കണം. ഭാവിയിൽ എന്താകണം എന്ന തീരുമാനം എടുക്കാൻ സ്വയം അവസരം നൽകുക. എപ്പോഴും പ്രചോദനാത്മകമായ വാക്കുകളിലൂടെ അവരോടൊപ്പം നിൽക്കുക. പരീക്ഷ അടുത്ത സമയങ്ങളിൽ ഒരുകാരണവശാലും കുട്ടികളെ വഴക്കുപറയുകയോ ദേഷ്യപ്പെടുകയോ ചെയ്യരുത്. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടുന്നതിനായി നിർബന്ധിക്കരുത്. ഓരോ കുട്ടിയുടെയും ഐ.ക്യു. ലെവൽ വ്യത്യസ്തമാണ്. എല്ലാ വിഷയങ്ങളും ഒരുപോലെ പഠിക്കാൻ എല്ലാ കുട്ടികൾക്കും സാധിക്കണമെന്നില്ല. ഇഷ്ടമുള്ള വിഷയം കൂടുതൽ പഠിക്കാൻ അനുവദിക്കണം.

Content Highlights: How to get over exam stress, tension and be positive for exams