ലോകത്തിലെ ഏറ്റവും നീളമുള്ള ജീവികളാണ് ജിറാഫുകളെന്ന കാര്യം കൂട്ടുകാർക്കറിയാമല്ലോ? നല്ല ഉയരത്തിലുള്ള മരങ്ങളിലെ ഇലകളെല്ലാം സ്വന്തം നാവുനീട്ടി അനായാസേന അകത്താക്കുന്ന ഇക്കൂട്ടർക്ക് പക്ഷേ നിലത്തുള്ള പുല്ല് കഴിക്കാൻ ഒരൽപം പണിപ്പെടേണ്ടി വരാറുണ്ട്. അങ്ങനെ കഷ്ടപ്പെട്ട് നിലത്തു നിന്ന് പുല്ല് കഴിക്കുന്ന ഒരു ജിറാഫിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരു പുൽമൈതാനത്ത് നിന്ന് പുല്ലുകഴിക്കുന്ന ജിറാഫിനെ വീഡിയോയിൽ കാണാം. ഇരുകാലുകളും അകത്തി, തല താഴേക്ക് കൊണ്ടുവന്നാണ് ആശാൻ പുല്ല് അകത്താക്കുന്നത്. തനിക്കാവശ്യമുള്ള പുല്ല് മുഴുവൻ കഴിച്ചുകഴിഞ്ഞ് കാലുകൾ പൂർവ സ്ഥിതിയിലാക്കുന്നുമുണ്ട് ജിറാഫ്. ഒറ്റനോട്ടത്തിൽ വ്യായാമ മുറകൾ ചെയ്യുകയാണെന്നേ ഈ ജിറാഫിനെക്കണ്ടാൽ തോന്നൂ.

ഡാനിയേൽ ഹോളണ്ടെന്നയാളാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ജിറാഫ് എങ്ങനെയാണ് പുല്ല് കഴിക്കുന്നതെന്ന് ഞാൻ ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ലായിരുന്നു. പക്ഷേ ഇത് അതിഗംഭീരമായിക്കുന്നു''വെന്ന അടിക്കുറിപ്പോടെയാണ് ഏഴു സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഈ ജിറാഫ് വ്യായാമം ചെയ്യുകയല്ല, മറിച്ച് തനിക്കേറ്റവും ഇഷ്ടപ്പെട്ട പുല്ല് കഴിക്കുകയാണെന്ന' അടിക്കുറിപ്പോടെ ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുധാ രാമനും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് പേരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്.

Content Highlights: Giraffe eating grass in a meadow, video goes viral